അറിയൂ നമ്മുടെ മനം മാറ്റങ്ങൾ

ഒരു മാന്ത്രികപ്പുരയുടെ ഇരുൾക്കോണിൽ നിഗൂഢതയുടെ നിഴലുകൾ പോലെ നമ്മിൽ കുറച്ചുപേർ പതുങ്ങി നിൽക്കും ഒരു പ്രശ്നപരിഹാരക്കാരൻ മന്ത്രവാദിയുടെ വാമൊഴിക്കു കാതോർക്കും. ഒരു ഹോമകുണ്ഡത്തിനു മുമ്പിൽ, ആത്മാവിനെക്കൊണ്ടു കാര്യം സാധിപ്പിക്കുന്ന ഉയ്ജാബോർഡിന്നരികിൽ എല്ലാം കാണാം. പ്രശ്നങ്ങളിൽ നെഞ്ചുപുകയ്ക്കുന്നൊരു മലയാളിയെ സൈബർ ജ്യോതിഷവും ചാത്തൻസേവയും കറുത്തകുർബാനയും അതീന്ദ്രീയ ഫലസിദ്ധിയുടെ താഴ്്വരകളായി കാണുന്നു മലയാളി മനസ്സ്. ഭൂതകാലത്തിലാരായിരുന്നു എന്നറിയാനുള്ള അന്വേഷണങ്ങളിൽ പ്രകമ്പനം കൊള്ളുന്നവരുമുണ്ട്. ഉള്ളിൽ യാഥാസ്ഥിതിക മനസ്സു സൂക്ഷിക്കുമ്പോഴും പുറം പകിട്ടിൽ പുരോഗമനവാദിയായിരുന്നു മലയാളി . ഇന്നത് ക്രമേണ മാറുകയാണ്. മനഃശാന്തിക്കും രോഗനിവാരണത്തിനുമെല്ലാം വിശ്വാസകേന്ദ്രങ്ങളിൽ പരസ്യമായി ക്യൂ നിൽക്കുന്നു നാം. അത്യാധുനികതയുടെ ഈ കാലത്തിൽ മലയാളി മനസ്സിന്റെ ഈ വേറിട്ട സഞ്ചാരം ഏറെ അതിശയിപ്പിക്കുന്നതു തന്നെ.

നീ പൂർവജന്മത്തിലെൻ പ്രാണപ്രിയൻ

30കാരിയായ സ്വപ്ന എന്ന യുവഅധ്യാപികയ്ക്ക് പെട്ടെന്നൊരു ദിവസം ഒമ്പതാംക്ലാസ് വിദ്യാർത്ഥി സിദ്ധാർഥിനോട് അതിഗാഢമായൊരു സ്നേഹം. മലബാറിൽ നിന്നാണ് ഈ അനുഭവകഥ. നന്നായി പഠിക്കുന്നതിനാൽ ഈ സ്നേഹത്തെ വാത്സല്യമെന്നു കൂട്ടി കരുതി. ദിവസങ്ങൾ കഴിയുന്തോറും സ്നേഹം തീവ്രമായി. ക്ലാസിലെ സവിശേഷശ്രദ്ധയ്ക്കു പുറമേ അവനെ സ്റ്റാഫ് റൂമിലേക്കു വിളിപ്പിച്ചായി സ്നേഹപ്രകടനങ്ങൾ. അരികിൽ ചേർത്തു നിർത്തി മുടിയിഴകളിൽ വിരലോടിച്ച് സ്നേഹമസൃണയാകുന്ന ടീച്ചർ. കുട്ടി വിനീതവിധേയനായി നിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സിദ്ധാർഥിനെ ആരുമില്ലാത്തൊരു നേരം വീണ്ടും ടീച്ചർ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. ആലിംഗനം ചെയ്ത് കവിളിലൊരു ചുംബനം . ടീച്ചറിന്റെ പെരുമാറ്റങ്ങളിൽ സിദ്ധാർഥ് അദ്ഭുതപരതന്ത്രനായി. വീണ്ടും ചില ദിവസങ്ങളിൽ ഗുരുശിഷ്യബന്ധത്തിന്റെ അതിരുകൾ ഭേദിക്കുന്ന ചില നിലപാടുകൾ ടീച്ചറിന്റെ ഭാഗത്തുനിന്നുണ്ടായി. ചില സിനിമകളിൽ ഭാര്യഭർത്തൃബന്ധത്തിൽ മാത്രം കാണുന്ന തരം ഇഴയടുപ്പങ്ങൾ. അതു കുട്ടിയെ ടെൻഷനിലാക്കി.

