ഞായറാഴ്ച വൈകിയുണർന്നാൽ

ഓഫിസിലോ കോളജിലോ പോകുന്ന ദിവസം രാവിലെ കൃത്യമായി അലാറം വച്ചെഴുന്നേൽക്കും. അതിന്റെ ക്ഷീണം മാറ്റുന്നത് ആഴ്ചയ്ക്കൊടുവിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഉച്ചിയിൽ വെയിലുദിച്ചാലും ഉറക്കംവിട്ടുണരാതെ മൂടിപ്പുതച്ചുകിടക്കും. എത്ര വൈകിയെഴുന്നേൽക്കാമോ അത്രയും വൈകി എഴുന്നേൽക്കും. ഇതാണ് മിക്കവരുടെയും ശീലം. എന്നാൽ ആഴ്ചയിലൊരിക്കൽ വൈകിയെഴുന്നേൽക്കുന്ന ശീലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമത്രേ. 

വാഷിങ്ടണിൽ നടന്ന പഠനങ്ങളാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഉറങ്ങുന്നതും ഉണരുന്നതും എല്ലാ ദിവസവും കൃത്യമായ സമയങ്ങളിൽ ആയിരിക്കണം. ഉറക്കസമയത്തിലെ കൃത്യതക്കുറവ് ഭാവിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകും. ഹൃദയത്തിന്റെ ആരോഗ്യം കാത്തുസംരക്ഷിക്കാൻ ഏറ്റവുമെളുപ്പം ശീലിക്കാവുന്ന ഒന്നാണിത്. ശരാശരി ആറുമണിക്കൂർ ഉറക്കമാണ് ഒരാൾക്കുവേണ്ടത്. 

എത്രസമയം ഉറങ്ങുന്നു എന്നതുപോലെ എപ്പോൾ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഉറക്കത്തിലുണ്ടാകുന്ന സമയവ്യതിയാനം നല്ല ഉറക്കം നഷ്ടപ്പെടുത്തുന്നു. ഉറക്കത്തിനിടയിൽ പലതവണ ഞെട്ടിയുണരുന്നതിനും ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനും കാരണമിതാണ്. ഇതൊക്കെയും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. 

അമേരിക്കയിൽ ആയിരത്തോളം മുതിർന്ന വ്യക്തികളുടെ ഉറക്കം സംബന്ധിച്ചു നടത്തിയ പഠനത്തിൽനിന്നാണ് നിഗമനം. ഉറക്കം മുറിഞ്ഞുപോകുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയരോഗങ്ങൾ കൂടുതലായി പിടിപെടുന്നുവെന്ന് കണ്ടെത്തി. ചുരുക്കത്തിൽ ഇനി എല്ലാദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാൻ ശീലിച്ചുകൊള്ളൂ. 

Read more: വേദനയില്ലാത്ത ഹാർട്ടറ്റാക്ക്