എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

കൊളസ്ട്രോൾ ഉള്ളവർ എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ സാധനങ്ങൾ കഴിക്കാൻ പാടില്ല, എണ്ണ ഉപയോഗിക്കാതിരുന്നാൽ അത്രയും നല്ലത്. കൊളസ്ട്രോൾ എന്നു കേൾക്കുമ്പോൾതന്നെ ആദ്യമേ പലരും പറയുന്നത് ഇതായിരിക്കും. പോരാത്തതിന് കൊളസ്ട്രോൾ ഫ്രീ എണ്ണ എന്നൊക്കെ പറഞ്ഞ് വിപണിയിലും പല എണ്ണകളും ലഭ്യമാണ്. യഥാർഥത്തിൽ എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

ശാസ്ത്രീയമായി പറഞ്ഞാൽ ഒരു എണ്ണയിലും കൊളസ്ട്രോൾ ഇല്ല. അപ്പോൾ  പിന്നെ, എണ്ണ ഉപയോഗിക്കുന്നതിലെന്താ തെറ്റ് എന്നു കരുതാം. എണ്ണയിൽ  കൊളസ്ട്രോൾ  ഇല്ലെങ്കിലും  ഫാറ്റി ആസിഡുകളുണ്ട്. പൊതുവേ, ഫാറ്റി ആസിഡുകളെ രണ്ടായി തിരിക്കാം. പൂരിതവും  അപൂരിതവും (സാച്ചുറേറ്റഡും അൺസാച്ചുറേറ്റഡും) ഇവയിൽ പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്തിയാൽ  ഒരു ഭാഗം ചീത്ത കൊളസ്ട്രോളായി മാറ്റപ്പെടും. വെളിച്ചെണ്ണെ, പാമോയിൽ എന്നിവ ഉദാഹരണം (പാമോയിലിലുള്ള പൂരിത കൊഴുപ്പിന്റെ അളവ്  വെളിച്ചെണ്ണയെ അപേക്ഷിച്ച് കുറവാണ്)എന്നാൽ, അപൂരിത കൊഴുപ്പുകളാണ് ഉള്ളിൽ ചെല്ലുന്നതെങ്കിൽ അവയിൽ ഒരു ഭാഗം  നല്ല കൊളസ്ട്രോളായി മാറ്റപ്പെടും. 

സൂര്യകാന്തി എണ്ണയിൽ  അപൂരിതകൊഴുപ്പാണുള്ളത്. തവിടെണ്ണ (റൈസ് ബ്രാൻ ഓയിൽ )യിൽ മൂന്നിൽ രണ്ടുഭാഗം അപൂരിതകൊഴുപ്പും ബാക്കി പൂരിതകൊഴുപ്പുമാണ്. എന്നാൽ  അപൂരിത കൊഴുപ്പുള്ള എണ്ണ എത്രവേണമെങ്കിലും ഉപയോഗിക്കാം എന്നർഥമാക്കരുത്. അപൂരിത കൊഴുപ്പാണെങ്കിലും ശരീരത്തിൽ അമിതമായ അളവിൽ എത്തിയാൽ ഒരു ഭാഗം മാത്രമേ ശരീരാവശ്യത്തിനുള്ള നല്ല കൊളസ്ട്രോളായി  മാറ്റപ്പെടുകയുള്ളു. ബാക്കി കുറേഭാഗം ശാരീരികപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം  ലഭിക്കാൻ ഉപയോഗിക്കും  മിച്ചം  വരുന്നത്  കൊഴുപ്പു രൂപത്തിൽ ശരീരത്തിൽ സൂക്ഷിക്കും ഇത് വളരെയേറെ അപകടകരമാണ്. അതുകൊണ്ട് പൂരിതഎണ്ണയായാലും  അപൂരിതഎണ്ണയായാലും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

Read more : ആരോഗ്യവാർത്തകൾ