Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളപ്പുറത്ത് പച്ചക്കറ‍ിതോട്ടം

vegetable-farming

എല്ലാവരും വീട്ടുമുറ്റത്ത് അൽപം പച്ചക്കറിയൊക്കെ നടുവാൻ ശ്രമിക്കുന്ന കാലമാണിന്ന്. മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാമെന്ന ചിന്തയാണ് ഈ പുതുതാത്പര്യത്തിനു പിന്നിൽ. എന്നാൽ പലരുടേയും അടുക്കളത്തോട്ടങ്ങൾ ആരംഭശൂരത്വത്തിൽ അവസാനിക്കാറുണ്ട്. കാരണങ്ങൾ പലതുണ്ട്. ചിലർക്ക് പച്ചക്കറികളെ പരിപാലിക്കാൻ സമയമില്ല. ചിലർക്ക് കീടനിയന്ത്രണം പ്രയാസമാണ്. തൈ നട്ടാലും പുഷ്ടിയോടെ വളരുന്നില്ല എന്നതാണ് മറ്റു ചിലരുടെ പരാതി. കൃഷിചെയ്യാൻ സ്ഥാലമില്ലാത്തതിനാൽ ജൈവകൃഷിയെക്കുറിച്ച് ചിന്തിക്കാത്തവരുമുണ്ട്. ഇതെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ്. പച്ചക്കറികൾ രാസവസ്തുക്കളുടെ കോക്ടെയിലാകുന്ന ഇക്കാലത്ത് അൽപസമയം ചെലവിട്ടാൽ ആരോഗ്യത്തോടെ ജീവിക്കാം എന്നു മറക്കരുത്. വീട്ടുമുറ്റത്തോ ടെറസ്സിലേ‍ാ അടുക്കളപ്പുറത്തോ മൂന്നു നാല‍ു ചുവട് പച്ചക്കറി നട്ടു തുടങ്ങൂ. സ്വന്തമായുണ്ടാക്കുന്ന പച്ചക്കറിയുടെ സ്വാദും ആരോഗ്യഗുണവും ഒരിക്കൽ അനുഭവിച്ചറ‍ിഞ്ഞാൽ പിന്നെ നിങ്ങളിൽ നിന്നു പിൻവാങ്ങില്ല.

ടെറസ്സിലോ വീട്ടുമുറ്റത്തോ?

നാലു പേരുള്ള ഒരു കുടുംബത്തിനു വേണ്ട പച്ചക്കറിവിളയിക്കാൻ വീട്ടുമുറ്റം തന്നെ ധാരാളം മുറ്റത്തു സ്ഥലമില്ലെങ്കിൽ ടെറസ്സിൽ പോളിത്തീൻ സിൽപോളിൻ ഷീറ്റ് വിരിച്ച് അവിടെ കൃഷി ചെയ്യാം. 15-18രൂപ കൊടുത്താൽ ഗ്രോ ബാഗുകൾ കിട്ടും. ഇല്ലെങ്കിൽ പഴയ പ്ലാസ്റ്റിക് ചാക്ക് നീളം കുറച്ച് എടുത്തതോ ചെടിച്ചട്ടിയോ ഒഴിഞ്ഞ പെയിന്റ് പാത്രമോ വീപ്പയോ എന്തും നടാനായി ഉപയോഗിക്കാം. ഗ്രോബാഗുകളുടെ അടിവശത്ത് വായുസഞ്ചാരത്തിനായുള്ള ധാരാളം സുഷിരങ്ങൾ കാണും. ചെടിച്ചട്ടിയോ വീപ്പയോ ആണെങ്കിൽ ചുവട്ടിൽ ഏതാനും ദ്വാരങ്ങൾ ഇടണം.

