Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർഥികൾ രോഗങ്ങളോട് മൽസരിക്കുമ്പോൾ

ilaneer

എതിരാളികളെ വെള്ളം കുടിപ്പിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കുക:വെള്ളം കുടിച്ചില്ലെങ്കിൽ നിങ്ങളും വെള്ളം കുടിക്കും. പ്രചാരണച്ചൂടിനൊപ്പം വേനൽച്ചൂടും കഠിനമാകുമ്പോൾ ബൂത്തിൽ ക്യൂ നിൽക്കുന്ന വോട്ടർമാരെ പോലെ രോഗാണുക്കൾ കാത്തു നിൽക്കുകയാവും. ഒന്നിനു പിറകെ ഒന്നായി അവർ നിങ്ങളെ കീഴടക്കും.

പലതരത്തിലുള്ള ആളുകളുമായി ഇടപെടേണ്ടിവരുന്നതിനാൽ സ്‌ഥാനാർഥികൾക്കും പ്രവർത്തകർക്കും രോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കാലം ഒരു തരത്തിൽ രോഗങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് ഒരു വേനൽക്കാലത്താകുമ്പോൾ.

പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ഭവനസന്ദർശനങ്ങൾ... ഇങ്ങനെ രോഗം ബാധിക്കാനുള്ള സാഹചര്യങ്ങൾ ഏറെയുണ്ട്. ഒരു രോഗം ബാധിച്ചാൽ ഏറ്റവും അത്യാവശ്യം വിശ്രമമാണ്. എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് ഇതു സാധിച്ചെന്നു വരില്ല. അതുകൊണ്ടു തന്നെ രോഗം മൂർച്‌ഛിക്കും. ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ പലവിധ രോഗങ്ങൾ വരാനുള്ള സാഹചര്യങ്ങൾ തിരഞ്ഞെടുപ്പു കാലത്തു കൂടുതലാണ്. വേനൽക്കാലമായതിനാൽ ടൈഫോയിഡ്, മഞ്ഞപ്പിത്തം, കോളറ, ഛർദി, വയറിളക്കം, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങൾക്കും സാധ്യതയേറുന്നു.

ഇളനീരിനെ വിശ്വസിക്കാം

തിരഞ്ഞെടുപ്പ് രംഗത്തു സജീവമായിട്ടുള്ളവർ ചില ചെറിയ കാര്യങ്ങളിൽ ശ്രദ്ധവച്ചാൽ വലിയ രോഗങ്ങളിൽ നിന്നു രക്ഷനേടാം. ഇതിൽ പ്രധാനപ്പെട്ടത് മറ്റുള്ളവരെ വെള്ളം കുടിപ്പിക്കാതെ സ്വയം വെള്ളം കുടിക്കുക എന്നതു തന്നെ. തിളപ്പിച്ചാറ്റിയ വെള്ളം കൈയിൽ കരുതുക. ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. അമിതവിയർപ്പിലൂടെ ശരീരത്തിൽ നിന്നു നഷ്‌ടമാകുന്ന ലവണാംശം വീണ്ടെടുക്കാൻ കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്. ശരീരത്തിലെ ജലനഷ്‌ടം ഒഴിവാക്കി ആരോഗ്യം വീണ്ടെടുക്കാൻ ഇതു സഹായിക്കും. ജ്യൂസുകളും ശാരീരിക ജലാംശ വർധനവിന് നല്ലതാണെങ്കിലും അതിന് ഉപയോഗിക്കുന്ന പഴങ്ങളും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. വിശ്വസിച്ചു കുടിക്കാവുന്ന ഏറ്റവും നല്ല പാനീയം ഇളനീരാണ്.

ഭക്ഷണമാണ് മറ്റൊരു പ്രശ്‌നം. എവിടെനിന്നെങ്കിലും എന്തെങ്കിലും കഴിക്കണം എന്നു പറയുന്നവരാവും അധികവും. കൈയിൽ കിട്ടുന്നതെന്തും കഴിക്കുന്നതിനു പകരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് വ്യത്തിയുള്ള ഭക്ഷണം ഉറപ്പുവരുത്തുക. ചെറിയതോതിൽ പനിയോ ജലദോഷമോ ബാധിച്ചാൽ പോലും അവയെ നിസാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കണ്ട് ഉപദേശം തേടുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.