ആരോഗ്യത്തോടെ സ്കൂൾ ബാഗ് ധരിക്കാൻ 9 കാര്യങ്ങൾ

ചുമലില്‍ തൂങ്ങുന്ന കനത്ത ഭാരത്തോടെയാണ് നമ്മുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. ആരോഗ്യകരമായി ബാഗ് ധരിക്കേണ്ടതെങ്ങനെ? തുടര്‍ന്നു വായിക്കുക.

ബാഗിന്റെ മുകള്‍വശം കുട്ടികളുടെ കഴുത്തിനു തൊട്ടുതാഴെയും അടിവശം അരയ്ക്ക് തൊട്ടടുത്തുമാകുന്ന വിധമായിരിക്കണം ബാഗിന്റെ അളവ്.

ബാഗിനു വീതി കൂടിയ പാഡ് വച്ച സ്ട്രാപ്പുകള്‍ ഉണ്ടാകണം. ചുമലിലെയും നട്ടെല്ലിലെയും മര്‍ദം ഇതു കുറയ്ക്കും.

കനം കൂടിയ പുസ്തകങ്ങള്‍ കുട്ടിയുടെ ശരീരത്തോടു ചേര്‍ന്നും കനം കുറഞ്ഞവ ബാഗിന്റെ പുറംഭാഗത്തേക്കും ഇരിക്കണം. ഭാരം കൂടിയവ ശരീരത്തില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ ബാഗ് കൂടുതല്‍ തൂങ്ങുകയും അതു നട്ടെല്ലിനെ ബാധിക്കുകയും ചെയ്യും.

ബാഗ് പരമാവധി ശരീരത്തോടു ചേര്‍ന്നു നില്‍ക്കുന്നവിധം സ്ട്രാപ്പിന്റെ വലുപ്പം ക്രമപ്പെടുത്തണം. ഇല്ലെങ്കില്‍ ഭാരം തൂങ്ങുന്നതു നട്ടെല്ലിനും തോളിനും സ്ഥാനചലനത്തിനിടയാക്കും. രണ്ടു സ്ട്രാപ്പിനും ഒരേ വലുപ്പമാകണം.

ബാഗ് അരയോടു ചേര്‍ത്തു സ്ട്രാപ്പ് ചെയ്യാനുള്ള സ്ട്രാപ്പ് ഉണ്ടായിരിക്കണം. ഇതു ഭാരത്തെ ചേര്‍ത്തുനിര്‍ത്തുകയും നട്ടെല്ലിലെ മര്‍ദം കുറയ്ക്കുകയും ചെയ്യും.

ബാഗുമായി ഓടുന്നത് ഒഴിവാക്കാന്‍ സമയം ക്രമപ്പെടുത്തുക. ബാഗുമായി ഓടിയാല്‍ തോളില്‍ ഭാരം കിടന്നാടുകയും ഇതു തോളിനെ ബാധിക്കുകയും ചെയ്യും.

കഴിവതും ഭാരം കുറഞ്ഞ ബാഗ് വാങ്ങിക്കുക. പുസ്തകങ്ങളുടെ എണ്ണം അനുസരിച്ച് അവ തിരഞ്ഞെടുക്കുക.

ആവശ്യമില്ലാത്ത അറകളുള്ള ബാഗ് ഉപയോഗിക്കാതിരിക്കുക. ഇതു ഭാരക്കൂടുതലിനു മാത്രമേ ഉപകരിക്കൂ.

വാഹനത്തില്‍ കയറുമ്പോള്‍ മുതിര്‍ന്നവരോ മുതിര്‍ന്ന സഹപാഠികളോ ചെറിയ കുട്ടികളുടെ ബാഗ് എടുക്കാന്‍ സഹായിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ്