അരിയിലെ മായം തിരിച്ചറിയാം

നമ്മൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ധാന്യങ്ങളാണ് അരിയും ഗോതമ്പും. സാധാരണ അരിയെ വില കൂടുതലുള്ള കുത്തരി (ബ്രൗൺറൈസ്) ആക്കി മാറ്റാനുള്ള നിറം ചേർക്കലാണ് പൊതുവായ മായം. അരി കഴുകുമ്പോൾ തന്നെ ഇത്തരം മായം വീട്ടമ്മമാർക്ക് തിരിച്ചറിയാനാകും.

അരിയിൽ നിറം ചേർത്താൽ: അരിക്ക് നിറം കിട്ടാൻ മഞ്ഞൾപ്പൊടി ചേർക്കാറുണ്ട്. കുമ്മായപ്പൊടിയുടെ ലായനിയിൽ ഇത്തരം അരി ഇട്ടാൽ ലായനിയുടെ കളർ ചുവപ്പായി മാറുന്നു. അങ്ങനെ മായം തിരിച്ചറിയാം.

ഈർപ്പമുള്ള കൈയിലേക്ക് അൽപം അരിയെടുത്ത് നന്നായി തിരുമ്മിയാൽ നിറം നഷ്ടപ്പെടുന്നതുകണ്ടാൽ അതിൽ നിറം ചേർത്തതാണെന്നു മനസ്സിലാക്കാം.

അൽപം അരിയെടുത്ത് നാരങ്ങാനീര് ഒഴിച്ചാൽ ചുവപ്പു നിറം കാണുന്നുവെങ്കിലും അതു നിറം ചേർത്ത അരിയ‍ാണെന്നു മനസ്സിലാവും.

പച്ചരിയിൽ യൂറിയ കലർന്നാൽ: 30 അരിമണികൾ ഒരു ഗ്ലാസ്സിൽ എടുത്തശേഷം 5 മി.ലീ. വെള്ളം ഒഴിച്ച് നല്ലവണ്ണം കുലുക്കിവയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഇതിനെ ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനിയിൽ അര ടീസ്പൂൺ സോയ‍ാബ‍ീൻ പൊടി ചേർക്കുക. അഞ്ചുമിനിറ്റു കഴിഞ്ഞ് ഒരു ചുവന്ന ലിറ്റ്മസ് പേപ്പർ ഇതിൽ മുക്കുക. ലിറ്റ്മസിൽ നീല കളർ‌ ഉണ്ടാകുകയാണെങ്കിൽ ആ അരിയിൽ യൂറിയ ഉണ്ടെന്നു മനസ്സില‍ാക്കാം.

ഗോതമ്പിലെ പൂപ്പൽ

ഗോതമ്പിൽ എർഗട്ട്കലർന്നാൽ: ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്നു വിഷാംശമുള്ള ഒരു പ‍ൂപ്പൽ ആണ് എർഗട്ട്. ഒരു ഗ്ലാസ്സിൽ 20 ശതമാനം ഉപ്പുലായനി (100 മി.ലീ വെള്ളത്തിൽ 20 ഗ്രാം ഉപ്പ് ലയിപ്പിച്ചത്) എടുത്തശേഷം അതിൽ ഗോതമ്പ് ഇടുമ്പോൾ എർഗർട്ട് ബാധിച്ച് ഗോതമ്പ് മണികൾ ലായനിയിൽ മുകളിലായി പൊങ്ങിക്കിടക്കും.