Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭസ്ഥശിശുവിന്റെ കണ്ണീർ പറച്ചിൽ

foetus

ഒന്നു ചെവിയോർത്തേ, ഗർഭസ്ഥശിശുവിന്റെ കരച്ചിൽ നിങ്ങൾ കേൾക്കുന്നില്ലേ! എന്തുകൊണ്ടെന്നല്ലേ, ഗർഭാവസ്ഥയിൽ നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും ഭ്രൂണാവസ്ഥയിലുള്ള ആ കുഞ്ഞിനെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അമ്മേ... എനിക്കു വേണ്ടി ഇതൊക്കെയൊന്നു നിർത്തൂ... എന്നു പറയാതെ പറയുകയാണ് ആ കുഞ്ഞു ഭ്രൂണം. ഏതൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയേണ്ടേ...

1. ജങ്ക്ഫുഡ് വേണ്ട

junkfood

ഗർഭാവസ്ഥയിൽ ആഗ്രഹം തോന്നുന്നതെന്തും കഴിക്കണമെന്ന ഒരു വിശ്വാസമുണ്ട്. ഇതു പലരും മുതലെടുത്ത് കാണുന്ന ജങ്ക്ഫുഡൊക്കെ വാരിവലിച്ചു കഴിക്കും. എന്നാൽ ഇതൊന്നും നിങ്ങളുടെ ഗർഭസ്ഥശിശുവിന് നന്നല്ലെന്ന് അറിയുക. പ്രത്യേകിച്ചും ഗർഭാവസ്ഥയുടെ ആദ്യത്തെതും അവസാനത്തേതുമായ മാസങ്ങളിൽ. അതുകൊണ്ട് ജങ്ക്ഫുഡുകൾ ഒഴിവാക്കി പകരം പോഷകപ്രദങ്ങളായ ആഹാരങ്ങൾ കഴിച്ച് കുഞ്ഞിനേയും സന്തോഷിപ്പിച്ചോളൂ.

2. കൗൺസലിങ് വേണ്ട

councelling

ഗർഭാവസ്ഥയുടെ ആദ്യമാസങ്ങളിൽ കൗൺസലിങ്ങിനു വിധേയരാകുന്നവരുടെ എണ്ണം കൂടിവരുന്നതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ബന്ദിത സിൻഹ പറയുന്നു. ആവശ്യമില്ലാതെയുള്ള ചിന്തകളും ധാരണകളും ഡിപ്രഷനിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കുന്നതിലുപരി ഇത് മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഈ ചിന്തകളെല്ലാം തന്നെ നേരിട്ട് കുഞ്ഞിലേക്കും എത്തുന്നുണ്ടെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ എപ്പോഴും സന്തോഷത്തോടെയും ഉല്ലാസവതിയായിരിക്കാനും ശ്രമിക്കുക.

3. ഉച്ചത്തിലുള്ള ശബ്ദവും ശോകഗാനങ്ങളും

music

ഉച്ചത്തിലുള്ള ശബ്ദവും ശബ്ദകലുഷിതമായതും ശോകം നിറഞ്ഞതുമായ ഗാനങ്ങളും കേൾക്കുന്നത് നല്ലതല്ല. ഇത് ഗർഭസ്ഥശിശുവിലും ഞെട്ടൽ ഉണ്ടാക്കുന്നുണ്ട്. ശാന്തമായ സംഗീതങ്ങൾ ആസ്വദിച്ചോളൂ, ഇതു കുഞ്ഞിനും നിങ്ങൾക്കും ഒരുപോലെ സാന്ത്വനം പകരും. സന്തോഷകരമായ പാട്ടുകൾ നിങ്ങളെയും പോസിറ്റീവാക്കും.

4. പുകവലിയും മദ്യപാനവും നിർത്തൂ

smoking

ഗർഭാവസ്ഥയിൽ നിങ്ങൾ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമ്പോൾ ആ കുഞ്ഞ് ഹൃദയം മന്ത്രിക്കുന്നുണ്ടാകും അമ്മേ... എനിക്കിതു വേണ്ടമ്മേ... എന്ന്. ഗർഭാവസ്ഥയിൽ ഇവ രണ്ടും അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഹാനികരമാണെന്ന് ഓർക്കുക. കുഞ്ഞിന് വളർച്ചാ വൈകല്യങ്ങളും ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോമും ഉണ്ടാക്കാനേ ഇവ രണ്ടും ഉപകരിക്കൂ.

5. ശരിയായ വ്യായാമം

exercise

ഗർഭിണിയായി, ഇനി ശരീരമനങ്ങുന്ന ജോലികളോ വ്യായാമങ്ങളോ പാടില്ല. മിക്കവരുടെയും ധാരണ ഇതാണ്. ഗർഭിണി ആണെന്ന് അറിയുമ്പോഴേ ബെഡ്റെസ്റ്റ് മാത്രം ശീലിക്കുന്നവരും കുറവല്ല. യൂട്രസിന് ഒരുപാട് സമ്മർദ്ദം ഏൽക്കാത്ത തരത്തിലുള്ള വ്യായാമങ്ങൾ ഗർഭകാലത്ത് ചെയ്യേണ്ടതാണ്. ഏതു വ്യായാമമായാലും ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം മാത്രം ചെയ്യുക. ഗർഭാവസ്ഥയുടെ 14–ാമത്തെ ആഴ്ച മുതൽ യോഗ ചെയ്യുന്നത് ഉത്തമമാണെന്ന് ഡോ. സിൻഹ പറയുന്നു.

6. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ക്ലാസുകൾ

pregnancy-class

ഗർഭിണികളെ അതുമായി പൊരുത്തപ്പെടാനും ഗർഭാവസ്ഥയിൽ ഉണ്ടാകാറുള്ള സംശയങ്ങൾ പരിഹരിക്കാനും മറ്റുമൊക്കെയായി നിരവധി ക്ലാസുകൾ നടത്താറുണ്ട്. ഓരോ മാസത്തിലെയും പരിണാമങ്ങളും കുഞ്ഞിന്റെ വളർച്ചയും ആഹാരരീതികളുമെല്ലാം ഇത്തരം ക്ലാസുകളിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ചില ആശുപത്രികളും ഇത്തരം ക്ലാസുകൾ നടത്താറുണ്ട്. ഇവയിൽ സംബന്ധിക്കുന്നത് അമ്മയ്ക്കും അതുവഴി കുഞ്ഞിനും ഗുണം ചെയ്യും.

7. ദീർഘദൂര യാത്രകൾ ഒഴിവാക്കാം

long-trip

മണിക്കൂറുകളോളം ഒരേപോലെ ഇരിക്കുന്നത് ഗർഭാവസ്ഥയിൽ നല്ലതല്ല. ആവശ്യത്തിനു വിശ്രമം ലഭിക്കേണ്ടതും അനിവാര്യമാണ്. ദീർഘദൂര യാത്രകൾ ഈ അവസ്ഥയിൽ കഴിവതും ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് യോജിച്ചത്. പ്രത്യേകിച്ച് ആദ്യത്തേയും അവസാനത്തേയും മൂന്നു മാസങ്ങളിൽ. ആദ്യത്തെ മൂന്നു മാസം ഗർഭം അലസാനും ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയേറെയാണ്. മാസം തികയാതെയുള്ള പ്രസവത്തിനും ഭ്രൂണത്തിന്റെ വളർച്ചയിൽ വിഘാതങ്ങൾ സൃഷ്ടിക്കാനും അവസാന മാസങ്ങളിലെ ദീർഘദൂര യാത്രകൾ കാരണമാകാറുണ്ട്.

8. ഗൂഗിളിനെ ആശ്രയിക്കേണ്ട

google-search

എന്തു സംശയം തോന്നിയാലും ഉടൻ ഗൂഗിളിൽ സെർച്ച് ചെയ്ത് വിവരങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. ഇതുവഴി നിങ്ങളുടെ സംശയത്തിന് മറുപടി ലഭിച്ചേക്കാം. പക്ഷേ ഇതുമായി ബന്ധപ്പെട്ട് വേറേ പല ചോദ്യങ്ങളിലേക്കും നിങ്ങൾ പോയിട്ടുണ്ടാകാം. ചിലപ്പോൾ ഇക്കൂട്ടത്തിൽ ഭീതിദമായ വർത്തകളും ഉണ്ടാകാം. അതുകൊണ്ടു തന്നെ ഏറ്റവും ശരിയായ മാർഗം എന്നു പറയുന്നത് നിങ്ങളുടെ സംശയങ്ങൾ ഗൈനക്കോളജിസ്റ്റിനോടു ചോദിക്കുക എന്നതാണ്. സെർച്ചിലൂടെ ഒരുപക്ഷേ നിങ്ങൾക്കു കിട്ടുന്ന തെറ്റായ വിവരങ്ങൾ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുകയും ഇത് ഗർഭസ്ഥശിശുവിനെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് എന്തിനും ഗൂഗിളിനെ ആശ്രയിക്കുന്ന സ്വഭാവം നിർത്തുക.

9. ആഹാരം ഒരാൾക്കുള്ളത് മതി

nutrious-food

പലപ്പോഴും പലരും പറയാറുള്ളതാണ് ഗർഭാവസ്ഥയാണ്. ഇനി രണ്ടു പേർക്കുള്ള ആഹാരം കഴിക്കണം. ഇത് ശരിക്കും ഒരു മിഥ്യാധാരണയാണ്. കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലടങ്ങിയ ആഹാരത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. പ്രോട്ടീൻ കൂടുതലായുള്ള ആഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ആഹാരത്തിന്റെ അളവിലല്ല, അതിൽ നിന്നു ലഭിക്കുന്ന പോഷകങ്ങളിലായിരിക്കണം ശ്രദ്ധ വേണ്ടത്. ബോഡി മാസ് ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് ആഹാരക്രമം നിശ്ചയിക്കപ്പെടേണ്ടത്. അണ്ടർ വെയ്റ്റായ ആളാണ് അമ്മയെങ്കിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്താം. എന്നാൽ മറിച്ചാണെങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടാകുന്നില്ല.

10. ഉറക്കത്തിലെ പൊസിഷനുകൾ

sleeping-position

നിങ്ങളുടെ ഓരോ ചനലങ്ങളും ഭ്രൂണത്തിന്റെ സ്ഥാനത്തെയും ബാധിക്കുന്നുണ്ട്. ഒരുവശം ചരിഞ്ഞുമാത്രം കിടന്ന് ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥകളിൽ ഭ്രൂണത്തിനു മേൽ സമ്മർദ്ദം ഏൽക്കുന്നുണ്ട്. ഏതൊക്കെ സ്ലീപിങ് പൊസിഷനുകളാണ് ഒഴിവാക്കേണ്ടതെന്ന് ഡോക്ടറോടു ചോദിച്ചു മനസിലാക്കുക. നിങ്ങളുടെ ചലനങ്ങളിലും ഏറെ ശ്രദ്ധ നൽകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.