കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തിൽ മാറ്റാൻ

ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്ന‍ു. രസകരമായ വസ്തുത, കണ്ണിനു ചുറ്റിനും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണം ഉറക്കക്കുറവാണ് എന്നതാണ്. കാഴ്ചക്കുറവ്, ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലും ചിലരിൽ കറുപ്പുനിറത്തിനു നിദാനമാകാറുണ്ട്. ചിലരിൽ പാരമ്പര്യമായി തന്നെ കണ്ണിനു ചുറ്റുമുള്ള ചർമം ഇരുണ്ടതായി കണ്ടുവരുന്നുണ്ട്. അപൂർവമായെങ്കിലും മസ്കാര, െഎ ലൈനർ എന്നിവയുടെ അലർജി കാരണവും കറുപ്പുനിറം വരാം.

നന്നായി ഉറങ്ങുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം ചികിത്സിച്ചു മാറ്റാനായി പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങണം എന്നതാണ്. കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിക്കണം. ദീർഘനേരം മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒഴിവാക്കുക.

ജോലി സംബന്ധമായി അധികനേരം കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവർ ഒരു മണിക്കുറിന്റെ ഇടവേളകളിൽ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും കണ്ണുകളടച്ച് ഇരിക്കുന്നത് നന്നായിരിക്കും.

സൺസ്ക്രീൻ പുരട്ടുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന്റെ ചികിത്സയിൽ പ്രധാനപ്പെട്ട ഒരു ഘടകം സൺസ്ക്രീനിന്റെ ഉപയോഗമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗ‍ിക്കണം പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം മൂന്നു–നാലു മണിക്കൂർ ഇടവിട്ട് വീണ്ടും പുരട്ടുകയും വേണം.

കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായത‍ിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്. ചികിത്സ തുടങ്ങി കുറഞ്ഞത് ആറാഴ്ചയെങ്കിലും കഴിയുമ്പോൾ മാത്രമേ കറുത്ത നിറത്തിൽ കുറവു കണ്ടുതുടങ്ങാറുള്ളൂ. ആസ്മ, തുമ്മൽ, കണ്ണുചൊറിച്ചിൽ തുടങ്ങിയ അലർജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂർണമായും ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. എങ്കിലും ലേപനങ്ങൾ കൊണ്ട് അല്പം കുറവു വരുത്താൻ കഴിയും.

ഡോ. സിമി എസ്. എം
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ജിജി ഹോസ്പിറ്റൽ, തിരുവനന്തപുരം