കുട്ടികളിലെ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. മുതിര്‍ന്നവരെക്കാള്‍ ഇന്ന് സ്മാര്‍ട്ട്‌ ഫോണും, കംപ്യൂട്ടറും ടാബ്‌ലറ്റുമെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്കറിയാം. പണ്ട് ഒഴിവുസമയങ്ങള്‍ ചെലവഴിച്ചിരുന്നത്‌ മുറ്റത്തും പറമ്പിലും കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചുമായിരുന്നു. എന്നാല്‍ ഇന്നോ? 

മിക്കകുഞ്ഞുങ്ങളും തങ്ങളുടെ ലോകം മൊബൈല്‍ ഫോണിലൂടെയാണ് കാണുന്നത്. ഗെയിമുകളും മറ്റും അവരെ അത്രയധികം സ്വാധീനിച്ചു കഴിഞ്ഞു. 

എന്നാല്‍ നമ്മള്‍ നിസ്സാരമായി കാണുന്ന ഈ കാര്യങ്ങള്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക്‌ സ്മാര്‍ട്ട്‌ ഫോണുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു പരിശോധിക്കാം. 

എന്തൊക്കെ ചെയ്യാം 

കുഞ്ഞുങ്ങള്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ അവര്‍ എന്തൊക്കെയാണ് കാണുന്നതെന്ന് നിര്‍ബന്ധമായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഏതൊക്കെ വിഡിയോ ഗെയിമുകള്‍, സിനിമകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ പരതുന്നത് എന്തൊക്കെ അങ്ങനെ എല്ലാം മാതാപിതാക്കളുടെ മേല്‍നോട്ടത്തിലാകണം. മാത്രമല്ല കുട്ടികളോടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കുക. അവര്‍ കാണുന്നതില്‍ നിന്നും അവര്‍ പഠിച്ച കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയാം.

 വെറുതെ അടിയും ഇടിയും മാത്രമുള്ള വിഡിയോ ഗെയിമുകള്‍ കാണാന്‍ വിടാതെ കുഞ്ഞുങ്ങള്‍ക്ക്‌ ഉപകാരപ്രദമായവ കാണാന്‍ അനുവദിക്കാം. ഉദാഹരണത്തിന് എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചകവിഡിയോകള്‍, നല്ല ശീലങ്ങള്‍ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വിഡിയോകള്‍ കാണിച്ചു കൊടുക്കാം.

അല്‍പനേരം ഫോണോ കംപ്യൂട്ടറോ നല്‍കിയ ശേഷം കുട്ടിയോട് ഇനിയല്‍പ്പം വിശ്രമമാകാം എന്നു പറയാം. ഈ സമയം പുറത്തു കളിക്കാനോ വിഡിയോയില്‍ കണ്ട പോലെ പൂന്തോട്ടം ഒരുക്കാനോ നിര്‍ദേശിക്കാം. ഇത്  കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും നല്‍കും. 

ഒഴിവാക്കേണ്ടവ 

ഒരിക്കലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു വാശി കാണിച്ചാല്‍ സാധിച്ചു കൊടുക്കരുത്. പുതിയതരം മൊബൈല്‍ ഫോണോ, ടാബോ വേണമെന്ന് കുഞ്ഞു വാശിപിടിച്ചാല്‍ അതിനു വഴങ്ങരുത്. കുട്ടികളോടുള്ള അമിതവാത്സല്യം നിമിത്തം മിക്കമാതാപിതാക്കളും അവരുടെ പിടിവാശികള്‍ സാധിച്ചു കൊടുക്കുകയാണ് പതിവ്. ഇത് കുട്ടികളില്‍ തെറ്റായ ചിന്തകള്‍ ഉണര്‍ത്തും. വാശി പിടിച്ചാല്‍ എന്തും സാധിക്കുമെന്ന ചിന്ത മുളയിലെ നുള്ളണം. 

സാധിച്ചു കൊടുക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ ആണെങ്കില്‍ അതിനു മുൻപായി ചെയ്തു തീര്‍ക്കേണ്ട നല്ല കാര്യങ്ങളെ കുറിച്ചു പറഞ്ഞുകൊടുക്കണം. അത് അവര്‍ ചെയ്‌താല്‍ മാത്രം ആഗ്രഹം സാധിച്ചു കൊടുക്കാം.

എന്തു സാഹചര്യമായാലും ശരി ഒരിക്കലും കുട്ടികളുടെ മുറിയില്‍ ഒരുതരത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചു കംപ്യൂട്ടര്‍. മാതാപിതാക്കളുടെ കണ്‍വെട്ടത്തു വേണം കുട്ടികള്‍ കംപ്യൂട്ടര് ഉപയോഗിക്കേണ്ടത്. അതുപോലെ നിശ്ചിതസമയത്തിനു മേല്‍ ഒരിക്കലും സ്മാര്‍ട്ട്‌ ഫോണോ കകംപ്യൂട്ടറോ  ടിവിയോ  ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കാനും പാടില്ല. സ്മാര്‍ട്ട്‌ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ നിങ്ങളുടെ കുട്ടിയെ സ്മാര്‍ട്ട് ആക്കുകയല്ല ചെയ്യുന്നത് മറിച്ചു അടിമയാക്കുകയാണ് എന്ന കാര്യം തിരിച്ചറിയുക. 

Read More : Health Magazine