ച്യൂയിങ്ഗം വിഴുങ്ങിയാല്‍ എന്തുസംഭവിക്കും ?

ച്യൂയിങ്ഗം വിഴുങ്ങിയാല്‍ എന്തു സംഭവിക്കും? വയറില്‍ ദഹിക്കാതെ വര്‍ഷങ്ങളോളം കിടക്കുമെന്നും മറ്റു ഭക്ഷണങ്ങള്‍ ദഹിക്കുന്നതിനു തടസ്സമുണ്ടാക്കുമെന്നുമെല്ലാമാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിഴുങ്ങിപ്പോകുമോ എന്ന ഭയം കാരണം പലര്‍ക്കും ച്യൂയിങ്ഗം വാങ്ങാന്‍ പോലും മടിയാണ്.  ച്യൂയിങ്ഗം തൊണ്ടയില്‍ കുരുങ്ങിയാല്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാം. എന്നാല്‍ ച്യൂയിങ്ഗം വയറില്‍ എത്തിയാല്‍ കുഴപ്പമില്ലെന്നാണ് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. 

ച്യൂയിങ്ഗത്തിലെ ചേരുവകളില്‍ പ്രധാനമായ റബര്‍ ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ദഹിക്കാത്ത വസ്തുക്കള്‍ പുറന്തള്ളുന്നതിനു സമാനമായ രീതിയില്‍ ഈ റബറും ശരീരം പുറന്തള്ളും.  ഇതിനു വര്‍ഷങ്ങളെടുക്കില്ലെന്നും വയറിലെത്തി തൊട്ടടുത്ത ദിവസംതന്നെ പുറത്തുവരുമെന്നും ഇവര്‍ വിഡിയോ സഹിതം വിശദീകരിക്കുന്നു.

ദഹനപ്രക്രിയയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.  ആദ്യഘട്ടം ചവയ്ക്കല്‍ തന്നെ.  ദഹനത്തിനു സഹായിക്കുന്ന ഉമിനീരിനൊപ്പം കൂടിക്കലരുന്ന ഭക്ഷ്യവസ്തുക്കള്‍ ആമാശയത്തിലെത്തി അവിടെ നിന്നും എന്‍സൈമുകളും പ്രോട്ടീനുകളുമായി കൂടിക്കലരും.  ഭക്ഷണത്തിലെ പോഷകങ്ങള്‍ വേര്‍തിരിക്കപ്പെടുന്നത് ഈ രാസപ്രക്രിയയിലൂടെയാണ്. പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടശേഷം ബാക്കിവരുന്നവ ശരീരത്തിലെ ആസിഡുകളുമായി ചേര്‍ന്നു കുഴമ്പുപരുവത്തിലാകും. എളുപ്പത്തില്‍ പുറന്തള്ളാന്‍വേണ്ടിയാണിത്. 

ച്യൂയിങ്ഗത്തില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളും ഓയിലുമെല്ലാം ദഹനത്തിന്റെ ആദ്യരണ്ടു ഘട്ടത്തില്‍തന്നെ ഘടകങ്ങളായി വേര്‍തിരിയും. റബര്‍ മാത്രമാവും ബാക്കിയാവുക. അത് വയറിലെത്തി ഒന്നോ രണ്ടോ ദിവസത്തിനകം പുറത്തുപോകുകയും ചെയ്യും.