ഗർഭിണികൾക്ക് ഇനി ജനിതക പരിശോധന

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഗർഭിണികൾക്ക് ജനിതക പരിശോധന നിർബന്ധമാക്കാൻ കേന്ദ്രം. തലസീമിയ, അരിവാൾ രോഗം എന്നീ ജനിതക വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ചികിൽസ ഉറപ്പാക്കുന്ന കരടു നയത്തിനാണു കേന്ദ്രസർക്കാർ രൂപം നൽകിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരടു നയം സംബന്ധിച്ച് 30 വരെ നിർദേശങ്ങൾ സ്വീകരിക്കും. തുടർന്ന് ഭേദഗതികൾ ഉൾപ്പെടുത്തി നയം അംഗീകരിക്കും.

ഗർഭിണികളുടെ ജനിതക പരിശോധന, ആവശ്യമെങ്കിൽ ഗർഭിണികളുടെ ഭർത്താക്കൻമാരുടെയും ജനിതക പരിശോധന എന്നിവ നടത്തും. തുടർന്ന് ആരോഗ്യസ്ഥിതി വിശദമാക്കുന്ന കാർഡ് വിതരണം ചെയ്യും. രോഗം സ്ഥിരീകരിച്ചാൽ ഗർഭാവസ്ഥയിൽതന്നെ ചികിൽസ നടത്തി ഗർഭസ്ഥ ശിശുവിലേക്കു രോഗം പകരുന്നതു തടയും.

ദരിദ്രരായ രോഗികൾക്കു അയൺ ഗുളികകൾ ഉൾപ്പെടെയുള്ള മരുന്നുകൾ, ഇൻഫ്യൂഷൻ പമ്പുകൾ എന്നിവ സൗജന്യമായി ലഭ്യമാക്കുമെന്നു കരടു നയം പറയുന്നു. ഇതിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ നിർമിക്കും. 

പകർച്ചവ്യാധികളും പോഷകാഹാരക്കുറവും മൂലമുള്ള ശിശുമരണ നിരക്ക് ഇപ്പോൾ വളരെക്കുറവാണ്. എന്നാൽ, ജനിതക രോഗങ്ങൾ ശിശുക്കളുടെ ജീവനു ഗുരുതര ഭീഷണിയാണ്. തലസീമിയ ബാധിച്ച 15,000 കുട്ടികളാണ് രാജ്യത്തു വർഷംതോറും ജനിക്കുന്നത്.

Read More : Health News