പിറ്റേന്നും ടീച്ചർ അവനെ വിളിപ്പിച്ചു. പ്രണയാർദ്രയായി അവർ പറഞ്ഞതിങ്ങനെ—“നീ കഴിഞ്ഞ ജൻമത്തിൽ എന്റെ ഭർത്താവായിരുന്നു. ഞാൻ നിന്നെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. ” ഇക്കുറി സിദ്ധാർഥിന്റെ സപ്തനാഡികളും തകർന്നു. വീട്ടിലെത്തിയ അവൻ ഭക്ഷണം കഴിക്കാതെ, പഠിക്കാതെ , മുറിയടച്ച് തനിച്ചിരുന്നു. സ്കൂളിൽ പോകാതായി .എന്നാൽ മാതാപിതാക്കളോട് അവൻ ഒന്നും പറഞ്ഞില്ല. പക്ഷേ കടുത്ത വിഷാദത്തിലേക്ക് ആഴ്ന്നുകൊണ്ടിരുന്ന മകനെ വിദ്യാസമ്പന്നരായ ആ മാതാപിതാക്കൾ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചു. ആദ്യസിറ്റിങ്ങുകളിൽ കുട്ടി ഒന്നും വെളിപ്പെടുത്തിയില്ല. അഞ്ചാം തവണ ടീച്ചറിന്റെ വിചിത്ര പെരുമാറ്റത്തെക്കുറിച്ച് അവൻ സൈക്കോളജിസ്റ്റിനോടു മനസ്സു തുറന്നു.

കുട്ടിക്കു കുറച്ചുനാൾ കൗൺസലിങ് നൽകി പ്രശ്നം പരിഹരിച്ചു. വിവരങ്ങളിൽ ടീച്ചറാകെ അസ്വസ്ഥയായി. കാര്യങ്ങളറിയാൻ ഇതേ സൈക്കോളജിസ്റ്റിനെത്തേടി ടീച്ചറുമെത്തി. അപ്പോഴാണ് ടീച്ചറിന്റെ കഥ അദേഹമറിയുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായ ടീച്ചർ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മൂലം സ്ഥലത്തെ പ്രധാനപ്രശ്നപരിഹാരക്കാരനായ ഒരു മന്ത്രവാദിയെ കാണാൻ പോയിരുന്നു. ടീച്ചറിന്റെ അനുഭവങ്ങൾ കേട്ട അയാൾ പൂജാവിധികൾക്കൊടുവിൽ മറ്റൊരു പരിഹാരം നിർദേശിച്ചു. “നിന്റെ പൂർവജൻമത്തിലെ ഭർത്താവ് കൈയെത്തും ദൂരത്തുള്ളപ്പോൾ വിഷമിക്കുന്നതെന്തിന്? അവനിൽ ആനന്ദം കണ്ടെത്തുക” . മൂന്നാം ബഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന ആൺകുട്ടി എന്നു സിദ്ധാർഥിനെക്കുറിച്ചു വ്യക്തമായ സൂചന നൽകാനും അയാൾ മറന്നില്ല. അങ്ങനെയാണു ടീച്ചറിന്റെ മനസ്സിൽ വിദ്യാർഥിയോട് അനുരാഗം ഉടലെടുക്കുന്നത്.

സിദ്ധാർഥ് ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു കഴിഞ്ഞു. പക്ഷേ ടീച്ചറിന്റെ ഉള്ളിലെ ഗൂഢആനുരാഗത്തിന്റെ കനൽ കെട്ടുപോയോ ഇല്ലയോ എന്നറിയില്ല. ഒന്നു മാത്രം ഏറെ വിസ്മയിപ്പിക്കുന്നു. വിദ്യാസമ്പന്നയായ ആ ടീച്ചർ ജീവിതപ്രതിസന്ധി വന്നപ്പോൾ ആദ്യം പ്രശ്നപരിഹാരക്കാരനെ എന്തിനു സമീപിച്ചു എന്നത്. അയാളുടെ വാക്കുകളെ എന്തിന് അന്ധമായി വിശ്വസിച്ചു? ചില ജ്യോതിഷികളും മന്ത്രവാദികളും നിർദേശിക്കുന്നിടത്തു ബന്ധിക്കപ്പെടാനുള്ളതാണോ നമ്മുടെ മനസ്സ്.