ഇന്ത്യ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം

ഇന്ത്യയിൽ ഒരു സ്ത്രീ ആയിരിക്കുക എന്നത് ഏറ്റവും അപകടം ആണെന്ന് ഒരു സർവേഫലം. ലൈംഗികാതിക്രമങ്ങൾക്കും അടിമപ്പണിക്കുമുള്ള സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യവും  ഇന്ത്യയാണെന്നും സർവേ പറയുന്നു. 

‘ദി തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ’ പുറത്തുവിട്ട സർവേ ഫലത്തിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അപകടകരമാം വിധം കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്നു കണ്ടു. ലോകത്ത് സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകൻ, എൻജിഒ പ്രവർത്തകർ, പോളിസി മേക്കേഴ്സ് തുടങ്ങി 550 ഓളം പേരിലാണ് സർവേ നടത്തിയത്. 

വീട്ടു ജോലിക്കായുള്ള മനുഷ്യക്കടത്ത്, നിർബന്ധിതമായ ജോലിയെടുപ്പിക്കൽ‌, നിർബന്ധിത വിവാഹം, ലൈംഗിക അടിമത്തം ഇവയും കൂടുതൽ ഇന്ത്യയിൽ തന്നെ. 

സ്ത്രീകളെ ബാധിക്കുന്ന മറ്റു ചില കാര്യങ്ങളിലും ഇന്ത്യ മുന്നിൽ തന്നെ. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പേരു പറഞ്ഞ് ബാലവിവാഹം, സ്ത്രീകളിലെ ചേലാകർമം ഇവ നടത്തുന്നതായും സർവേഫലം പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള ആസിഡ് ആക്രമണങ്ങൾ, ശാരീരികാക്രമം ഇവയിലും ഇന്ത്യയ്ക്കു തന്നെ ഒന്നാംസ്ഥാനം.

ഏഴു വർഷം മുൻപ് ഇതേ സർവേ നടത്തിയപ്പോൾ അപകടകരമായ രാജ്യങ്ങളിൽ ഏഴാം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ.  

ആദ്യ പത്ത് രാജ്യങ്ങളിൽ ഒൻപതും ഏഷ്യൻ രാജ്യങ്ങൾ ആണെന്നതും ശ്രദ്ധേയം. പത്താം സ്ഥാനത്തുള്ള യു.എസ് മാത്രമാണ് ഒരേയൊരു പാശ്ചാത്യ രാജ്യം. 

സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത, അപകടകരമായ പത്തു രാജ്യങ്ങൾ ഇതാ. 

1. ഇന്ത്യ

2. അഫ്ഗാനിസ്ഥാൻ

3. സിറിയ

4. സൊമാലിയ

5. സൗദി അറേബ്യ

6. പാകിസ്ഥാൻ

7. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

8. യെമൻ

9. നൈജീരിയ

10. യൂണൈറ്റഡ് സ്റ്റേറ്റ്സ്

ഇന്ത്യയിൽ തുടർച്ചയായി മാനഭംഗക്കേസുകൾ വന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ സർവേഫലവും പുറത്തു വരുന്നത്. പതിനാറും എട്ടും വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കെതിരെ നടന്ന അക്രമമാണ് ഒടുവിലത്തേത്. 

2012 –ൽ ഡൽഹിയിലെ കോളജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽത്സംഗം ചെയ്തു കൊന്ന സംഭവത്തിനുശേഷം ആയിരക്കണക്കിനു പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

ലൈംഗികാതിക്രമം, ബലാൽസംഗം, ലൈംഗിക ചൂഷണം ഇവയ്ക്കെല്ലാമുള്ള ശിക്ഷ ജീവപര്യന്തം ആയിരുന്നത് വധശിക്ഷയായി കേന്ദ്രഗവൺമെന്റ്  നിയമനിർമാണം നടത്തി. നിയമങ്ങൾ കർശനമാക്കിയിട്ടു കൂടി രാജ്യത്ത് ഒരു ദിവസം 100 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് നാഷണൽ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കു കൾ പറയുന്നു. 

Read More : Health News