മണ്ണു നിറയ്ക്കുമ്പോൾ

മുറ്റത്തു നിന്നു തന്നെ മണ്ണ് എടുക്കാം. കൂടെ തുല്യ അളവിൽ ആറ്റുമണൽ, ചകിരിച്ചോർ കംപോസ്റ്റ്, ഉണക്കിപ്പൊടിച്ച ചാണകപ്പൊടി ഇവയിൽ ഏതെങ്കിലുമോ ചേർക്കുക. കാൽ ഭാഗം നിറച്ചിട്ട് മൂലകൾ അകത്ത‍േക്ക് മടക്കി വൃത്ത‍ാകൃതി ആക്കിയാൽ ചാക്ക് മറിഞ്ഞുപോകില്ല. ചാക്കിന്റെ മുക്കാൽഭാഗം മിശ്രിതം നിറയ്ക്കണം. എന്നിട്ട് ചാക്ക് പുറത്തേക്കു മടക്കിവയ്ക്കണം. ഒരോ ചാക്കിലും 100 ഗ്രാം വേപ്പിൻപിണ്ണാക്ക് 100 ഗ്രാം എല്ലിൻപൊടി ഇവ ചേർക്കാം. കൂടെ തേങ്ങയുടെ തൊണ്ട് നനച്ചത് ചെറുതായി അരിഞ്ഞു ചേർക്കുക. തൊണ്ട് അതിന്റെ ഭാരത്തിന്റെ ആറു മടങ്ങ് വെള്ളം പിടിച്ചുവയ്ക്കും . ഒര‍ു ദിവസം നനയ്ക്കാൻ വിട്ടുപോയാലും ചെടി വാടിപ്പോകില്ല.

എപ്പോൾ നടണം?

വെണ്ട, പയർ, പാവൽ പോലുള്ള വിത്തുകൾ വേറെ പാകി മുളപ്പിക്കേണ്ടതില്ല. എന്നാൽ പച്ചമുളക്, തക്കാളി, കത്തിരി, വഴുതിന, ചീര പോലുള്ള ചെറിയ അരിയുള്ളവ ചെറിയ ട്രേയിൽ ചകിരി കംപോസ്റ്റ് നിറച്ച് അതിലോ അല്ലെങ്കിൽ ചാക്കിൽ തന്നെയോ പാകി മുളപ്പിക്കണം. 25 ദിവസമാകുമ്പോൾ ഇത് വേരു പോകാതെ ഇളക്കിയെടുത്ത് ചാക്കിൽ നടാം. ഒരു ചാക്കിൽ രണ്ടോ മൂന്നോ തൈ നടാം പാകിമുളപ്പിക്കുന്ന ചെറുവ‍ിത്തുകൾ കഴിവതും മഴക്കാലത്ത് പാകരുത് മഴച്ചാറ്റലേറ്റ് ചെടിമറിഞ്ഞുപോകാം.

ബാക്കി പച്ചക്കറികൾ ഏതു സീസണിലും നടാവുന്നതാണ്. എങ്കിലും ജലലഭ്യതയുള്ള സെപ്റ്റംബർ-ഒക്ടോബറോടെ അരി പാകി മുളപ്പിച്ച ജനുവരി -ഫൈബ്രുവരിയോടെ വിളവെടുക്കുന്നത‍ാണ് കൂട‍ുതൽ വിളവു കിട്ടാൻ നല്ലത്.

ചില പച്ചക്കറികൾ ഇരട്ടക്കുട്ടികളെപ്പോലാണ്. ഒരാൾക്ക് രോഗം വന്നാൽ മറ്റേയാൾക്കും വരും അതുകൊണ്ട് തക്കാളിയും വഴുതനയും പോലുള്ള ഒരേ കുടുംബത്തിൽ പെട്ട പച്ചക്കറികളെ അടുപ്പിച്ചു വളർത്തരുത്. രോഗവും കീടാക്രമണവും പരസ്പരം പകരാം അതിനാൽ കലർത്തി നടുക.

