സിസേറിയൻ വേണോ നോർമൽ വേണോ?

Image Courtesy : Vanitha Magazine

ഗർഭിണിയാകുമ്പോൾ തന്നെ തുടങ്ങുകയായി സ്ത്രീകൾക്ക് പ്രസവത്തെക്കുറിച്ചുള്ള ആധി. പത്തുമാസത്തെ ആശങ്കയുടെ കാലം പിന്നിടുമ്പോൾ മുന്നിലതാ ഒരു ചോദ്യം, ഡെലിവറി നോർമൽ വേണോ സിസേറിയൻ വേണോ? ചില അടിയന്തിരസാഹചര്യങ്ങളിൽ ഡോക്ടർമാർ തന്നെ സിസേറിയൻ വേണമെന്നു നിർദേശിക്കാറുണ്ട്. എന്നാൽ ഇന്നു പല സ്ത്രീകളും നോർമൽ ഡെലിവറിക്കു കാത്തുനിൽക്കാൻ തയാറല്ല. സിസേറിയൻ വേണമെന്നു വാശി പിടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആഗ്രയിൽ നടന്ന ഗൈനക്കോളജിസ്റ്റുകളുടെ സമ്മേളനത്തിൽ ഡോക്ടർമാർ വ്യക്തമാക്കി.

വേദന സഹിക്കുന്നതിനുള്ള വിമുഖതയും പ്രസവത്തെ സംബന്ധിച്ചുള്ള ഭയവും മൂലമാണ് പല സ്ത്രീകളും സിസേറിയനു വേണ്ടി നിർബന്ധം പിടിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന പ്രസവങ്ങളിൽ 40 ശതമാനവും സിസേറിയൻ രീതിയിൽ ആണ്. എന്നാൽ അയൽരാജ്യമായ നേപ്പാളിലാകട്ടെ വെറും എട്ടുശതമാനം പ്രസവങ്ങൾ മാത്രമാണ് സിസേറിയൻ. മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സിസേറിയൻ നിരക്ക് താരതമ്യേന കുറവാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലത് സ്വാഭാവിക പ്രസവം

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളിലാണ് സാധാരണപ്രസവം കൂടുതൽ. ഇവർ കൂടുതൽ ശാരീരിക അധ്വാനമുള്ളവരായതുകൊണ്ട് പ്രസവസമയത്ത് വേദനയും താരതമ്യേന കുറവാണ്. സിസേറിയൻ തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് ഭാവിയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും സമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാർ അറിയിച്ചു. ഒരു രാജ്യത്തെ സിസേറിയൻ നിരക്ക് ആ രാജ്യത്തെ ആകെ പ്രസവങ്ങളുടെ 15 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ അവിടത്തെ സ്ത്രീകളുടെ ആരോഗ്യനിലയിലെ അപകടകരമായ പ്രവണതയെ ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.