നല്ല ഉറക്കത്തിന് നായ്ക്കുട്ടി

രാത്രി ഉറക്കം കുറവാണെന്ന പരാതിയാണോ? പല വഴികൾ പരീക്ഷിച്ചിട്ടും ഉറക്കം ശരിയായില്ലെന്നോ? എങ്കിൽ ഇതാ ന്യൂയോർക്കിലെ ഒരു സംഘം ഗവേഷകർ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, നായ്ക്കൾക്ക് നിങ്ങൾക്ക് നല്ല ഉറക്കം സമ്മാനിക്കാൻ കഴിയമത്രേ. 

മനസ്സിലായില്ല അല്ലേ? കിടക്കുന്ന മുറിയിൽ രാത്രി വളർത്തുമൃഗങ്ങളെ കൂടെ കിടത്തുകയാണെങ്കിൽ നന്നായി ഉറങ്ങാൻ കഴിയുമെന്നാണ് ന്യൂയോർക്കിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. നായ്ക്കുട്ടികൾ ആണത്രേ ഇതിന് ബെസ്റ്റ്. എന്നാൽ വളർത്തുമൃഗങ്ങൾ നിങ്ങളുടെ കട്ടിലിൽ കിടക്കുന്നത് ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നുണ്ട്. ഇവയെ നിങ്ങളുടെ മുറിയിൽ പ്രത്യേകം ഇടമുണ്ടാക്കി അവിടെ കിടത്തുകയാണു വേണ്ടത്. 

പൂച്ച, പട്ടി തുടങ്ങിയവയുടെ രോമങ്ങൾ അലർജിയുള്ളവർ ഇതു പരീക്ഷിക്കരുത്. കൊച്ചുകുഞ്ഞുങ്ങൾ ഉള്ളവരും ഇതു ചെയ്യരുത്. ന്യൂയോർക്കിൽ നാൽപതു വയസ്സിലധികം പ്രായമുള്ളവരിലാണ് ഇതു സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ഒറ്റയ്ക്കു കിടന്നുറങ്ങുമ്പോൾ ഇവർക്ക് പലപ്പോഴും നല്ല രീതിയിൽ ഉറക്കം ലഭിച്ചിരുന്നില്ല. എന്നാൽ ഏറ്റവും പ്രിയപ്പെട്ട വളർത്തുനായ് മുറിയിലുള്ളപ്പോൾ ഏകാന്തത തോന്നുന്നില്ലെന്ന് ഇവരിൽ പലരും അഭിപ്രായപ്പെട്ടു. സുരക്ഷിതത്വ ബോധവും ഒറ്റയ്ക്കല്ലെന്ന ആശ്വാസവും ഇവർക്ക് നല്ല ഉറക്കം നൽകിയത്രേ. അതുകൊണ്ട് ഇനി ഉറക്കം ലഭിക്കുന്നില്ലെങ്കിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കാം.