സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ബ്രാ എത്തുന്നു

ഇന്ന് സ്ത്രീകളെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്. എങ്കില്‍പ്പോലും രോഗം കണ്ടെത്താന്‍ വൈകുന്നതും അജ്ഞതയും രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് മെക്സിക്കോയിലെ ഒരു വിദ്യാര്‍ഥിനി. സ്തനാര്‍ബുദം കണ്ടെത്താന്‍ ഒരു പുതിയ തരം ബ്രായാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. 'ഇവ' എന്നാണു ജൂലിയന്‍ റിയോസ് എന്ന വിദ്യാര്‍ത്ഥി വികസിപ്പിച്ച ഈ ബ്രായുടെ പേര്. 

രണ്ടു വട്ടം ഈ രോഗം തന്റെ അമ്മയില്‍ പിടിമുറുക്കിയതോടെയാണ് ജൂലിയന്‍ ഇത്തരമൊരു കണ്ടുപിടുത്തത്തിലേക്ക് എത്തിയത്. രോഗം കണ്ടെത്താന്‍ വൈകിയതു മൂലം ചികിൽസ വൈകിയതിനാല്‍ അമ്മയുടെ രണ്ടു സ്തനങ്ങളും നീക്കം ചെയ്യേണ്ടി വന്നെന്നും ജൂലിയന്‍ പറയുന്നു. 

ബ്രായ്ക്കുള്ളിലെ കപ്പിന്റെ രൂപത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതൊരു മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ തുടങ്ങി അഞ്ചു മിനിറ്റിള്ളില്‍തന്നെ ഉപയോഗിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിക്കും.

മാമ്മറി ഗ്ലാൻഡുകളിലെ തെര്‍മല്‍ പാറ്റേൺ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  35-40 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഗുണകരമാകുന്നത്. മാമോഗ്രമിനെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തില്‍ നടത്താവുന്ന ഒരു ടെസ്റ്റ്‌ എന്ന നിലയ്ക്കാണ് ഈ പരീക്ഷണം. യാതൊരു വിധത്തിലെ റേഡിയേഷനും ഈ ഉപകരണം പുറംതള്ളുന്നില്ല എന്നതും പ്രത്യേകതയാണ്. 200 ഓളം ബയോസെന്‍സറുകള്‍ ആണ് 'ഇവ' യില്‍ ഉള്ളത്. 

സ്തനത്തിന്റെ ഉള്ളിലെ ടിഷ്യൂകളില്‍ അധികമായി ചൂട് അനുഭവപ്പെടുന്നത് എവിടെയാണെന്നാണ് ഇത് നിര്‍ണയിക്കുന്നത്. അധികമായി ചൂട് ഉണ്ടെങ്കില്‍ അവിടെയുള്ള രക്തക്കുഴലുകളില്‍ എന്തോ തകരാറുകള്‍ ഉണ്ടെന്നാണ് അര്‍ഥം. അതായത് അവിടെ കാന്‍സര്‍ വളര്‍ച്ച ഉണ്ടായേക്കാം എന്നാണു നിഗമനം. അതായത്  breast temperature അടിസ്ഥാനമാക്കിയാണ് 'ഇവ' പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ 'ഇവ' വിപണിയില്‍ ലഭ്യമായിട്ടില്ല.  Mexican Social Security Institute (IMSS) യും  Salud Digna association നുമായും ചേര്‍ന്ന് നിലവില്‍ ജൂലിയന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. 2019–ഓടെ രാജ്യത്തെ വിവിധ സെന്ററുകളുമായി ചേര്‍ന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ജൂലിയന്‍.