അകറ്റിനിർത്താം, സ്തനാർബുദത്തെ

നമ്മുടെ രാജ്യത്തടക്കം സ്‌തനാർബുദം കൂടിവരുന്നെന്നാണു കണക്കുകൾ പറയുന്നത്. ഒക്ടോബർ സ്തനാർബുദ പ്രതിരോധ മാസമായി ആചരിക്കുന്നുമുണ്ട്. പാരമ്പര്യസ്വഭാവമുള്ള രോഗമാണിത്. അഞ്ചു മുതൽ 10% വരെയാണു പാരമ്പര്യമായി രോഗം പിടിപെടാനുള്ള സാധ്യത.

നേരത്തേ ആർത്തവമായവർ(12 വയസിനു മുൻപ്), കുട്ടികളില്ലാത്തവർ, ആദ്യ പ്രസവം 30 വയസിനു ശേഷമായവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു സ്‌തനാർബുദം ബാധിക്കാനുള്ള സാധ്യതയേറും. മദ്യത്തിന്റെ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവയും സാധ്യത വർധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡിന്റെ കാലത്തു നമ്മുടെ പെൺകുട്ടികളിൽ അമിത വണ്ണം കൂടിവരികയാണെന്നതും ആർത്തവ പ്രായം കുറയുന്നതും ഇതിനോടു ചേർത്തു വായിക്കാം. എന്നാൽ കുട്ടികളെ നന്നായി മുലയൂട്ടുന്നതു സ്‌തനാർബുദ സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സ്‌തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന തെന്നിമാറാത്ത മുഴകളാണു പ്രധാന ലക്ഷണം. സ്‌തനഞെട്ടുകളിൽ നിന്നു രക്‌തം കലർന്നതോ അല്ലാത്തതോ ആയ സ്രവം, സ്‌തനഞെട്ടുകൾ അകത്തേക്കു വലിഞ്ഞിരിക്കുക, രണ്ടു സ്‌തനങ്ങളും തമ്മിൽ കാഴ്‌ചയിലുള്ള വ്യത്യാസം, സ്‌തന ചർമത്തിൽ അസ്വാഭാവികമായ തടിപ്പുകളും പാടുകളും. ഈ ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കുന്നതു നല്ലതാണ്.

മൂന്നു തരത്തിലുള്ള പരിശോധനകളാണു രോഗം കണ്ടെത്താൻ നിലവിലുള്ളത്. ഏറ്റവും എളുപ്പം സ്വയം പരിശോധനയാണ്.

ആശുപത്രികളിൽ ഡോക്‌ടർ നടത്തുന്ന സ്‌തന പരിശോധനയും മാമോഗ്രഫിയുമാണു മറ്റു രണ്ടു പരിശോധനകൾ. എക്‌സ്‌റേ പരിശോധനയാണു മാമോഗ്രഫി.

സ്വയം പരിശോധനയിലൂടെ അർബുദം ആണോയെന്നു സംശയം തോന്നിയാൽ മാമോഗ്രഫി ചെയ്‌തു രോഗമുണ്ടോ എന്നു കണ്ടെത്താം. 20– 39 വയസിനിടയിലുള്ള കാലത്തു മൂന്നു വർഷത്തിലൊരിക്കൽ സ്‌തന പരിശോധന നടത്തണമെന്നാണു ഡോക്‌ടർമാർ നിർദേശിക്കുന്നത്. 40 വയസു മുതൽ മാമോഗ്രഫി നടത്തി നോക്കണമെന്നും.

കൊഴുപ്പു കുറഞ്ഞതും നാരുകൾ, ഫൈറ്റോകെമിക്കൽസ്, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈറ്റോ ഈസ്‌ട്രജൻസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ് ഇവ അടങ്ങിയതുമായ ഭക്ഷണം അർബുദസാധ്യത കുറയ്ക്കും. തൊലിമാറ്റിയ കോഴിയിറച്ചി, മുട്ടയുടെ വെള്ള, പാടമാറ്റിയ പാൽ, മോര്, ചെറുമീനുകൾ എന്നിവ പേടിയില്ലാതെ കഴിക്കാം.

ഇലക്കറികൾ, കാരറ്റ്, മത്തങ്ങ, പപ്പായ, മധുരക്കിഴങ്ങ്, മാങ്ങ, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, പേരയ്‌ക്ക, മുളപ്പിച്ച പയറുവർഗങ്ങൾ, ബ്രൊക്കോളി, ബദാം, ധാന്യങ്ങൾ, കക്ക, കടൽമൽസ്യം, ഉള്ളി, ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, ഓട്‌സ്, കുരുമുളക്, കടുക്, ചേന, ചേമ്പ്, കാച്ചിൽ, സോയാബീൻസ്, മത്തി, അയല, ചൂര തുടങ്ങിയ മീനുകൾ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം.