തൊഴിലിടങ്ങളിലെ മാനസികാരോഗ്യം

മാനസികാരോഗ്യമുള്ളവരാണോ നിങ്ങൾ? പ്രശ്നങ്ങളിലും, പ്രതിസന്ധികളിലും തളർന്നു പോകാതെ ആത്മവിശ്വാത്തിന്റെ കരുത്തോടെ പ്രശ്‌ങ്ങളെ കണാനും പരിഹരിക്കാനും അതിജീവിക്കാനും കഴിവുണ്ടോ നിങ്ങൾക്ക്. അതേ എന്നാണു ഉത്തരമെങ്കിൽ നിങ്ങൾക്കു നല്ല മാനസികാരോഗ്യമുണ്ടെന്നുവേണം കരുതാൻ.

ആഗോള വ്യാപകമായി എല്ലാ മനുഷ്യരേയും ഒരു പോലെ  അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണു മാനസികാരോഗ്യത്തിന്റെ അഭാവം. കുടുംബത്തിൽ, സ്കൂളിൽ, ജോലി സ്ഥലങ്ങളിൽ,പൊതു ഇടങ്ങളിൽ മാനസിക സമ്മർദ്ദം ഓരോ ദിവസവും കൂടി വരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്താകമാനം 300 മില്യൻ ആളുകൾ ഇന്നു വിഷാദത്തിന്റെ (Depression) പിടിയിലാണ്. ഏകദേശം 260 മില്യൻ ആളുകൾ ആകട്ടെ ഉത്കണ്ഠാ രോഗം(Anxiety disorder) മൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. ഇത് ഒരു ഓർമ്മപ്പെടുത്തലാണ് ശാരീരിക  ആരോഗ്യത്തിനോടൊപ്പം മനസ്സിന്റ  ആരോഗ്യത്തിനും  കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ.

തൊഴിലിടങ്ങളിലെ മാനസികാരോഗ്യമാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം. കുറഞ്ഞ ശമ്പളം, പെട്ടെന്നുള്ള ജോലി നഷ്ടപ്പെടൽ, അമിതമായ ജോലിഭാരം, വളരാനോ, മുന്നേറാനോ, ജോലിയിൽ സ്ഥാനകയറ്റം ലഭിക്കാനോ ഉള്ള അവസരം ഇല്ലായ്മ, കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതും വെല്ലുവിളിയുണർത്തുന്നതുമായ ജോലി സാഹചര്യങ്ങൾ, തൊഴിൽപരമായ ലിംഗവിവേചനം, ജോലിയേ സംബന്ധിച്ചുള്ള കാര്യങ്ങളിൽ സ്വയം അഭിപ്രായം പറയാനോ തീരുമാനം എടുക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങൾ, ജീവനോ സുരക്ഷക്കോ ഒട്ടും പ്രാധാന്യം കൊടുക്കാത്ത തൊഴിലിടങ്ങൾ.

ജോലിയെ സംബന്ധിച്ചുള്ള അമിത പ്രതീക്ഷയും മത്സരബുദ്ധിയോടെയുള്ള സമീപനവുമൊക്കെ മാനസിക സംഘർഷത്തെ കൂട്ടുകയും കുടുംബ ബന്ധത്തേയും വ്യക്തി ജീവിതത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരം മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുകയും പരിഹരിക്കുയും ചെയ്യേണ്ടതുണ്ട്. ഇല്ലായെങ്കിൽ ഇത് ഉല്പാദനത്തിനെ പ്രതികൂലമായി ബാധിക്കുകയും ഒരു രാജ്യത്തിന്റെ തന്നെ സാമ്പത്തികമായ വളർച്ചയ്ക്ക് വിഘാതമായി തീരുകയും ചെയ്യാം.

1. മാനസിക സംഘർഷമുണ്ടാക്കുന്ന സാഹചര്യങ്ങളെ കൃത്യമായി  തിരിച്ചറിയുകയാണു ആദ്യം വേണ്ടത്. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ചിന്ത,വികാരങ്ങൾ, പെരുമാറ്റം എന്നിവയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കി എടുക്കാനായാൽ നിങ്ങൾക്ക് നിങ്ങളെ സ്വയം  നിയന്ത്രിക്കാനാകും. മാനസിക സമ്മർദ്ദമുളവാക്കുന്ന വ്യക്തികളോടും സാഹചര്യങ്ങളോടും പ്രകോപനപരമായി പ്രതികരിക്കാതിരിക്കാൻ ഇത് സഹായം ചെയ്യും.

