മുഖക്കുരു യഥാസമയം ചികിത്സിച്ചില്ലെങ്കിൽ?

കൗമാരപ്രായക്കാരിൽ എൺപതു ശതമാനം പേർക്കും ഒരിക്കലെങ്കിലും മുഖക്കുരു ഉണ്ടാകാറുണ്ട്. പൊതുവേ 10 മുതൽ 12 വയസ്സാകുമ്പോഴാണ് മുഖക്കുരു ഉണ്ടായിത്തുടങ്ങുന്നത്. ചര്‍മത്തിലെ സ്നേഹഗ്രന്ഥികളിൽ (Sebaceous glands) ഉണ്ടാകുന്ന നീർവീക്കമാണ് മുഖക്കുരുവായി പ്രത്യക്ഷപ്പെടുന്നത്. ചുവന്നതോ ചർമത്തിന്റെ നിറത്തിൽ തന്നെ ഉള്ളതോ ആയ കുരുക്കളാണ്(black heads) മുഖക്കുരുവിന്റെ പ്രധാന ലക്ഷണം. കുറച്ചു പേരിൽ പഴുപ്പു നിറഞ്ഞ കുരുക്കളും ഉണ്ടാകാറുണ്ട്. നെഞ്ചിന്റെ മേൽഭാഗത്തും ചുമലിലും മുതുകിന്റെ മേൽഭാഗത്തും മുഖക്കുരു ഉണ്ടാകാം.

കൗമാരപ്രായക്കാരിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ സ്വാഭാവികമായി ഉ‍ണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുഖക്കുരുവിന്റെ കാരണം. അമിതമായി വിയർക്കുമ്പോൾ, പ്രത്യേകിച്ച് അന്തരീക്ഷ ഊഷ്മാവും ഈർപ്പവും (humidity) കൂടുമ്പോൾ ചിലരിൽ മുഖക്കുരു വര്‍ധിക്കുന്നതായി കണ്ടുവരുന്നു.

ഓരോ മാസവും ആർത്തവാരംഭത്തിനു മുമ്പായി ചിലരിൽ മുഖക്കുരുവിന്റെ എണ്ണം കൂടാറുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) ഉള്ളവരിൽ മുഖക്കുരുവിന്റെ എണ്ണം കൂടുന്നതായും സാധാരണ നൽകുന്ന ചികിത്സ ചിലപ്പോൾ ഫലപ്രദമാകാത്തതായും കാണുന്നുണ്ട്. സ്റ്റീറോയ്ഡുകൾ, ക്ഷയരോഗത്തിന്റെയും ചുഴലിയുടെയും ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകൾ, മാംസപേശീ വലുപ്പം വർധിപ്പിക്കുന്നതിനുള്ള അനബോളിക് സ്റ്റീറോയ്ഡുകൾ തുടങ്ങിയവയുടെ ഉപയോഗം കാരണം മുഖക്കുരുവിനു സമാനമായ കുരുക്കൾ ഉണ്ടാകാം. അപൂർവമായി ആർത്തവ വിരാമത്തോടടുത്തും വരാം.

മുഖക്കുരു പൊട്ടിക്കരുത്

മുഖക്കുരുവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ? ചോക്ലേറ്റ് കഴിച്ചാൽ കൂടുമോ? ഇത് ചികിത്സിക്കാതെ മാറില്ലേ? പലരും ചോദിക്കുന്നതാണിത്. മുഖക്കുരു യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കറുത്ത പാടുകളും തഴമ്പുകളും ഉണ്ടാകും. ഇത് പൂര്‍ണായി ചികിത്സിച്ചു മാറ്റുക അസാധ്യമാണ്. എണ്ണത്തിലും തരത്തിലും വ്യത്യസ്തമായിരിക്കും ഓരോരുത്തരിലും മുഖക്കുരു. ഇതും കണക്കിലെടുത്താണ് ‌ചികിത്സ നിർദേ‌ശിക്കുന്നത്.

