കുഞ്ഞുണ്ടാകാൻ യോജിച്ച പ്രായം 30കൾ; കാരണം അറിയണ്ടേ

ഗര്‍ഭം ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? എല്ലാവരുടെയും സംശയമാണ് ഇത്. പണ്ടൊക്കെ പതിനെട്ടു തികയുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയ്ക്കുമായിരുന്നെങ്കില്‍ ഇന്ന് അതൊക്കെ മാറി. പതിനെട്ടില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ എന്ന നിലയിലേക്ക് പെണ്‍കുട്ടികളുടെ ചിന്താഗതി മാറിക്കഴിഞ്ഞു. മുപ്പതാം വയസ്സില്‍ പോലും ഇന്ന് പെണ്‍കുട്ടികള്‍ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നില്ല എന്നതാണ് സത്യം. 

പ്രായമേറുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യതയും മങ്ങുമെന്ന് ഉപദേശിക്കുന്നവരോട് ഐശ്വര്യറായും കരീന കപൂറും അമ്മയായ പ്രായം നാല്‍പതുകളില്‍ ആണല്ലോ എന്നു തിരിച്ചു ചോദിക്കുന്നു. എന്നാല്‍ ഒന്നോർക്കുക്ക അവരൊക്കെ അത്രത്തോളം ആരോഗ്യപരിപാലനവും ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ്. നാൽപ്പതുകളിലും അവര്‍ ഫിറ്റ്‌ ആന്‍ഡ്‌ ഹെല്‍ത്തി ആണെന്നതു മറക്കരുത്. 

ഏതാണ് അമ്മയാകാന്‍ നല്ല പ്രായം?  അതില്‍ സംശയം വേണ്ട. മുപ്പതുകള്‍ക്കു മുന്‍പുതന്നെ എന്ന് ഡോക്ടർമാര്‍ പറയുന്നു. മുപ്പതു വയസ്സിനു ശേഷം പ്രത്യുല്പാദനശേഷി കുറയും എന്നത് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. നാൽപ്പതു വയസ്സിനു ശേഷമുള്ള ഗര്‍ഭം ആരോഗ്യപരമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. 

40 വയസ്സിനു ശേഷം ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗര്‍ഭം ധരിക്കാനുള്ള പ്രയാസം തന്നെയാണ്. ഇനി ഗര്‍ഭിണിയായാല്‍ തന്നെ ജനതികപ്രശ്നങ്ങള്‍, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയെല്ലാം ഉണ്ടാകാം. 25%  മാത്രമാണ് 40നു ശേഷം ഗര്‍ഭിണിയാകാന്‍ സാധ്യത എന്നോര്‍ക്കുക. 30കളില്‍ ഇത് 75% ആണ്. 

പ്രമേഹം, രക്തസമ്മര്‍ദം, കുഞ്ഞിന്റെ ഭാരക്കുറവ് എന്നിവയെല്ലാം 40കളിലെ പ്രശ്നമാണ്.  ജോലിത്തിരക്കുകള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ചെറുപ്പകാലത്ത് അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചു വെയ്ക്കുന്ന രീതി ഇന്ന് വിദേശരാജ്യങ്ങളില്‍ കാണുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രായം നാല്‍പതുകളില്‍ എത്തിയാല്‍ പോലും ഒരു കുഞ്ഞു വേണമെന്ന് തോന്നുമ്പോള്‍ ഈ അണ്ഡം ഉപയോഗിച്ചു ഗര്‍ഭം ധരിക്കാന്‍ സാധിക്കും. എന്നാല്‍ ഇതത്ര എളുപ്പം ആണെന്ന് കരുതേണ്ട. വളരെയധികം പണച്ചെലവുള്ള സംഗതിയാണ്. വിജയസാധ്യതയും കുറവാണ്.

കാര്യം എന്താണെങ്കിലും എപ്പോള്‍ മാതാപിതാക്കള്‍ ആകണം എന്നത് സ്ത്രീയുടെയും പുരുഷന്റെയും താൽപര്യമാണ്. ആരോഗ്യകരമായൊരു ഗര്‍ഭകാലവും കുഞ്ഞുമാണ്  സ്വപ്നമെങ്കില്‍ അത് 30കള്‍ക്ക് മുന്‍പ് തന്നെ ആകുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.

Read More: Health News