വരൂ, സമ്മർദങ്ങളെ ചിരിച്ചുതോൽപ്പിക്കാം

ചിരിച്ചോളൂ...ചിരിച്ചോളൂ... മനസു തുറന്നു ചിരിച്ചോളൂ... ഇങ്ങനെ പറഞ്ഞാലും എല്ലാ ആകുലതകളും അകറ്റി മാനസിക സമ്മർദ്ദം ലവലേശം പോലും അനുഭവിക്കാതെ ചിരിക്കാൻ നമ്മളിൽ എത്ര പേർക്കു സാധിക്കും? പറഞ്ഞതല്ലേ, ഒന്നു ചിരിച്ചേക്കാമെന്നു കരതുമ്പോഴാകും ഒന്നിനു പിറകേ ഒന്നൊന്നായി ഓരോരോ പ്രശ്നങ്ങൾ മനസിലേക്കു പാഞ്ഞെത്തുന്നത്. അതോടെ ചിരി ആർക്കോ വേണ്ടിയുള്ള ഒരു കാട്ടിക്കൂട്ടലായിമാറും.

മാനസിക സംഘർഷങ്ങളെല്ലാം അകറ്റി ഏറ്റവും നിഷ്കളങ്ക ഭാവത്തോടെ ചിരിക്കണമെന്നുണ്ടോ? എങ്കിൽ ധൈര്യമായി കട്ടപ്പനയിലെ ചിരിക്ലബിലേക്കു ചെന്നോളൂ, ചിരിക്കാമെന്നു മാത്രമല്ല, നിങ്ങളുടെ പ്രശ്നങ്ങൾതന്നെ മറന്നു പോകും. ചിരിക്ലബ് തുടങ്ങിയതിനു പിന്നിൽ എന്താണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും ചിരിയിലൂടെ ആരോഗ്യം എങ്ങനെ മാറിമറിയുന്നെന്നും പറഞ്ഞുതരികയാണ് ചിരിക്ലബിന്റെ പ്രസിഡന്റ് സണ്ണി സ്റ്റോറിൽ.

ബിസിനസ്, ബാങ്കിങ്, ഹോസ്പിറ്റൽ, ഐടി തുടങ്ങി ഒട്ടുമിക്ക മേഖലയിലുമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. വല്ലപ്പോഴും കാണുമ്പോഴെല്ലാം ചർച്ചയിൽ വരുന്ന പ്രധാനകാര്യം ടെൻഷനാണ്, പ്രത്യേകിച്ച് ജോലിയുമായി ബന്ധപ്പെട്ട്. പത്തുമിനിറ്റ് സംസാരിക്കുന്നതിനിടെ ചുരുങ്ങിയത് മൂന്നു ഫോൺകോളെങ്കിലും അവർ അറ്റൻഡ് ചെയ്യുന്നുണ്ടാവും. ഈ സ്ട്രെസും ടെൻഷനുമെല്ലാം അവരെ എത്തിക്കുന്നത് പലതരം രോഗങ്ങളിലാണ്. ചെറിയപ്രായത്തിൽത്തന്നെ മുടി നരയ്ക്കുന്നതും അമിതമായ രക്തസമ്മർദ്ദവുമൊക്കെ ഇതിൽ ചിലതു മാത്രം. രാവിലെ 7.30–8 മണിക്ക് വീട്ടിൽ നിന്നിറങ്ങുന്ന പലരും തിരിച്ചെത്തുന്നത് രാത്രി 9.30–10 മണിക്കാണ്. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനുള്ള സമയം കിട്ടാറുമില്ല. ഈ സാഹചര്യത്തിലാണ് ചിരിക്ലബ് എന്ന പേരിൽ ഒരു സംഘടന തുടങ്ങിയാലോ എന്ന ആശയം മുന്നോട്ടു വന്നത്. ഇതിനെ എല്ലാവരും പിന്തുണച്ചതോടെ ചിരിക്ലബ് യാഥാർഥ്യമാകുകയായിരുന്നു.

പേരു കേൾക്കുമ്പോൾ, ഇവിടെ വന്ന് വെറുതേ തമാശകൾ പറഞ്ഞ് ചിരിക്കുകയാണെന്നു കരുതരുത്. എല്ലാവർക്കും മാനസികമായി റിലാക്സ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോമാണ് ചിരിക്ലബ് ഒരുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം യോഗാ സെക്‌ഷനാണ്. ലാഫിങ് യോഗ കൂടാതെ കുറേ എക്സർസൈസുകളും ചെയ്യുന്നുണ്ട്. ആദ്യമൊക്കെ പരിശീലകർ ഉണ്ടായിരുന്നു. എല്ലാവരും പഠിച്ചു കഴിഞ്ഞപ്പോൾ പരിശീലകരെ ഒഴിവാക്കി.

ഏകദേശം 150–ഓളം അംഗങ്ങൾ യോഗാക്ലബിലുണ്ട്. എല്ലാ ഞായറാഴ്ചയുമാണ് അംഗങ്ങൾ ഒത്തു കൂടുന്നത്. ഇതിൽ കുടുംബാംഗങ്ങൾ ഒന്നിച്ചാണ് പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കുടുംബസംഗമം കൂടിയാണ്. മാസത്തിൽ ഒന്നോ രണ്ടോ ഔട്ടിങ്ങും സംഘടിപ്പിക്കാറുണ്ട്. ഇതിനായി തിരഞ്ഞെടുക്കുന്നതു കൂടുതലും പ്രകൃതിഭംഗിയുള്ള, പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളാണ്. കുറച്ച് ശുദ്ധവായു ശ്വസിക്കാം എന്ന കാരണം കൂടി ഇതിനു പിന്നിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നതിലും കട്ടപ്പന ചിരിക്ലബ് മുൻനിരയിലുണ്ട്.

ചിരിക്ലബിലെ പരിശീലനത്തിനു ശേഷം പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായതായി അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലരും അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്നം ഉറക്കമില്ലായ്മ ആയിരുന്നു. ചെറിയ കാര്യത്തിനു പോലും വളരെയധികം ടെൻഷൻ അനുഭവിച്ചിരുന്നവരും കുറവല്ല. ഇപ്പോൾ എല്ലാവർക്കും സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ട്, പ്രശ്നങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവയ്ക്ക് പരിഹാരം നിർദേശിക്കാനും സാധിക്കുന്നുണ്ട്. പലരുടെയും മുൻകോപത്തിനും ശമനം ലഭിച്ചു. രാവിലെ റിലാക്സ് ചെയ്ത് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ട്. ബ്രീത്തിങ് യോഗയും നടുവേദന പോലുള്ള രോഗങ്ങൾക്കായുള്ള വ്യായായമമുറകളും ചെയ്യുന്നുണ്ട്.

വിദ്യാർഥികൾ മുതൽ റിട്ടയേർഡ് എസ്ഐ വരെ ചിരിക്ലബിലെ അംഗങ്ങളാണ്. മാനസിക പിരിമുറുക്കം അനുഭവിക്കാത്ത, ജീവിതശൈലീരോഗങ്ങളെ പടിക്കു പുറത്തു നിർത്തുന്ന, പ്രശ്നങ്ങളെ കരുത്തോടെ നേരിടുന്ന ഒരു തലമുറയെ വാർത്തെടുക്കുക– ഒപ്പം ചിരിക്ലബ് വഴി നല്ല ആരോഗ്യമുള്ളവരായിത്തീരുക– ഇതാകുന്നു ചിരിക്ലബിന്റെ പ്രഖ്യാപിത ലക്ഷ്യം.