Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷപുക ശ്വാസകോശങ്ങളെ ദ്രവിപ്പിക്കുമോ?

fire-at-family-plastic-unit

വീടുകളിലും മറ്റും െചറിയ അളവിൽ പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ പോലും അപകടകരമാകുമെങ്കിൽ വലിയ പ്ലാസ്റ്റിക് ഫാക്ടറി കത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പറയേണ്ടതുണ്ടോ? പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ ഒട്ടനവധി രാസഘടകങ്ങൾ പുറത്തേക്കു വമിക്കുന്നു. പുറത്തെ അന്തരീക്ഷവുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന അവയവങ്ങളാണല്ലോ ശ്വാസകോശങ്ങൾ. അതുകൊണ്ടു തന്നെ ഇതു മൂലമുള്ള പ്രശ്നങ്ങൾ ഏറ്റവും ബാധിക്കുന്നതും ശ്വാസകോശങ്ങളെ തന്നെ. ‌ഇത്തരം ഘടകങ്ങളുടെ രാസഘടന, അവയുടെ കണികകളുടെ വലുപ്പം, അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായോ, നീരാവിയുമായോ ചേരാനുള്ള ശേഷി,  ജലത്തിൽ ലയിക്കാനുള്ള ശേഷി എന്നിവയെല്ലാം ആരോഗ്യത്തെ ബാധിക്കാം.

ജലത്തിൽ വളരെ എളുപ്പം ലയിക്കുന്ന ഘടകങ്ങൾ മൂക്കിലും തൊണ്ടയിലും പ്രശ്നമുണ്ടാക്കുമ്പോൾ മിതമായ വേഗതയിൽ ലയിക്കുന്നവ മഹാശ്വാസനാളിയിലും (Trachea), ശ്വാസകോശനാളികളിലും (Bronchi) പ്രശ്നകാരികളാകുന്നു. ജലത്തിൽ തീരെ കുറഞ്ഞ അളവിൽ ലയിക്കുന്ന വായു അറകളിലും (Alveoli) തീരെ ചെറിയ ശ്വാസനാളികളിലും കുഴപ്പമുണ്ടാക്കുന്നു. ഇത്തരം ഘടകങ്ങൾക്കു പുറമേ, ശ്വസിച്ച ഘടകത്തിന്റെ അളവ്, പ്ലാസ്റ്റിക്കുകൾ കത്തിയ സ്ഥലവുമായുള്ള സാമീപ്യം എന്നിവയും പ്രധാനമാണ്. തീരെ ചെറിയ കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ എന്നിവരൊടൊപ്പം മറ്റു ശ്വാസകോശരോഗങ്ങൾ അനുഭവിക്കുന്നവരിൽ പ്ലാസ്റ്റിക് പുക ശ്വസിക്കുന്നത് കൂടുതൽ അപകടകരമാണ്. ഇത്തരം പുക ശ്വസിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പൊതുവായി ഇൻഹലേഷണൽ ഇൻജുറി (Inhalational Injury) എന്നു വിളിക്കാം. 

പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ?

മൂക്കിനുള്ളിലും തൊണ്ടയിലുമൊക്കെ പുകച്ചിൽ അനുഭവപ്പെടുകയും തുമ്മലിനും ചുമയ്ക്കും കാരണമാവുകയും ചെയ്യും. ചിലരിൽ കഫം ധാരാളമാകാനും സാധ്യതയുണ്ട്. പുകയുടെ തീവ്രത കണക്കിലെടുത്ത് ഇതോടൊപ്പം കണ്ണിനു പുകച്ചിലും കണ്ണുനീർ ധാരാളമായി വരികയും ചെയ്യാം. തലവേദന, തലകറക്കം എന്നിവയും കൂട്ടായെത്താം. തൊണ്ടയിലും സ്വനപേടകത്തിലും നീർക്കെട്ടുണ്ടായി ശ്വാസോച്ഛ്വാസം തടസ്സപ്പെടാം എന്നുള്ളതാണ് ഏറ്റവും അപകടകരം. ഇത്തരം അവസ്ഥകളിൽ പെടുന്ന വ്യക്തികൾ സംസാരിക്കുമ്പോഴുണ്ടാകുന്ന ‘സ്വരവ്യത്യാസം’ അപകടത്തിന്റെ സൂചനയായി എടുക്കണം. കുറുങ്ങൽ, ശ്വാസം മുട്ടൽ,  ശ്വാസോച്ഛ്വാസത്തന്റെ ഗതി വേഗം കൂടിയത്, ശ്വാസമെടുക്കുന്നതിന്റെ നിരക്ക് അമിതമായി വർദ്ധിക്കുക തുടങ്ങിയവ മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കാം. ഈ ഘട്ടത്തിൽ പലരും ആസ്മയുടേതിനു സമാനമായ ലക്ഷണങ്ങൾ കാണിക്കും. ഇതു ചിലപ്പോൾ അതി തീവ്ര സ്വഭാവം കാണിക്കാം. ശ്വാസ കോശ കലകളിൽ ദ്രാവകം നിറഞ്ഞ് പൾമണറി എഡിമ (Pulmonary Edema) എന്ന അവസ്ഥയും തുടർന്ന് അതി തീവ്രശ്വസന പരാജയം (Acute Respiratory Distress Syndrome – ARDS) എന്ന അവസ്ഥയിലേക്ക് എത്തി മരണത്തിലെത്താം. 

