സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിനായി നോ ബ്രാ ഡേ

വസ്ത്രം എന്നും സ്ത്രീ ശരീരത്തെ ചോദ്യം ചെയ്യാനുള്ള വഴികളിലൊന്നാണ്. ഇറക്കവും നീളവും വണ്ണവും നോക്കി വിമർശന മുനമ്പെറിയുവാൻ അശ്ലീലക്കണ്ണിന്റെ അയപൊട്ടിക്കാൻ കാത്തിരിക്കുന്നവർ ഇതറിയുക. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി അവൾ നോ ബ്രാ ഡേ ആഘോഷിച്ചു. ഒരാളല്ല, ഒരു രാജ്യത്തല്ല, ലോകത്തുള്ള സ്ത്രീകൾ മുഴുവൻ ഇതാഘോഷിച്ചു. ശരി തെറ്റുകളിലേക്കും ശാസ്ത്രീയമായ നിരീക്ഷണങ്ങളിലേക്കും ഇറങ്ങിച്ചെല്ലും മുൻപ് അവർ പങ്കുവച്ച വാക്കുകളിലധികവും സ്തനത്തെ പൊതിഞ്ഞു നിർത്തുന്ന ഈ വസ്ത്രത്തിനെതിരായിട്ടായിരുന്നു. ഒരു സ്ത്രീ ഏറ്റവുമധികം പറയുന്ന വാക്കുകളിലൊന്ന്, കംഫർട്ട്, അവർ ഈ പ്രവൃത്തിയിൽ ആസ്വദിക്കുന്നുവെന്നാണ് പറഞ്ഞത്. മറിച്ചുള്ള അഭിപ്രായങ്ങൾക്കും ഒട്ടും കുറവില്ലെങ്കിലും സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് നോ ബ്രാ ഡേ.

സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം വരച്ചിടുന്നതിൽ സ്തനങ്ങളുടെ അളവുകോലുകൾ വലിയ ഘടകം തന്നെ. സ്‌തനങ്ങളുടെ രൂപഭംഗി നിലനിർത്തുന്നതിലെന്നപോലെ ആരോഗ്യത്തിന്റെ കാര്യത്തിലും ബ്രേസിയറിന്റെ ശരിയായ ഉപയോഗം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇറുകിപ്പിടിച്ച ബ്രേസിയറുകൾ അണിഞ്ഞ് അവയവത്തെ ഫിറ്റ് ആക്കി നിർത്താമെന്ന് ചിന്തിക്കുന്നവർ ഒന്നറിയുക, ആ ഭാഗത്തെ രക്തയോട്ടത്തെ ഗുരുതരമായി ഈ അറിവില്ലായ്മ ബാധിക്കും. സന്ധിവീക്കത്തിലേക്കാകും അത് ചെന്നെത്തുക.

വെറുമൊരു വസ്ത്രം മാത്രമല്ല, ബ്രേസിയർ എന്നറിയുക. ഇതുപോലെ ബ്രേസിയറിനെ കുറിച്ച് നമ്മളറിയാത്ത കാര്യങ്ങൾ ഏറെയാണ്. നോ ബ്രാ ഡേ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സെലിബ്രിറ്റികൾ പലരും പോസ്റ്റ് ചെയ്തു. ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചങ്കൂറ്റമുണ്ടാകുമെന്ന് ചിന്തിക്കുവാൻ വയ്യ. പക്ഷേ ഒന്നറിയുക, ശരീര ഘടനയറിഞ്ഞ്, അമ്മയാകുമ്പോൾ , കുഞ്ഞിന് മുലയൂട്ടുമ്പോൾ പ്രായം കടന്നു പോകുമ്പോൾ അങ്ങനെ മാറ്റങ്ങളറിഞ്ഞ് ഈ വസ്ത്രത്തെ തിരഞ്ഞെടുക്കണം എന്നു നമ്മോടു പറയുകയാണ് ഈ ഡേ.

വെറുമൊരു വസ്ത്രം, സ്ത്രീയുടെ ജൈവികത്വം തലമുറകളിലേക്ക് പകർന്ന പുണ്യം കാൻസർ പോലുള്ള രോഗങ്ങളെ വിളിച്ചു വരുത്തുവാനുള്ള ഉപാധിയാകാതിരിക്കുവാൻ ശ്രദ്ധിക്കാം...അതാകട്ടെ ഈ ദിനത്തിൽ നിന്ന് ഓരോ പെൺമനസും വായിച്ചെടുക്കുന്നത്.