അമ്മൂമ്മയുടെ പോഷകാഹാരക്കുറവ് പേരക്കുഞ്ഞിനെ ബാധിക്കുമോ?

അമ്മ ഭക്ഷണം കഴിക്കാതിരുന്നാൽ കുഞ്ഞിനെ ബാധിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ. എന്നാൽ ഗർഭിണിയായിരിക്കുന്ന സമയത്ത് അമ്മയ്ക്കുണ്ടാകുന്ന പോഷകാഹാരക്കുറവ് കുഞ്ഞിനെ മാത്രമല്ല അടുത്ത തലമുറയെയും ബാധിക്കും എന്നാണ് ലണ്ടനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗർഭധാരണസമയത്ത് അമ്മ അനുഭവിക്കുന്ന പോഷകാഹാരക്കുറവ് വരും തലമുറകളിലും ദൂഷ്യഫലങ്ങൾ ഉണ്ടാക്കും എന്നത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ അനിവാര്യത നമ്മെ വീണ്ടും ഓർമപ്പെടുത്തുന്നു.

അമ്മയുടെ പോഷകാഹാരക്കുറവ് കൂടുതലായും ബാധിക്കുന്നത് പെൺമക്കളെയാണ്. പോഷകാഹാരം വേണ്ട പോലെ കഴിക്കാത്ത സ്ത്രീകളുടെ പെൺമക്കൾക്ക് അണ്ഡോൽപാദനശേഷി കുറവായിരിക്കുമെന്നും ഇതു മൂലം ഇവരുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നുമാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്‍ജിലെ ഗവേഷകരുടെ കണ്ടെത്തൽ. ഇവർക്കു വന്ധ്യതയ്ക്കുള്ള സാധ്യതയും കൂടുതലാണത്രേ.

എലികളിലാണ് ഇതുസംബന്ധിച്ച ആദ്യ പരീക്ഷണം നടന്നത്. വേണ്ടത്ര പോഷകാഹാരങ്ങൾ ലഭിക്കാതെ പിറന്ന എലികളിൽ പിന്നീട് മറ്റ് എലികളെ അപേക്ഷിച്ച് അണ്ഡോൽപാദനം കുറഞ്ഞ തോതിലാണെന്ന് കണ്ടെത്തി. അണ്ഡോൽപാദനവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന യുവതികളെ പരിശോധിച്ചപ്പോൾ അവരുടെ അമ്മമാർക്കു സമയത്ത് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായി പഠനങ്ങളിൽ നിന്നു വ്യക്തമായി.

ഗർഭിണിയായിരിക്കുന്ന സമയത്ത് അനാവശ്യമായി ഭക്ഷണം വലിച്ചുവാരിക്കഴിച്ച് അമിതവണ്ണമുണ്ടായിരുന്ന അമ്മമാരുടെ പെൺമക്കളിലും പിന്നീട് അണ്ഡോൽപാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്ന് പഠനങ്ങൾ അവകാശപ്പെടുന്നു. അമ്മയാകാൻ പോകുന്ന യുവതികൾ അവരുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തിയാൽ മാത്രമേ ആരോഗ്യമുള്ള വരുംതലമുറകളുണ്ടാകൂ എന്നു ചുരുക്കം.