ദീർഘകാല പ്രശ്നങ്ങൾ

ആസ്മ ലക്ഷണങ്ങൾക്കു സമാനമായ ലക്ഷണങ്ങളോടെയുള്ള റിയാക്ടീവ് എയർവേ ഡിസ്ഫംഗ്ഷൻ സിൻഡ്രോം (Reactive Airway Dysfunction Syndrome), വോക്കൽ കോർഡ് ഡിസ്ഫംഗ്ഷൻ (Vocal Cord Dysfunction) തുടങ്ങിയവയ്ക്കൊക്കെ ഇതു കാരണമാകാം. ശ്വാസകോശകലകളെ ബാധിച്ച് ശ്വാസകോശങ്ങൾ ചുരുങ്ങി ദ്രവിക്കുന്ന അവസ്ഥയായ ക്രിപ്റ്റോജനിക് ഓർഗനൈസിംഗ് ന്യൂമോണിയക്കും (Cryptogenic Organizing Pneumonia – COP) കാരണമാകാം.

ചികിൽസയുണ്ടോ?

പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. പ്ലാസ്റ്റിക് പുക ശ്വസിക്കേണ്ടി വരുന്ന അവസ്ഥയിൽ സംഭവ സ്ഥലത്ത് നിന്നും വ്യക്തികളെ എത്രയും പെട്ടെന്നു തന്നെ മാറ്റുകയും അപകടത്തിൽപ്പെട്ട വ്യക്തിയുടെ ആരോഗ്യം സസൂക്ഷമം നിരീക്ഷിക്കണം. ശ്വാസകോശ രോഗങ്ങളുണ്ടെങ്കിൽ അടിയന്തരമായി ചികിൽസ നൽകണം. ശ്വാസനാളീ വികാസത്തിനുപയോഗിക്കുന്ന മരുന്നുകൾ, നീർക്കെട്ടിനെതിരേയുള്ള സ്റ്റീറോയ്ഡുകൾ, ഓക്സിജൻ എന്നിവ ആവശ്യമായി വരും. ഏറെ നാൾ ആസ്മ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഇൻഹേലറുകൾ ഉപയോഗിച്ചുള്ള ചികിൽസയാണ് നല്ലത്. ശ്വസന പരാജയത്തിലേക്കും തുടർന്ന് അതി തീവ്രതയിലേക്കും എത്തുന്നവർക്ക് മികച്ച സൗകര്യങ്ങളുള്ള ആശുപത്രി ചികിൽസ അനിവാര്യമാണ്. വെന്റിലേറ്ററുകളടക്കം ഉപയോഗിക്കേണ്ടതായും വരാം. നവജാത ശിശുക്കൾ വയോജനങ്ങൾ ഗർഭിണികൾ മറ്റു ശ്വാസകോശ രോഗങ്ങളാലും ഹൃദയസംബന്ധമായ അസുഖങ്ങളാലും കഷ്ടപ്പെടുന്നവർ വിഷപുക ശ്വസിക്കാനിട വന്നാൽ ആരോഗ്യം ഗുരുതരമാകും.

അപകട സ്ഥലത്ത് എന്തു ചെയ്യണം?

അപകട സ്ഥലത്ത് നിന്നും എത്രയും പെട്ടെന്ന് മാറുന്നതിനാണ് ആദ്യ പരിഗണന നൽക്കേണ്ടത്. അപകടസ്ഥലത്ത് നിർബന്ധമായും മുഖാവരണം (Face masks) ധരിക്കണം. പുക ശ്വസിക്കാനിടയായവർക്ക് അടിയന്തര വൈദ്യ സഹായം നൽകുകയും വേണം.  ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നമെന്നും കണ്ടില്ലെങ്കിലും ദിവസങ്ങൾക്കു ശേഷം ആസ്മ രോഗലക്ഷണങ്ങളോ (റാഡ്സ് – റിയാക്ടീവ് എയർവേ ഡിസ്ഫംഗ്ഷൻ സിൻഡ്രോം) മാസങ്ങൾക്കു ശേഷം ശ്വാസകോശങ്ങൾ ചുരുങ്ങി ദ്രവിക്കുന്ന രോഗത്തിനും സാധ്യയുണ്ട്. ആശ്വാസം തോന്നിയാലും ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി പ്രശ്നങ്ങളൊന്നുമില്ല  എന്നുറപ്പു വരുത്തണം.   

(ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ അ‍ഡീഷണൽ പ്രൊഫസറാണ് ലേഖകൻ)