നിങ്ങളുടെ ഉറക്കത്തിനുണ്ടോ ഒരു ടൈംടേബിൾ?

Image Courtesy : The Week Smartlife Magazine

ജോലി ചെയ്യാനും പഠിക്കാനും വിശ്രമിക്കാനും മാത്രം പോര ഉറങ്ങാനും വേണം ഒരു ടൈംടേബിൾ. എത്ര സമയം ഉറങ്ങുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോൾ ഉറങ്ങുന്നു, എപ്പോൾ ഉണരുന്നു എന്നതും. വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. എലികളെ ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് മനുഷ്യരിലും. ഓരോ വ്യക്തിയുടെയും ശരീരത്തിൽ ഒരു ക്ലോക്കുണ്ടെന്നും ഉറക്കത്തിന്റെ സമയവും ഈ ക്ലോക്കിൽ സെറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

ഉറക്കത്തിന്റെ സമയക്രമത്തിലുണ്ടാകുന്ന വ്യത്യാസം നമ്മുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം ശരീരം പെട്ടെന്നു രോഗങ്ങൾക്ക് അടിമപ്പെടുന്നു.

ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കുന്നു. ഇത്തരക്കാർക്ക് പെട്ടെന്ന് ദേഷ്യം വരികയും പ്രശ്നങ്ങളെ അതിവൈകാരികതയോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു.

ഉറക്കത്തിൽ സമയക്രമം പാലിക്കാത്തതുകൊണ്ട് ചിലർ ഉറക്കത്തിനിടയിൽ എഴുന്നേറ്റ് നടക്കാനിടയാകുന്നു.

ജോലിസമയത്തിലെ ക്രമമില്ലായ്മ, യാത്രകൾ തുടങ്ങിയവയാണ് സാധാരണ ഉറക്കത്തിന്റെ കൃത്യത നഷ്ടപ്പെടുത്തുന്നത്. ഇത്തരക്കാർ എല്ലാ ദിവസവും ഏറ്റവും സൗകര്യപ്രദമായ ഒരു ടൈംടേബിൾ ഉറക്കത്തിനു വേണ്ടി കണ്ടെത്തണം. അതു നടപ്പിലാക്കുകയും വേണം.

ഉറങ്ങുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ സൂക്ഷിക്കാൻ മറക്കരുത്. പലരും മെസേജ് അലർട്ട് ടോൺ കേട്ട് ഉറക്കം മുറിഞ്ഞുപോകാറുണ്ടെന്നു പരാതിപറയാറുണ്ട്.