കൊളസ്ട്രോൾ അത്ര വില്ലനല്ല!!!

മുട്ടയും വെണ്ണയും പാലുൽപന്നങ്ങളും മാംസവുമൊക്കെ കഴിച്ചോളൂ– ചീത്ത കൊളസ്ട്രോൾ കൂടുമെന്നും അതു ഹൃദയാരോഗ്യത്തെ ഉൾപ്പെടെ ബാധിക്കുമെന്നുമുള്ള ഭയം വേണ്ട. ഞെട്ടിയോ? പറയുന്നത് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് അഞ്ചു വർഷത്തിലൊരിക്കൽ മാർഗനിർദേശം നൽകുന്ന യുഎസ് ഡയറ്ററി ഗൈഡ്‌ലൈൻസ് അഡ്വൈസറി സമിതി (ഡിജിഎസി) യാണ്. ഇതുവരെ ‘കുഴപ്പം പിടിച്ച’ വിഭാഗത്തിൽ പെടുത്തിയിരുന്ന മുട്ട, മാംസം, നട്സ്, പാലുൽപന്നങ്ങൾ, വെളിച്ചെണ്ണ, കൊഞ്ച് തുടങ്ങിയവ ‘സുരക്ഷിത’ വിഭാഗത്തിലേക്കു മാറ്റിയിട്ടുമുണ്ട്.

അതു മാത്രമല്ല, ദിവസം തോറുമുള്ള കൊളസ്ട്രോൾ ഉപഭോഗം 300 മില്ലിഗ്രാമിൽ കൂടരുത് എന്ന മുൻ നിർദേശവും ഇക്കുറി ഒഴിവാക്കുമെന്നാണു ഡിജിഎസി പഠനത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തിനു പ്രതിദിനം 950 മില്ലിഗ്രാം കൊളസ്ട്രോൾ ആവശ്യമാണെന്നു ചില യുഎസ് ഡോക്ടർമാർ തന്നെ പറയുന്നു. റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവരാൻ കാത്തിരിക്കുകയാണ് ആരോഗ്യരംഗം. .

ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന കൊളസ്ട്രോളിനു ബ്ലഡ് കൊളസ്ട്രോളുമായി വലിയ ബന്ധമൊന്നുമില്ലെന്നാണു നിർണായക കണ്ടെത്തൽ. ഭക്ഷണപദാർഥങ്ങൾക്ക് രക്തത്തിലെ കൊളസ്ട്രോൾ നിലയെ പരമാവധി 20 ശതമാനം വരെ മാത്രമേ സ്വാധീനിക്കാനാവൂ എന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഹൃദയാഘാതം വന്നവരിൽ ഭൂരിപക്ഷത്തിനും കൊളസ്ട്രോൾ നിയന്ത്രണവിധേയമായിരുന്നുവെന്നും പഠനങ്ങൾ അവകാശപ്പെടുന്നു.

വേണം, ആവശ്യത്തിന് കൊളസ്ട്രോൾ

ആവശ്യത്തിനുള്ള അളവിൽ കരൾ സ്വാഭാവികമായി കൊളസ്ട്രോൾ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ചിലരുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ അളവിലായിരിക്കും കൊളസ്ട്രോൾ ഉൽപാദനം. ഇങ്ങനെയുള്ളവർ ‘ഡയറ്ററി കൊളസ്ട്രോളിനെ’ (ഭക്ഷണത്തിൽ നിന്നു കിട്ടുന്നത്) ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. പാരമ്പര്യമായി കൊളസ്ട്രോൾ കൂടുതലുള്ളവർ പൂരിത കൊഴുപ്പുകൾ അമിതതോതിൽ ഉള്ളിൽചെല്ലാതെ നോക്കുകയാണു വേണ്ടത്. പഞ്ചസാര, കൃത്രിമ മധുരം തുടങ്ങിയവയാണ് ഏറ്റവും വലിയ വില്ലന്മാരെന്നും ഡിജിസിഎ പറയുന്നു. അതുപോലെയാണു നാരുകളില്ലാതെ സംസ്കരിച്ചെടുക്കുന്ന ധാന്യങ്ങളും. ഇവ രണ്ടും കൂടി ചേർന്നാൽ വലിയ അപകടമാണെന്ന മുന്നറിയിപ്പുമുണ്ട്.

കരളിനു പണികൊടുക്കല്ലേ...

ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളിന്റെ അളവു കുറയുമ്പോൾ കരളിന്റെ ജോലിഭാരം കൂടുന്നു. ഇതു കരളിനു ദോഷം ചെയ്തേക്കാം. ആവശ്യത്തിനുള്ള കൊളസ്ട്രോൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെങ്കിലാണ് നിങ്ങളുടെ ആരോഗ്യം അപകടകരമായ അവസ്ഥയിലേക്കു പോകുന്നതത്രേ.