റെറ്റിനോയ്ഡ് (Retinoid) വിഭാഗത്തിലുള്ള ലേപനങ്ങളാണ് പ്രധാനമായും ‌ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവമനുസരിച്ചാണ് (വരണ്ടതോ എണ്ണമയമുള്ളതോ എന്നതനുസരിച്ച്) ക്രീം ജെൽ രൂപത്തിലുള്ള ‌ലേപനങ്ങൾ നിർദേശിക്കുന്നത്.

റെറ്റിനോയ്ഡ് മരുന്നുകള്‍ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുന്നവയായതു കൊണ്ട് പകൽസമയത്തു പുരട്ടരുത്. ശരിയായി ഉപയോഗിച്ചാൽ കുരുക്കളോടൊപ്പം കറുപ്പു നിറവും തഴമ്പുകളും കുറയും.

ക്ളീൻഡോമൈസിൻ (Clindomycin) പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ മുഖ‌ക്കുരു ചികിത്സക്കായി ജെൽ രൂപത്തിൽ ലഭ്യമാണ്. എന്നാൽ ഈ മരുന്ന് അൽപകാലത്തേക്ക് ഫലം നൽകുമെങ്കിലും നീണ്ടകാലം ഉപയോഗിക്കുമ്പോൾ മുഖ‌‌ക്കുരു കൂടാം. അതുകൊണ്ട് റെറ്റിനോയ്ഡ് അല്ലെങ്കിൽ ബെൽസോയൽ പെറോക്സൈഡ് അല്ലെങ്കിൽ ബെൻസോയൽ പെറോക്സൈഡ് പോലുള്ള ലേപനങ്ങളും കൂടെ ഉപയോഗിക്കണം.

പഴുപ്പു നിറഞ്ഞ കുരുക്കൾ ഉണ്ടെങ്കിൽ ആന്റിബയോട്ടിക് ഗുളികകൾ നൽകാറുണ്ട്. മേൽപറഞ്ഞ തരത്തിലുള്ള ചികിത്സ ഫലിക്കാത്തവരിലും വളരെയധികം ഉള്ളവരിലും റെറ്റിനോയ്ഡ് വിഭാഗത്തിലുള്ള ഗുളികകളും നൽകാറുണ്ട്. ‌ഗർഭിണികളിലും മുലയൂട്ടുന്നവരിലും റെറ്റിനോയ്ഡ് വിഭാഗം മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല.

കുരുക്കള്‍ പൊട്ടിക്കാതിരുന്നാൽ കറുത്ത പാടുകളും തഴമ്പുകളും ഉണ്ടാകുന്നത് കുറ‌യ്ക്കാം. കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ചികിത്സിച്ചാലേ ഫലം കിട്ടൂ. ചില ‌മരുന്നുകൾ ഉപയോഗിക്കുമ്പോൾ കുരുക്കൾ കുറഞ്ഞാലും ഡോക്ടർ നിർദേശി‌ക്കുന്ന കാലം വരെ ചികിത്സ തുടരണം.

കറുത്ത പാടുകളും തഴമ്പുകളും കുറയ്ക്കാൻ കെമിക്കൽ പീലിങ്, ലേസർ തുട‌ങ്ങിയ ചികിത്സകൾ ഫലപ്രദമാണ്. മുഖക്കുരു ഉള്ള ബഹുഭൂരിപക്ഷം പേരിലും താരന്റെ ശല്യവും കാണാറുണ്ട്.

നെറ്റിയിൽ മുഖക്കുരു കാണുന്നവരിൽ താരൻ ചികിത്സിച്ചു മാറ്റുമ്പോൾ മാത്ര‌മേ ‌മുഖക്കുരുവും കുറയൂ.

ഡോ. സിമി എസ്. എം
കൺസൽ‌റ്റന്റ് ഡെർമറ്റോളജിസ്റ്റ്
ജി ജി ഹോസ്പിറ്റൽ.
അസോഷ്യേറ്റ് പ്രഫസർ, ഗോകുലം മെഡി. കോളജ്, തിരുവനന്തപുരം