മദ്യവിഭ്രാന്തി മാറാൻ

അമിതമദ്യപാനമു‌‌‌‌‌‌‌‌ള്ളവർ പൊടുന്നനെ കുടി നിർത്ത‍ുമ്പോൾ സംജാതമാകാറുള്ള ഡെലിരീയം ട്രെമൻസ് (ഡി.റ്റി) എന്ന രോഗാവസ്ഥ ഈയിടെ വാർത്താപ്രാധാന്യം നേടുകയുണ്ടായി. കണ്ണൂർ സബ്ജയിലിൽ ഒരു തടവുകാരൻ മദ്യം കിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടർന്നു ജയിലാശുപത്രികളിലെല്ലാം ഡീഅഡിക്ഷൻ സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മ‍ിഷൻ ആവശ്യപ്പെട്ടു. സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച ബീഹാറിൽ ഡി.റ്റി.ക്കിരയായി രണ്ടുപേർ മരിച്ചത് ഏപ്രിലിലാണ്. ഏറ്റവുമൊടുവിൽ, ആസാമിൽ നിന്നു കേരളത്തിലേക്കുള്ള നീണ്ട ട്രെയിൻയാത്രയ്ക്കിടയിൽ മദ്യം കഴിക്കാതെ ഡി.റ്റി. ബാധിച്ച യുവാവ് കോട്ടയത്തിനടുത്ത‍ു വച്ച് മനോവിഭ്രാന്തി കാണിക്കുകയും നാട്ടുകാരുടെ മർദനമേറ്റ‍ു കൊല്ലപ്പെ‌ടുകയുമുണ്ടായി.

വിരളമായേ ഇങ്ങനെ വാർത്തകളിൽ സ്ഥാനം പിടിക്കാറുള്ളൂവെങ്കിലും ഡി.റ്റി. നമ്മു‌െട നാട്ടിലൊരു നിത്യസംഭവമാണ്. മദ്യം നിർത്താനുള്ള ആഗ്രഹത്തോടെ ധ്യാനകേന്ദ്രങ്ങളിലും മറ്റും പോകുന്നവരും വല്ല ഒ‍ാപ്പറേഷനു വിധേയരാകേണ്ടിവരുന്ന മദ്യപാനശീലക്കാരും നാട്ടിലെ അവധിക്കാലം കുടിച്ചുതിമിർത്താഘോഷിച്ചു മദ്യം കിട്ടാത്ത വിദേശനാടുകളിലേക്കു തിരിച്ചുപോകുന്നവരുമെല്ലാം പലപ്പോഴും രണ്ടുമൂന്നുനാൾ തികയുമ്പോഴേക്ക് ഡി.റ്റി.യുട‌‌െ ഭാഗമായ വിഭ്രാന്തികൾ കാണിച്ചുതുടങ്ങാറ‍ുണ്ട്. മദ്യാസക്തിക്കു ചികിത്സയെടുക്കുന്നവരിൽ തന്നെ അഞ്ചു ശതമാനത്തോളം പേർക്ക് ഡി.റ്റി. യിലൂടെ കടന്നുപോകേണ്ടിവരാറുണ്ട്.

മനോവിഭ്രാന്ത‍ിക്കുപരിയായ ഒരു മാനവും ഡി.റ്റി.ക്കുണ്ട്–ചികിത്സയൊന്നും ലഭിക്കാതെ പോവുന്ന ഡി.റ്റി.ബാധിതരിൽ മുപ്പത്തഞ്ചു ശതമാനത്തോളവും ചികിത്സ കിട്ടുന്നവരിൽ അഞ്ചു ശതമാനത്തോളവും പേർ രോഗമധ്യേ മരണപ്പെടാമെന്നതാണത്. ഭീത‍ിജനകമായ ഈ സ്ഥിതിവിവരക്കണക്ക് ഡി.റ്റി.യെ തടയേണ്ടതും തിരിച്ചറിയേണ്ടതും ചികിത്സിപ്പിക്കേണ്ടതും സുപ്രധാനമാക്കുന്നുണ്ട്.

ബാധിക്കുന്നതാരെ?
കുടി നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യുമ്പോൾ എന്തെല്ലാം അസ്വാസ്ഥ്യങ്ങളാണു നേരിടേണ്ടിവരികയെന്നത് ആ വ്യക്തിയുടെ അഡിക്ഷൻ എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നേരിയ അഡിക്ഷൻ മാത്രമുള്ളവർക്ക് മൂന്നുനാലു നാൾ നീളുന്ന കൈവിറയൽ, ഉറക്കക്കുറവ്, അമിതവിയർപ്പ്, ഉത്കണ്ഠ, വിശപ്പില്ലായ്മ, ഒാക്കാനം, ഛർദിൽ, ദു:സ്വപ്നങ്ങൾ എന്നിങ്ങന‌െ ചില ലഘുലക്ഷണങ്ങളെ കാണ‍ൂ. എന്നാൽ അഡിക്ഷൻ പ‍ുരേ‍ാഗമിച്ചിട്ടുള്ള ചിലർക്ക് ഒന്നോ രണ്ടോ തവണ അപസ്മാരവും വന്നേക്കാം. അഡിക്ഷൻ പാരമ്യത്തിലെത്തിയവരെയാണ് ഡി.റ്റി. ബാധിക്കാറുള്ളത്. ‌

സ്ഥിരം മദ്യപിക്കുന്നവരിൽ 5–10 ശതമാനം പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഡി.റ്റി. പിടിപെടാം. ഈ റിസ്ക് കൂടുതലുള്ളതു താഴെപ്പറയുന്നവർക്കാണ്.

∙ വയസ്സ് 45 കഴിഞ്ഞവർ
∙ പത്തുവർഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവർ
∙ പലവുരു നിർത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവർ
∙ കരളിന്റെയോ പാൻക്രിയാസിന്റെയോ രോഗങ്ങളോ എന്തെങ്കിലും അ‌ണുബാധകളോ മറ്റു ശാരീരിക പ്രശ്നങ്ങളോ ബാധിച്ചവർ
∙ തലയ്ക്കു പരിക്കേറ്റിട്ടുള്ളവർ
∙ കുടി നിർത്തുമ്പോൾ അപസ്മാരമുണ്ടായിട്ടുള്ളവർ
∙ മദ്യം നിർത്തുന്നതിനും തൊട്ടു മുൻദിവസങ്ങളിൽ ഏറെയളവിൽ കഴിച്ചവർ

ഡി.റ്റി. ഒരിക്കൽ വന്നിട്ടുള്ളവർക്ക് പിന്നീടെപ്പോഴെങ്കിലും കുടിനിർത്തുമ്പോഴും അതാവർത്തിക്കാൻ സാധ്യത ഏറെയാണ്. കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളജിൽ ഡീ അഡിക്ഷനു വേണ്ടി അഡ്മിറ്റായ 104 രോഗികളിൽ നടത്തിയ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പഠനത്തിൽ മുഴുവനും പേർക്കും ആ തവണയും ഡിറ്റി. പിടിപെട്ടുവെന്നു കണ്ടിരുന്നു.

ലക്ഷണങ്ങളെന്തൊക്കെ?
കൈകാലുകൾ ശക്തിയായി വിറയ്ക്കുക, വല്ലാതെ വിയർക്കുക, തീരെ ഉറക്കമില്ലാതാകുക, ചുറ്റുമുള്ള ശബ്ദങ്ങളും വെളിച്ചങ്ങളും ഏറെ കഠോരമായി തോന്നുക, അശരീരി ശബ്ദങ്ങൾ കേൾക്കുക, പേട‍ിപ്പെടടുത്തുന്ന ശബ്ദങ്ങൾ കേൾക്കുക, മായക്കാഴ്ചകൾ കാണുക, ശരീരത്തിൽ ജീവികളും മറ്റും പാഞ്ഞുന‌ടക്കുന്നതായി തോന്നുക, സ്ഥലകാലബോധം നഷ്ടമാവുക, അ‌ടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാകാതിരിക്കുക. പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ആരോ കൊല്ലാൻവരുന്നെന്നും മറ്റും അകാരണമായി പേടിക്കുക എന്നിവയാണു മുഖ്യലക്ഷണങ്ങൾ. അടങ്ങിയിരിക്കായ്കയും അമിതകോപവും അക്രമാസക്തതയും കാണപ്പെടാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മർദമോ പരിധിവിട്ടുയരാം. നേരിയ പനി കണ്ടേക്കാം. ഇടയ്ക്ക് അൽപനേരമൊക്കെ സാധാരണമായി പെരുമാറുകയും പിന്നീട്, പ്രത്യേക‍ിച്ച് നേരമിരുട്ടിക്കഴിഞ്ഞാൽ പ്രശ്നങ്ങൾ വീണ്ടും പ്രകടമാവുകയും ചെയ്യാം. അപകടങ്ങൾക്കും ചില ശാരീരികപ്രശ്നങ്ങൾക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാകാറുള്ളത്. നിർജലീകരണമോ ലവണങ്ങളുടെ കുറവോ കൊണ്ട് ഹൃദയതാളത്തിൽ വ്യതിയാനങ്ങൾ വരാം. ബോധക്കുറവുമൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉണ്ടാകാം. ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക കേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും ശരീരോഷ്മാവ് ക്രമാതീതമാവുന്നത‍ുമൊക്കെ ഡി.റ്റി. രോഗികളു‌െട ജീവനോ‌ടുക്കാം.

