ഇനി ധൈര്യമായി കെട്ടിപ്പിടിച്ചോളൂ...

ഒരു ആലിംഗനത്തിലൂടെ സന്തോഷം ലഭിക്കുമോ? തീർച്ചയായും ലഭിക്കുമെന്നാണ് ഹോപ്പ് ആൻഡ് കെയർ സെന്ററിലെ മെന്റൽ ഹെൽത്ത് ഇംപ്രൂവ്മെന്റ് കൗൺസിലർ ഡോ. അൽക്ക ചന്ദ പറയുന്നത്. ആരോഗ്യത്തിന് ഗുണകരമായ അവനധി കാര്യങ്ങൾ ആലിംഗനത്തിലൂടെ ലഭിക്കുമത്രേ. പക്ഷേ ആ ആലിംഗനം എട്ട് മിനിട്ട് നീണ്ടു നിൽക്കുന്നതാകണം. എന്തുകൊണ്ടെന്നാൽ ഹോർമോണുകൾ പുറത്തേക്കുവരാൻ കുറച്ച് സമയമെടുക്കും. എട്ട് മിനിട്ട് ഹഗ്ഗിങ്ങിലൂടെ ലഭിക്കുന്ന എട്ട് ഗുണങ്ങളെക്കുറിച്ച് അറിയാം.

1. മസിലുകളുടെ വേദന അകറ്റാം

ഒരു ദിവസത്തിലധികവും ഒരേപോലെ ഇരുന്ന് ജോലിചെയ്യുന്നതും നിരവധി പ്രവർത്തികളിൽ ഏർപ്പെടുന്നതുമൊക്കെ മസിലുകൾക്ക് സ്ട്രെസ് ഉണ്ടാക്കുന്നുണ്ട്. വേദനാസംഹാരി കഴിച്ച് വേദന അകറ്റുന്നതിനെക്കാളും ഗുണം ചെയ്യാൻ ആലിംഗനത്തിനു സാധിക്കും. മസിലുകളെ റിലാക്സ് ചെയ്യിക്കുന്നതിലുപരി മസിൽ ടെൻഷൻ അകറ്റാൻ ഇതിലൂടെ കഴിയുന്നുണ്ട്.

2. ബന്ധങ്ങൾ ദൃഢമാക്കാം

കാണുമ്പോഴുള്ള ഒരു ചെറിയ ആലിംഗനമാകട്ടെ അത് രണ്ടു പേർ തമ്മിലുള്ള ബന്ധം ഒന്നു കൂടി ദൃഢമാക്കുകയാണ്. ഇത് റൊമാന്റിക്കോ നോൺറൊമാന്റിക്കോ ആകാം. ഹഗ്ഗിങ് നിങ്ങളുടെ മനസ് ശാന്തമാക്കുക മാത്രമല്ല ചെയ്യുന്നത് ഓക്സിടോസിൻ എന്ന ഹോർമോൺ സ്വതന്ത്രമാക്കുക കൂടി ചെയ്യുന്നുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാകാൻ കുഞ്ഞിന് ജൻമം നൽകുമ്പോഴും ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.

3. രക്തസമ്മർദ്ദം താഴ്ത്തുന്നു

ആലിംഗനം ചെയ്യുമ്പോൾ ഓക്സിടോസിനോടൊപ്പം തന്നെ സന്തോഷം നൽകുന്ന ഹോർമോണുകളായ എൻഡോർ‌ഫിനുകളും രക്തത്തിലൂടെ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഈ ഹോർമാണുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു.

4. എരിച്ചിൽ ഇല്ലാതാക്കുന്നു

ഹൃദയരോഗങ്ങൾ, പ്രമേഹം, പൃദയസ്തംഭനം തുടങ്ങിയവയിലേക്ക് എരിച്ചിൽ ചെന്നെത്താറുണ്ട്. ആലിംഗനം ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന ടോക്സിൻ ഹോർമോണുകൾ എരിച്ചിൽ അകറ്റാൻ സഹായകമാകുന്നുണ്ട്.

5. സമ്മർദ്ദം അകറ്റുന്നു

ടെൻഷനോ ദുഃഖമോ സമ്മർദ്ദമോ അനുഭവിക്കുമ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ടവരെ ഒന്ന് ആലിംഗനം ചെയ്തു നോക്കൂ, എന്തോ ഒരു ആശ്വാസം ലഭിക്കുന്നതായി അനുഭവപ്പെടുന്നില്ലേ. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനത്തെ കുറയ്ക്കാനും സന്തോഷം നൽകുന്ന സിറോടാമിന്റെ ഉൽപാദനം കൂട്ടാനും ആലിംഗനം ചെയ്യുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ നാഢീവ്യൂഹത്തിന് ആശ്വാസം നൽകുകയും തലച്ചോറിനെ ശാന്തമാക്കുകയും പോസിറ്റീവായ അവസ്ഥയിലേക്കു നയിക്കുകയും ചെയ്യും.

6. സഹാനുഭൂതി വർധിപ്പിക്കുന്നു

രണ്ടു പേർ തമ്മിലുള്ള പ്രശ്നങ്ങൾ അകറ്റി അനുകമ്പ ഉണ്ടാക്കാനും ആലിംഗനത്തിലൂടെ സാധിക്കും. തലച്ചോറിൽ പോസിറ്റീവായിട്ടുള്ള തരംഗങ്ങൾ സൃഷ്ടിക്കാൻ ആലിംഗനം സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു ടീനേജുകാരിയായ പെൺകുട്ടി അമ്മയുമായി വഴക്കുണ്ടാക്കി ഇരിക്കുകയാണെന്നു വിചാരിക്കുക, രണ്ടും പേരും പരസ്പരം സംസാരിക്കുന്നില്ല. അവിടെ ഒന്നു അമ്മയെ കെട്ടിപ്പിടിച്ചു നോക്കൂ, എല്ലാ പ്രശ്നങ്ങളും അവിടെ അവസാനിച്ചിട്ടുണ്ടാകും.

7. വിശ്വാസം ഇരട്ടിക്കും

ഒരു വ്യക്തിയെ ആലിംഗനം ചെയ്യണമെങ്കിൽ അവരുമായി നമുക്ക് അത്രയും നല്ല ബന്ധം ഉണ്ടായിരിക്കണം. സത്യസന്ധമായ ആശയവിനിമയത്തിനുള്ള വാതിൽ കൂടി ഇവിടെ തുറക്കപ്പെടുകയാണ്. ഇത് പര്സപരം സ്നേഹിക്കാനും ഓരോരുത്തരുടെയും തീരുമാനങ്ങളെ ബഹുമാനിക്കാനും പഠിപ്പിക്കുന്നു. കുടുംബത്തിനകത്തു തന്നെ സമാധാനവും സന്തോഷപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.

8. പ്രായമാകൽ തടയുന്നു

സന്തോഷം നൽകുന്ന ഹോർമോണുകളെ ഉണ്ടാക്കുകയും സമ്മർദ്ദം അകറ്റുകയും മാത്രമല്ല ഹഗ്ഗിങ്ങിലൂടെ സാധ്യമാകുന്നത്. എരിച്ചിൽ തടയുന്നതു വഴി ആരോഗ്യത്തോട ഇരിക്കാനും പ്രായാധിക്യത്തെ കുറയ്ക്കാനും പ്രായത്തിന്റെ ഊർജസ്വലത കാത്തുസൂക്ഷിക്കാനും സാധിക്കും.