2. ജോലി മാത്രമാണ് എല്ലാം എന്ന ചിന്ത മാറ്റി വെക്കുക. ആവിശ്യത്തിനു വിശ്രമിക്കാനും, മാനസികോല്ലാസത്തിനുള്ള അവസരവും ഉണ്ടാക്കി എടുക്കുക.

3. ചെയ്യേണ്ട ജോലികൾ മുൻഗണനാക്രമത്തിൽ ലിസ്റ്റ് ചെയ്യുക. കൂടുതൽ പ്രാധാന്യമുള്ളതും വേഗം തീർക്കേണ്ടതുമായ കാര്യങ്ങൾ ആദ്യം തന്നെ ചെയ്ത് തീർക്കാൻ ശ്രമിക്കുക.

4. ജോലി സമ്മർദ്ദം കുറക്കുന്നതിനായി മദ്യത്തിലോ, മറ്റു ലഹരി പദാർത്ഥങ്ങളിലോ ആശ്രയിക്കാതിരിക്കുക. അല്പനേരത്തേയ്ക്കു ടെൻഷനെ മറികടക്കാൻ ഉപയോഗിക്കുന്ന ലഹരി മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർക്കുക.

5. ചെയ്തു തീർക്കേണ്ട ജോലി പിന്നത്തേയ്ക്കു മാറ്റി വെക്കുന്നത് എപ്പോഴും (Procastination) നല്ലതല്ല. ഇത് പിന്നീട് ജോലി ഭാരത്തെ കൂട്ടാനേ ഉപകരിക്കൂ.

6. ഒരു സമയപരിധിക്കുള്ളിൽ നിന്ന് കൊണ്ട്,കൃത്യമായി ചെയ്തു തീർക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള  ജോലികൾ ഏറ്റെടുക്കാതിരിക്കുക. എല്ലാം എന്നെ കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെന്നുള്ള അമിതാത്മവിശ്വാസം നല്ലതല്ല.

7.ഓരോ ദിവസത്തെയും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. ഇന്നു എന്തു ചെയ്യണം, ആരെ കാണണം എന്ന തരത്തിലുള്ള വ്യക്തമായ ധാരണ തൊഴിൽ പരമായ അമിത സംഘർഷത്തെ കുറയ്ക്കാൻ സഹായിക്കും.

8.തൊഴിൽ ഇടങ്ങളിലെ എല്ലാവരുമായി  സൗഹൃദപരമായി, യോജിച്ച് പ്രവർത്തിക്കാനും, ഇടപെടാനും ശ്രമിക്കുക, വ്യക്തിപരമായ പ്രശ്നങ്ങൾ, വിദ്വേഷം എന്നിവ ജോലിയെ തടസ്സം ചെയ്യാതെ പറഞ്ഞ് തീർക്കുക.

9.ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ വീട്ടിലേയ്ക്ക് കൊണ്ടു പോകാതിരിക്കുക. ഇത് കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടാകാനുള്ള കാരണമാകാം.

10. ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. ഒട്ടുമിക്ക ആൾക്കാർക്കും അവരവർ ഇഷ്ടപ്പെട്ട ജോലി ലഭിച്ചിട്ടില്ല എന്ന് ഓർക്കുക. മാനസിക സന്തോഷം നല്കുന്ന തൊഴിൽ ലഭിക്കുന്നതിനായി പരിശ്രമിച്ച് കൊണ്ടേയിരിക്കുക.

തൊഴില്‍ സംബന്ധമായ സമ്മര്‍ദ്ദം നമ്മുടെ ശരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് പരിഹരിക്കാൻ മേലുദ്യോഗസ്ഥർ ശ്രദ്ധ വെക്കേണ്ടതുണ്ട്.  ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക,തൊഴിൽ സ്ഥാപനങ്ങളിലെ ഉദ്യോസ്ഥരോടു ജീവനക്കാർക്കു തങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ തുറന്നു പറയാനുള്ള സാഹചര്യം നൽകുക, സഹപ്രവർത്തകരുമായി നല്ല ബന്ധങ്ങൾ നിലനിർത്താൻ പ്രോഹത്സാഹിപ്പിക്കുക. ജോലിസ്ഥലങ്ങളിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വിദഗ്ദരുടെ സേവനം ലഭ്യമാക്കുക എന്നിവ ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ലഭ്യമാക്കിയാൽ തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തെ നിലനിർത്താൻ കഴിയും.

Well Being >>