വരുന്നതെന്തുകൊണ്ട്?
ഉറക്കത്തിന്റെയും ഉണർവിന്റെയും ചാക്രികതയിലൂടെ നമ്മെ ചുവടു പിഴയ്ക്കാതെ വഴിന‌ടത്തുന്നതു മുഖ്യമായും ഗാബ, ഗ്ലൂട്ടമേറ്റ് എന്നീനാഡീരസങ്ങളാണ്. ഗാബ ഉറക്കത്തിനും ഗ്ലൂട്ടമേറ്റ് ഉണർവിനുമാണുസഹായകമാവുന്നത്. മദ്യം തലച്ചോറിൽ പ്രവർത്തിക്കുന്നതു ഗാബയെപ്പോലാണ് എന്നതിനാൽ ഒരാൾ ദിനം പ്രതി മദ്യമെടുക്കുമ്പ‍ോൾ അതു ഗാബയ്ക്കു ഗ്ലൂട്ടമേറ്റിന്മേൽ ഒരു മേൽക്ക‍ൈ കിട്ട‍ാനിടയാക്കുന്നുണ്ട്. അത്തമൊരു സാഹചര്യത്തിൽ ബാലൻസ് പുന:സ്ഥാപിേക്കണ്ടതുള്ളതിനാൽ തലച്ചോർ കാലക്രമത്തിൽ ഗാബയുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയും ഗ്ലൂട്ടമേറ്റിന്റേതു കൂട്ടുകയും ചെയ്യും. ഇനിനൊക്കെ ശേഷം പെട്ടെന്നൊരു മ‍‍ുഹൂർത്തത്തിൽ മദ്യം കളമൊഴിയുമ്പോൾ തലച്ചോറിങ്ങനെ ശക്തിമത്താക്കി നിർത്തിയിരിക്കുന്ന ഗ്ലൂട്ടമേ‌റ്റിന് എതിരാളിയില്ലാത്ത അവസ്ഥ വരുന്നതാണ് ഉറക്കക്കുറവിനും കൈവിറയലിനും തൊട്ട് അപസ്മാരത്തിനും ഡി.റ്റി.ക്കും വരെ അടിസ്ഥാനമാകുന്നത്.

ത‌ടയാനെന്തുചെയ്യാം?
ഡി.റ്റി. വരാതിരിക്കാനുള്ള ഏറ്റവും നല്ല ഉപായം അമിതമദ്യപാനം ഒഴിവാക്കുകയാണ്. മദ്യപാനം നിയന്ത്രണാതീതമാകുന്നതിനു മുമ്പേ അതിൽ നിന്നു പിൻവാങ്ങുക. മദ്യത്തിനടിപ്പെട്ടുകഴിഞ്ഞവർ, പ്രത്യേകിച്ചു ഡി.റ്റി.വരാൻ സാധ്യത കൂടുതലുള്ളവർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകളുടെ സഹായത്തോടെ മാത്രം മദ്യപാനം നിർത്താൻ ശ്രദ്ധ‍ിക്കുക. മറ്റെന്തെങ്കിലും പ്രശ്നത്തിനാണ് അഡ്മിറ്റാകുന്നതെങ്കിലും മദ്യപാനകാര്യം ഡോക്ടർമാരോടു പറയണം. മദ്യം നിർത്തുന്ന ആദ്യ ദിവസങ്ങളിൽ നന്നായി വിശ്രമിക്കകയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. അസ‍ാധാരണ ശബ്ദങ്ങളോ ദൃശ്യങ്ങളോ സ്പർശങ്ങളോ അനുഭവപ്പെട്ടാൽ ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കുക.

കുടി നിർത്തുന്ന ആരെങ്കിലും അസ്വസ്ഥതകൾ വെളിപ്പെടുത്തിയാൽ അതു വീണ്ടും കഴിക്കാനുള്ള ആശ കൊണ്ടു തോന്നുന്നതാണ് എന്നു പരിഹസിക്കാതെ വിദഗ്ധാഭിപ്രായം തേടാൻ പ്രേരിപ്പിക്കണം.

പ്രതിവിധിയെന്താണ്?
മദ്യപാനമുള്ള ഒരാൾ പെരുമാറ്റക്കുഴപ്പങ്ങൾ കാണിച്ചാൽ അതെപ്പോഴും ഡി.റ്റി.മൂലം തന്നെയാവണമെന്നില്ല; അതിനാൽ മറ്റ് അസുഖങ്ങളൊന്നുമല്ല എന്നുറപ്പുവരുത്താൻ ചില ടെസ്റ്റുകൾ ആവശ്യമായേക്കാം. കരളിന്റെയോ വൃക്കയു‌െടയോ കുഴപ്പങ്ങളുണ്ടോ സോഡിയവും പൊട്ടാസ്യവും പോലുള്ള ലവണങ്ങളുടെ കുറവുണ്ടോ എന്നൊക്കെയറിയാൻ രക്തം പരിശോധിക്കേണ്ടി വരാം. ശ്വാസംമുട്ടുള്ളവർക്ക് ന്യൂമോണ‍ിയയോ മറ്റോ പിടിപെട്ടിട്ടണ്ടോ എന്നറിയാൻ നെഞ്ചിന്റെ എക്സ്റ‍േയും അപസ്മാരമിളകുകയോ തലയ്ക്കു പരിക്കേൽക്കുകയോ ചെയ്തവർക്ക് തലയുടെ സ്കാനിങ്ങും വേണ്ടിവന്നേക്കാം.

ഡി.റ്റി. ബാധിച്ചവർക്കു കിടത്തി ചികിത്സ കൂടിയേതീരൂ. വിലയ ബഹളങ്ങളില്ലാത്ത, ആവശ്യത്തിനു വെളിച്ചമുള്ള മുറി വേണം. മുറിക്കകത്ത‍ു നിന്ന് ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കളൊക്കെ മാറ്റേണ്ടതുമുണ്ട്.

ഉറക്കക്കുറവും വിറയലും പോലെ ഗ്ലൂട്ടമേറ്റിന്റെ അതിപ്രവർത്തനം മൂലമുള്ള ലക്ഷണങ്ങളെ മയപ്പെടുത്താൻ‍ ഗാബയെപ്പോലെ പ്രവർത്തിക്കുന്ന ബെൻസോഡയാസെപിൻസ് എന്ന ഗണത്തിൽപ്പെട്ട മരുന്നുകൾ നൽകും. അശരീരികൾക്കും മായക്കാഴ്ചകൾക്കും അനാവശ്യഭീതികൾക്കും ആന്റിസൈക്കോട്ടിക്സ് മരുന്നുകൾ വേണ്ടിവരാം. ആവശ്യമെങ്കിൽ ഒാക്സിജൻ നൽകുകയോ ഡ്രിപ്പിടുകയോ മൂക്കിലൂടെ ആഹാരം കൊടുക്ക‍ുകയോ ചെയ്യും. ഗ്ലൂക്കോസും തയമിനും കയറ്റുക, വയറ്റിൽ നിന്നു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നടപടികളും പ്രധാനമാണ്.

സാധാരണ ഡി.റ്റി. അഞ്ചോളം ദിവസമേ നീളൂ. അപൂർവം ചിലരിൽ ആഴ്ചകളോളം തുടരാം. ഡി.റ്റി. മാറിയ ശേഷം മദ്യപ‍ാനം വീണ്ടും തുടങ്ങാതിരിക്കാൻ വേണ്ട മരുന്നുകളും കൗൺസലിങ്ങും ലഭ്യമാക്കണം. ഡി.റ്റി. വേളയിൽ പ്രകടിപ്പിച്ച പെരുമാറ്റ വൈകല്യങ്ങൾ വിഡിയോയിൽ പിടിച്ചു ഡി.റ്റി. മാറിക്കഴിഞ്ഞിട്ടു കാണിച്ചുകൊടുക്കുന്നത് മദ്യത്തിലേക്കു വീണ്ടും മടങ്ങാതിരിക്കാൻ പ്രചോദനമേകുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.

തിരുത്താം ഈ ധാരണകൾ
∙ മദ്യം നിർത്തുന്ന സമയത്ത് ഉറക്കക്കുറവുണ്ടെങ്കിൽ– മദ്യം നിർത്തുന്നയാൾക്ക് ശരിക്കൊന്നുറങ്ങാനാകാൻ എന്തളവിൽ മരുന്നുവേണമെന്നു മുൻകൂട്ടി പ്രവചിക്കുക എളുപ്പമല്ല. ഫലം ചെയ്തേക്കാമെന്ന് അനുമാനിക്കുന്ന ഒരു ഡോസ് കുറിക്കുകയും ഉറക്കക്കുറവുണ്ടെങ്കിൽ ഡോസ് കൂട്ടാൻ നിർദേശിക്കുകയുമാണ് സാധാരണ ചെയ്യാറ്. എന്നാൽ മരുന്നുകൾക്ക് അഡിക്ഷനായിപ്പോകും എന്ന പേടികൊണ്ട് ഉറക്കം വരാത്ത കാര്യം പലരും അറിയിക്കാറില്ല. ഇത് അപസ്മാരത്തിനും ഡി.റ്റി.ക്കും സാധ്യതയേറ്റുമെന്നും രണ്ടോ മൂന്നോ രാത്രി വിദഗ്ധമേൽനോട്ടത്തിൽ ഉറക്കമരുന്നുകളെടുത്തെന്നുവച്ച് അവയ്ക്ക് അഡിക്ഷനൊന്നുമാവില്ലെന്നും ഒാർമിക്കുക.

∙ ഡീ അഡിക്ഷൻ ചികിത്സയ്ക്കിടയിൽ ഡി.റ്റി. വന്നാൽ– ആശുപത്രിയിൽ പ്രവേശിച്ചു രണ്ടാമത്തെയോ മൂന്നാമത്തേയോ നാൾ ഡി.റ്റി. പ്രത്യക്ഷമാവുമ്പോൾ അത് അവിടെ ന‍ിന്നു നൽകിയ എന്തോ മരുന്നോ ഇൻജക്ഷനോ മൂലം സംഭവിച്ചതാണ് എന്ന ധാരണയുണ്ടാകാറുണ്ട്. അതു തെറ്റാണ്.

∙ ഡി.റ്റി. വരുന്നവർക്ക് വീണ്ടും മദ്യം കൊടുത്താൽ– മദ്യം മുടങ്ങിയതാണു പ്രശ്നമായത് എന്ന അനുമാനത്തിൽ വീണ്ടും മദ്യം കൊടുക്കുന്നത് ബുദ്ധിയല്ല. അത് മദ്യം മൂലമുണ്ടായ ശാരീരിക– മാനസിക പ്രശ്നങ്ങൾ കൂടുതൽ തീവ്രമാക്കും. പ‍ിന്നീടെപ്പോഴെങ്കിലും മദ്യം നിർത്താൻ നോക്കിയാൽ കൂടുതൽ വേഗത്തിലും രൂക്ഷതയോ‌െടയും ഡി.റ്റി.വാരാം.

∙ ഡി.റ്റിക്കു ശേഷം ഡീ അഡിക്ഷൻ വേണോ?– ഡീഅഡിക്ഷൻ ചികിത്സയെടുത്താൽ ജീവിതത്തിലൊരിക്കലും പിന്നെ അൽപം പോലും മദ്യം കഴിക്കാൻ പറ്റില്ലെന്നും അഥവാ അങ്ങനെ സംഭവിച്ചാൽ മനോരോഗമാവുകയോ മരിച്ചുപോവുകയോ ചെയ്യുമെന്നുള്ള ധാരണകൾ അടിസ്ഥാനരഹിതമാണ്. ഡി.റ്റി. വന്നുപോയ ശേഷം തീർച്ചയായും ഡീ അഡ‍ിക്ഷൻ ചികിത്സയെടുക്കണം.