വെള്ളം തളിച്ചുകൊടുക്കണം

രാവിലെയും വൈകിട്ടും നനച്ചുകൊടുക്കണം. പ്രത്യേകിച്ച് വേനൽക്കാലത്ത്. വെള്ളം ഇറ്റു വീണു നഷ്ടമാകുന്നത്ര അധികം ഒഴിക്കരുത്, എന്നാൽ ചെടി വാടിപ്പോകാനും പാടില്ല. ഹോസിട്ടു നനയ്ക്കുന്നതും സ്പ്രേ ചെയ്യുന്നതുമൊന്നും പ്രായോഗികമല്ല. മഗ്ഗിൽ വെള്ളം എടുത്ത് തളിച്ചുകൊടുക്കുക. ഇതുകൊണ്ട് രണ്ടു ഗുണമുണ്ട്. ഒന്ന്, വെള്ളം തളിക്കുമ്പോൾ ചെടിയുടെ ഇലയിലും തണ്ടിലും ചുവട്ടിലുമൊക്കെ വെള്ളം വീഴും രണ്ട്, രാവിലെ വെയിൽ വീഴുന്നതിനുമുമ്പാണ് സാധാരണ വെള്ളം തളിക്കാറ്. ഈ സമയത്ത് കീടങ്ങളെ കണ്ടെത്താൻ എളുപ്പമാണ്. വെള്ളം തവിക്കുന്ന സമയത്ത് കീടങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ തന്നെ നീക്കുകയുമാകാം. ഒരു ചാക്കിന് പരമാവധി ഒരു മഗ്ഗ് വെള്ളം ഒഴിച്ചാൽ മതിയാകും.

അടുക്കളയിൽ നിന്നു തന്നെ വളം

പച്ചക്കറിക്കു വളം തേടി പുറത്തേക്കു പോകേണ്ട കാര്യമില്ല. അടുക്കളമാലിന്യങ്ങൾ പൈപ്പ് ഉപയോഗിച്ചോ കലത്തിൽ ശേഖരിച്ചോ കംപേ‍ാസ്റ്റ് ആക്കിയാൽ ചെടിയുടെ ചുവട്ടിലിട്ടു കൊടുക്കാം. മാലിന്യസംസ്കരണവും എളുപ്പമാകും ഒാരോ ആഴ്ചയിലും ഒാരോ പിടി ചാരം, കരിയിലകൾ പൊടിച്ചത്, വേപ്പിൻ പിണ്ണാക്ക് എന്നിവയും വളമായി ഇട്ടുകൊടുക്കുക. നല്ല വിളവു കിട്ടും. വളമിട്ടുകൊടുക്കുമ്പോൾ ചെറിയ കമ്പ് കൊണ്ട് ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കണം.

അസോള എന്ന പന്നൽ വിഭാഗത്തിൽ പെട്ട ചെടി പച്ചക്കറികൾക്ക് നല്ല വളമാണ്. ടാർപോളിൻ ഷീറ്റു കൊണ്ട് തീർത്ത ടാങ്കുകളിൽ മണ്ണും ചാണകവും നിറച്ച് അസോള വളർത്താം. അസോള അരിഞ്ഞിട്ടാണ് ചെടികൾക്കു നൽകേണ്ടത്.

ഫിഷ് അമിനോ അമ്ലം

ഒരു കിലോ മത്തി നന്നായി നുറുക്കി അതിൽ ഒരു കിലോ ശർക്കര ചേർത്തടച്ച് 15-20 ദിവസം വയ്ക്കുക. ഈ ഫിഷ് അമിനോ അമ്ലം അരിച്ചെടുത്ത് അഞ്ചു മി.ലീ വീതം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. ജൈവമിശ്രിതം - അഞ്ചു കി.ഗ്രാം പച്ചച്ചാണകം, 500 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അഞ്ചു ലീറ്റർ വെള്ളം ഇവ ചേർത്ത് ഒരു വലിയ പാത്രത്തിൽ അടച്ചുവച്ച് അഞ്ചു ദിവസം പുളിപ്പിക്കുക. ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. ഈ മിശ്രിതം ഇരട്ടിവെള്ളം ചേർത്തു നേർപ്പിച്ച് രണ്ടു കപ്പു വീതം ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം. നാടൻ‌ പശുവിന്റെ ചാണകം, മൂത്രം പാൽ, നെയ്യ്, തൈര് എന്നിവ ചേർത്തു തയാറാക്കുന്ന ദ്രവമായ പഞ്ചഗവ്യവും പുഷ്പിക്കലും കായ്പിടിക്കലും മെച്ചപ്പെടുത്തുന്നു.

ജൈവകീടനാശിനികൾ ഏതൊക്കെ?

