നടുവേദന ഒഴിവാക്കാന്‍ അഞ്ച് വഴികള്‍

ചെറുപ്പക്കാര്‍ ഉള്‍പ്പടെ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. ശാരീരികപ്രശ്നങ്ങളോ അപകടങ്ങളോ സംഭവിച്ചു നടുവേദന വരുന്നവരെക്കാളും കൂടുതല്‍ ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ട് നടുവേദന വരുന്നവരാണെന്ന് പ്രമുഖ ഫിസിയോതെറാപ്പി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശീലങ്ങളില്‍ ചില മാറ്റം വരുത്തിയാൽത്തന്നെ ഇത്തരം നടുവേദന ഒഴിവാക്കാനാകും.

ഫോണും കംപ്യൂട്ടറും ഉപയോഗിക്കുമ്പോള്‍

തല മണ്ണില്‍ പൂഴ്ത്തി വയ്ക്കുന്ന ഒട്ടകപക്ഷിയുടെ ഉപമയാണ് ഫോണ്‍ നോക്കുമ്പോഴും ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോഴും നമുക്ക് ചേരുക. ലാപ്‌ ടോപ്‌ ആണെങ്കില്‍ പലരും മടിയില്‍ വച്ച് തല കുമ്പിട്ടു കഴുത്തും നട്ടെല്ലും വളച്ചു വച്ചാണ് ഉപയോഗിക്കുന്നത്. ഫോണ്‍ നെഞ്ചുയരത്തില്‍ വച്ച് കഴുത്തു വളച്ചു ഫോണിലേക്ക് നോക്കുന്നതാണ് പലരുടെയും ശീലം. ഇതെല്ലാം നടുവിന് അമിതമര്‍ദം നല്‍കും. അധികനേരം ഈ ഇരുപ്പു തുടരുന്നത് രക്തചക്രമണത്തെ ബാധിക്കും. നട്ടെല്ലിനോടു ചേര്‍ന്നു നില്‍ക്കുന്ന മസ്സിലുകളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നതില്‍ കുറവു സംഭവിക്കും. ഇതു നട്ടെല്ലിന് ആരോഗ്യക്ഷയത്തിനു കാരണമാകും. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ലിന് ആയാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. 

ഭാരം ചുമക്കുമ്പോള്‍

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോഴും ചുമക്കുമ്പോഴും നട്ടെല്ലിനു ആയാസം  നല്‍കിക്കൊണ്ടാണ്  ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്. 

ഇരുന്നു ചെയ്യുന്ന ജോലിയാണോ? ഇടവേളകള്‍ മറക്കരുത്

ഒറ്റയിരിപ്പിനു ജോലി തീര്‍ത്തുവെന്ന് ആളുകള്‍ അഭിമാനത്തോടെ പറയാറുണ്ട്‌. എന്നാല്‍ അധികനേരം ഒരേ ഇരുപ്പു ഇരിക്കുന്നത് പുകവലിപോലെ  ശരീരത്തിനു ദോഷം ചെയ്യുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കാരണമുണ്ട്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ  കൊഴുപ്പ്  ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്ട്രോള്‍  ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ അങ്ങനെയിരുന്നാല്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനതെ ബാധിക്കുകയും  ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുകയും ഇരിക്കുന്ന രീതിയില്‍ഇടയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നത് രക്തയോട്ടം കൂട്ടും, അത് മസിലുകളിലേക്കും നട്ടെല്ലിലേക്കും മറ്റു  പ്രധാന ആന്തരികാവയവങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും കൃത്യമായി എത്തിക്കും.

ചേരുന്ന തലയണ തിരഞ്ഞെടുക്കുക

നട്ടെല്ലിനു ചേരുന്ന തലയണ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുത്ത് വേദന വരാറുണ്ടെങ്കില്‍ തലയണ ഉടനെ മാറ്റേണ്ടതുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്.  തല മാത്രമല്ല, കഴുത്തിനും  കഴുത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചുമലിനും താങ്ങാകുന്ന തലയണ വേണം ഉപയോഗിക്കാന്‍. ഉറക്കത്തില്‍ തല തിരിക്കുമ്പോള്‍ അതനുസരിച്ച് രൂപം ക്രമീകരിക്കാന്‍ കഴിയുന്ന തലയണയാണ് ഉത്തമം. അധികം ഉയരം കൂടിയതോ കുറഞ്ഞതോ ആയ തലയണ നല്ലതല്ല. 

കഴുത്തിനും നട്ടെല്ലിനും സംരക്ഷണ ബാന്‍ഡ് ഉപയോഗിക്കുമ്പോള്‍

കഴുത്തിനോ നടുവിനോ വേദന വന്നാല്‍ പലരും സ്വന്തം ഇഷ്ടത്തിനു മെഡിക്കല്‍ സ്റ്റോറില്‍ പോയി കോളറോ ബാന്‍ഡോ വാങ്ങി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ദീര്‍ഘകാലം ഇവ ഉപയോഗിക്കുന്നത് മാംസപേശികളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്‍റെയോ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Read More : Health and Wellbeing