Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു ചൂടിൽ വെള്ളംകുടി മറക്കരുതേ...

election-health

സ്‌ഥാനാർഥികളും സഹായികളും ഒരുനിമിഷം ശ്രദ്ധിക്കൂ... ഈ ചൂടുകാലത്തു തിരക്കിട്ട തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്ന സ്‌ഥാനാർഥികളും രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും സ്വന്തം ആരോഗ്യകാര്യം കൂടി ഒന്നു ശ്രദ്ധിക്കണം. സ്‌ഥാനാർഥികൾക്ക് അകത്തും പുറത്തും ചൂടാണ്. ഉള്ളിൽ തിരഞ്ഞെടുപ്പു സമ്മർദവും പുറത്തു സൂര്യന്റെ കടുത്തചൂടും പൊടിയും.

നിർജലീകരണം

തിരക്കിട്ട പ്രവർത്തനങ്ങളിൽ നിങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണിത്. വിയർപ്പിലൂടെ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്‌ടപ്പെടും. ക്ഷീണം, തലകറക്കം, തളർച്ച, ഛർദി എന്നിവയാണു ലക്ഷണങ്ങൾ. പ്രായമേറിയവർ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.

സൂര്യാഘാതം

രാവിലെ 11നും മൂന്നിനുമിടയിൽ സൂര്യപ്രകാശം ഏൽക്കുന്നവർക്കു സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ചർമത്തിന് അസ്വസ്‌ഥത, പുകച്ചിൽ, നിറവ്യത്യാസം, ചർമം പാളികളായി ഇളകിപ്പോകുക തുടങ്ങിയവയാണു സൂര്യാഘാതത്തിന്റെ ലക്ഷണം. മുൻകരുതലായി ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം പ്രചാരണത്തിനിറങ്ങുന്നവർ കരുതുന്നതു നല്ലതായിരിക്കും. തുറന്ന ജീപ്പിലുള്ള പ്രചാരണം ഈ സമയത്ത് ഒഴിവാക്കുകയോ രണ്ടു വശവും തുറന്നു മേൽക്കൂരയുള്ള വാഹനം ഉപയോഗിക്കുകയോ ചെയ്യുന്നത് ഉത്തമം. അമിതക്ഷീണം, തളർച്ച, അബോധാവസ്‌ഥയിലാകുക എന്നിവയും ലക്ഷണങ്ങളാണ്.

പൊടിപടലവും ചൂടും

അണുബാധ, അലർജി, ആസ്‌മ, തൊണ്ടയിൽ അണുബാധ, ശ്വാസകോശത്തിൽ അണുബാധ, ശബ്‌ദം അടപ്പ് എന്നിവയ്‌ക്ക് ഇതു കാരണമാകാം. ജലനഷ്‌ടം പരിഹരിക്കാൻ ചായയും കാപ്പിയും ഒഴിവാക്കണം. മൂന്നു ലീറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളത്തിൽ അൽപം ഉപ്പുചേർത്തതോ, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം എന്നിവയോ കുടിക്കുന്നതു നല്ലതാണ്. ഓറഞ്ച്, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ എന്നിവയുടെ പഴച്ചാറുകൾ ഉണർവും ഊർജവും നൽകും. പ്രമേഹരോഗികൾ തണ്ണിമത്തനും മറ്റു പഴച്ചാറുകളിൽ പഞ്ചസാര ഒഴിവാക്കണം.

ഇറങ്ങുന്നതിനു മുൻപ്

കാരറ്റ്, കുമ്പളങ്ങ, വെള്ളരിക്ക എന്നിവയിലേതെങ്കിലും ജ്യൂസ് ആയി വലിയൊരു ഗ്ലാസ് നിറയെ കുടിക്കുന്നത് ആ ദിവസം മുഴുവൻ ഊർജവും ഉന്മേഷവും നിലനിർത്താൻ നല്ലതാണ്. ഇടയ്‌ക്കിടെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ഓറഞ്ച്, ആപ്പിൾ, മുന്തിരി, മറ്റു പഴങ്ങൾ, വറുക്കാത്ത കശുവണ്ടി തുടങ്ങിയവ കഴിക്കാം. ദീർഘയാത്രയിൽ ഇടയ്‌ക്കിടെ തണലിൽ വിശ്രമിക്കുക. പൂർണ സസ്യഭക്ഷണമാണു നല്ലത്. ഭക്ഷണത്തിനൊപ്പം വേവിക്കാത്ത പച്ചക്കറി അരിഞ്ഞെടുത്ത സാലഡ് കഴിക്കുന്നതും കൊള്ളാം.

ശബ്‌ദം

ഉച്ചഭാഷിണി ഉപയോഗിക്കുന്നതു ശബ്‌ദം കുറച്ചു സംസാരിക്കാനാണ്. അപ്പോൾ തൊണ്ടകീറി അലറി പ്രസംഗിക്കുന്നത് ഒഴിവാക്കുക. രാവിലെയും വൈകിട്ടും ഉപ്പിട്ടവെള്ളം വായിൽ കൊള്ളുന്നതു നല്ലതാണ്. തണുത്തതും ഐസിട്ടതും റഫ്രിജറേറ്ററിൽ വച്ചതുമായ ഭക്ഷണം ഒഴിവാക്കുക. പകർച്ചവ്യാധി പിടിപെട്ടവരുമായും രോഗികളുമായും അടുത്തിടപെടരുത്.

വസ്‌ത്രധാരണം

ഇറുകിയ വസ്‌ത്രങ്ങൾ, നൈലോൺ, പോളിസ്‌റ്റർ വസ്‌ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ഉപയോഗിക്കുക.

ഉറക്കം

ഏറ്റവും പ്രധാനം ഉറക്കമാണ്. ദിവസം ആറു മണിക്കൂറെങ്കിലും ഉറങ്ങുന്നതു മാനസികമായ സമ്മർദം കുറച്ച് ഉന്മേഷം പകരാനും രോഗപ്രതിരോധശേഷി നേടാനും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ബി. പത്മകുമാർ

അഡീഷനൽ പ്രഫസർ, മെഡിക്കൽ കോളജ്, ആലപ്പുഴ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.