∙ രൂക്ഷഗന്ധമുള്ള ചെടികളുടെ ഇലകൾ അരച്ചു കലക്കി തളിക്കുന്നത് കീടങ്ങളെ അകറ്റും. തുളസി, ആര്യവേപ്പ്, കാഞ്ഞിരം, പനീകൂർക്ക എന്നിവയൊക്കെ അരച്ച് ഉപയോഗിക്കാം.

∙ മൃദുശരീരമുള്ള പുഴുക്കളെ അകറ്റാൻ കാന്താരി അരച്ചുകലക്കിയതും ഗോമൂത്രവും ചേർത്ത് ചെടികളിൽ തളിക്കുക. ഒര‍ു ലീറ്റർ പശുവിൻ മൂത്രത്തിൽ 20 ഗ്രാം കാന്താരി അരച്ച് കലക്കി അതിൽ ഒമ്പതു ലീറ്റർ‌ വെള്ളം ചേർത്തു വേണം തളിക്കാൻ.

∙ 150 രൂപ വിലവരുന്ന ഫിറമോൺ കെന്നി വിപണിയ‍ിൽ ലഭ്യമാണ്. ഇതു കീടങ്ങളെ ആകർഷിച്ചു പിട‍ിച്ച് കൊല്ലും.

∙ മു‍ഞ്ഞകളെ നശിപ്പിക്കാൻ കഞ്ഞിവെള്ളം നേർപ്പിച്ചു തളിക്കാം.

∙ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം നല്ലതാണ്. ഒരു ലീറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം ബാർസോപ്പ് (മഞ്ഞനിറമുള്ളത്) ലയിപ്പിക്കുക. ഇതിലേക്ക് 20 മി.ലീ വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളി അരച്ചതും കലർത്തി അരിച്ചെടുക്കുക. വൈകുന്നേരം ഈ ലായിനി ഇലകളുടെ ഇരുവശങ്ങളിലും തളിക്കാം വെർട്ടിസീലിയം ലെക്കാനി, ബ്യുവേറ‍ിയ ബാസിയാന എന്നിവ മൃദുശരീരമുള്ള കീടങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന തരം മിത്ര കുമിളുകളാണ്. ഇവയെ ഉപയോഗിച്ചു കീടങ്ങളെ നേരിടാം.

ജ‍ീവാണുവളങ്ങൾ

∙ സ്യൂഡോമോണാസ്- ഇലപ്പുള്ളി രോഗം പോലുള്ള ബാക്ടീരിയൽ പ്രശ‍്നങ്ങൾക്കും, തണ്ടു ചീയൽ അഴ‍ുകൽ പോലുള്ള ഫംഗസ് രോഗങ്ങൾ‌ക്കും ഫലപ്രദം. ചെടിവളർച്ചയെ വേഗത്തിലാക്കുന്നു. ഒരു ലീറ്റർ വെള്ളത്തിൽ 10 മി.ലീ സ്യൂഡോമൊണാസ് കലക്കി തളിക്കാം.

∙ ട്രൈക്കോഡെർമ- ഇതൊരു മിത്രകുമിളാണ്. ചാണകപ്പെ‍ാടിയോടൊപ്പം കലർത്തി വേപ്പിൻ പിണ്ണാക്ക് മിശ്രിതത്തിൽ ചേർത്ത് വളർത്തിയെടുക്കണം . കുമിൾരോഗങ്ങളെ തടയും.

∙ പിജിപിആർ മികസ് -1- മികച്ചൊരു ജീവാണുവളമാണ്. നൈട്രജനും ഫോസ്ഫ‍േറ്റും ആഗിരണം ചെയ്ത് ചെടികൾക്കും നൽകും. കംപോസ്റ്റിനൊപ്പം കലർത്തി നൽകാം. 50 കിലോ കംപോസ്റ്റിന് ഒരു കിലോ എന്നത‍ാണ് അനുപാതം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വി.ബി. പത്മനാഭൻ കാർഷിക കോളജ്, വെള്ളായണി

ഷീബ യു, മൈക്രോബയോളജി വിഭാഗം, കാർഷിക കോളജ് വെള്ളായണി, തിരുവനന്തപുരം

Your Rating: