Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പുതുക്കിപ്പണിയാം; ഇതാ 4 വീടുകൾ!

renovation-special-houses പുതുക്കിപ്പണി ഒരു കലയാണെന്ന് തെളിയിക്കുന്ന നാലുവീടുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ഏതൊരു മലയാളിയുടെയും സ്വപ്നമാണ് പുതിയ കാലത്തിനോട് യോജിച്ച സൗകര്യങ്ങളുള്ള വീട്. നിർമാണച്ചെലവുകൾ കുത്തനെ ഉയരുന്ന കാലത്ത് പഴയ വീട് മുഴുവനായി ഇടിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നത് കീശ ചോരാനേ ഉപകരിക്കൂ. പ്രതിവിധി പുതുക്കിപ്പണിയലാണ്...പുതുക്കിപ്പണി ഒരു കലയാണെന്ന് തെളിയിക്കുന്ന നാലുവീടുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

വിശ്വാസം വരുന്നില്ല, ഇത് പുതുക്കിപ്പണിത വീട് തന്നെയാണോ?

renovated-house-before-after

കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ഈ വീട് കണ്ടാൽ പുതുക്കിപ്പണിത വീട് ആണെന്ന് പറയുകയുമില്ല. അത്രയ്ക്കുണ്ട് പുതുമോടി. മാറുന്ന കാലത്തിനനുസരിച്ച് മുഖം മിനുക്കിയ വീട് ആണിത്. അക്കാലത്തെ മോഡേൺ ശൈലിയിൽ നിർമിച്ച വീടാണെങ്കിലും പഴയ വീട്ടിൽ മുറികൾ വളരെ ഇടുങ്ങിയതായിരുന്നു. കുറച്ചു കൂടി വിശാലമായ അകത്തളങ്ങളും സൗകര്യങ്ങളും ആവശ്യമാണ് എന്ന് തോന്നിയപ്പോഴാണ് ഗൃഹനാഥൻ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.

പഴയ വീട് പൊളിച്ചു മാറ്റാതെ മുറികൾ പുനർക്രമീകരിച്ചും എലിവേഷനിൽ മാറ്റങ്ങൾ വരുത്തിയുമാണ് പുതുമ നൽകിയത്. 14 സെന്റിൽ 5000 ചതുരശ്രയടിയിലാണ് ഈ വീട് പുതുക്കി നിർമിച്ചത്.

വൈറ്റ്, ഗ്രേ തീമാണ് പുതിയ എലിവേഷന് നൽകിയത്. വെള്ള നിറത്തിനു വേർതിരിവ് നൽകാനായി ഗ്രേ ക്ലാഡിങ് എലിവേഷനിൽ പതിപ്പിച്ചു. മുകളിൽ വലതുവശത്തെ ബാൽക്കണിയുടെ സമീപം വുഡൻ ഫിനിഷുള്ള ക്ലാഡിങ് ടൈലുകൾ പതിച്ചു. ഇവിടെ മറൈൻ പ്ലൈ കൊണ്ട് ലൂവർ ജനാലയും നൽകിയിട്ടുണ്ട്. മേൽക്കൂരയിൽ ബെയ്ജ് നിറമുള്ള സിമന്റ് ടൈലുകൾ വിരിച്ചു. എലിവേഷനോട് ചേരുന്ന ഇന്റർലോക്ക് ടൈലുകൾ മുറ്റത്ത് വിരിച്ചു. 

പ്രധാന വാതിൽ കടന്നു അകത്തേക്ക് കയറുമ്പോൾ സ്വകാര്യത ലഭിക്കുംവിധം ഇടതുവശത്തായി ഫോർമൽ ലിവിങ് സ്‌പേസ്. ഇതിനു ഗ്ലാസ് ഡോറുകൾ നൽകി. പ്രധാന ഹാളിന്റെ ഭിത്തിയിൽ വുഡൻ പെയിന്റ് ഫിനിഷ് നൽകി ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇതിനുവശത്തുള്ള ഭിത്തി മുഴുവൻ ക്ലാഡിങ് ടൈലുകൾ പാകി അലങ്കരിച്ചിട്ടുണ്ട്. വശത്തായി വൈറ്റ് സോഫ ക്രമീകരിച്ചു.

renovated-modern-house-hall

ഗോവണിയുടെ ഡിസൈൻ വരെ ശ്രദ്ധേയമാണ്. പടികളിൽക്കിടയിൽ ഗ്ലാസ് സ്ട്രിപ്പുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തത് വേറിട്ട ലുക്ക് നൽകുന്നു. തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് കൈവരികൾ തീർത്തത്. ഗോവണിയുടെ വശത്തായി സെമി ഓപ്പൺ ശൈലിയിൽ ഊണുമുറി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗ്ലാസ് ടോപ് നൽകി.

പുതുക്കിപ്പണിയുടെ പ്രഭാവം ഏറ്റവും പ്രകടമാകുന്നത് കിടപ്പുമുറികളിലാണ്. വിശാലമാണ് കിടപ്പുമുറികൾ. മുകളിൽ മൂന്നും താഴെ രണ്ടും കിടപ്പുമുറികളാണ് വീട്ടിൽ. ഇതിൽ താഴെയുള്ള ഒരു മുറി സ്പാ ആയി മാറ്റിയെടുത്തത് ശ്രദ്ധേയമാണ്.

റെഡ്+ ബ്ലാക് തീമിലാണ് മാസ്റ്റർ ബെഡ്‌റൂം. ബ്ലാക് ഗ്ലോസി ഫിനിഷിലാണ് ഇവിടെ വാഡ്രോബുകൾ നൽകിയിരിക്കുന്നത്. ഒരു കിടപ്പുമുറിയുടെ എതിർവശത്ത് സിറ്റിംഗ് സ്‌പേസും വാഡ്രോബും നൽകി. വളരെ കലാപരമായാണ് ബാത്റൂം പോലും അലങ്കരിച്ചത്. ലക്കി ബാംബൂവും ക്യൂരിയോസുമൊക്കെ ഇവിടെ നൽകിയിട്ടുണ്ട്. ഷവർ ക്യുബിക്കിളിനും ബാത്ത് ടബിനും ഇടയിലുള്ള ഭാഗത്ത് ഗ്ലാസ് ഫ്ളോറിങ് നൽകി പെബിളുകൾ വിരിച്ചു. ഇതിലൂടെ പ്രകാശം കടക്കുമ്പോൾ ബാത്‌റൂമിൽ സവിശേഷ പ്രഭ നിറയുന്നു.

അപ്പർ ലിവിങ് ക്രീം കളർ തീമിലാണ്. ഇവിടെ ക്രീം കളർ സോഫ യൂണിറ്റ് നൽകി. ഇതിനു എതിർവശത്തെ ഭിത്തിയിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇവിടുത്തെ ശ്രദ്ധാകേന്ദ്രം ഫോൾസ് സീലിങ്ങും ഷാൻലിയറുമാണ്. മുറിയുടെ മധ്യത്തിൽനിന്നും വശങ്ങളിലേക്ക് പടരുന്ന വിധമാണ് ഓവൽ ഷേപ്പിലുള്ള ഫോൾസ് സീലിങ്. നടുക്കായി പ്രൗഢഗംഭീരമായ ഷാൻലിയർ.  

മിനിമൽ ശൈലിയിൽ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിനു നൽകിയത്. ധാരാളം കബോർഡുകളും സ്‌റ്റോറേജ് യൂണിറ്റുകളും ഇവിടെ നൽകിയിട്ടുണ്ട്.

മുകൾ നിലയിൽ ഓപ്പൺ ടെറസിനു സമീപം ഒരു ജിം ക്രമീകരിച്ചു. ഇവിടെ വുഡൻ ഫിനിഷ് ഫ്ളോറിങ് നൽകി. ഇവിടെ നിന്നും ടെറസിലേക്ക് ബാംബൂ ഫിനിഷുള്ള പില്ലറുകളും പാലവും നൽകിയത് ശ്രദ്ധേയമാണ്. ബാൽക്കണിയിൽ പർഗോള ഗ്ലാസ് റൂഫിങ് നൽകിയിട്ടുണ്ട്. ഇവിടെയുള്ള കൈവരികൾക്കും ടഫൻഡ് ഗ്ലാസ് നൽകി.

ലാൻഡ്സ്കേപ്പിലെ ശ്രദ്ധാകേന്ദ്രം കൊട്ടയുടെ മാതൃകയിൽ സിമന്റ് പ്ലാസ്റ്ററിങ് നൽകിയ കിണറാണ്. പുൽത്തകിടിയും ചെടികളുമൊക്കെ ലാൻഡ്സ്കേപ്പിനെ സജീവമാക്കുന്നു. 

ചുരുക്കത്തിൽ പഴയ വീടിന്റെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് പുതുമോടിയോടെ വീട് പണിയുകയാണ് ഇവിടെ ചെയ്തത്. അതിലൂടെ പഴയ വീടിന്റെ ഓർമകൾ നിലനിർത്തുന്നതിനൊപ്പം പുതിയ കാലത്തിന്റെ സൗകര്യങ്ങളിലേക്കും ഈ വീട് സഞ്ചരിക്കുന്നു.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2017/09/15/renovated-modern-luxury-house-naduvattam-calicut.html

ഇതിൽ പഴയ വീട് എവിടെയെന്നു കണ്ടുപിടിക്കാമോ?

calicut-house-before-after

പുതിയ കാലത്തിന്റെ സൗകര്യങ്ങൾക്കൊപ്പം പഴയ തറവാടിന്റെ ഓർമകളും സമ്മേളിക്കുകയാണ് കോഴിക്കോട് ജില്ലയിലെ മൊകവൂരുള്ള ഹരികൃപ എന്ന വീട്ടിൽ. കോഴിക്കോട് ആകൃതി ആർകിടെക്ട്സിലെ ഡിസൈനർ മനോജ് കുമാർ സ്വന്തം വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത് വ്യക്തമായ പ്ലാനിങ്ങിനുശേഷമാണ്. ഒറ്റ നോട്ടത്തിൽ ഇതൊരു പുതുക്കിപ്പണിത വീടാണെന്ന് മനസ്സിലാവുകയില്ല. എന്നാൽ നിരവധി വെല്ലുവിളികൾ തരണം ചെയ്താണ് ഈ വീട് പുതുക്കിപ്പണിതത്. ഓടിട്ട പഴയ തറവാടിന്റെ ഭാഗങ്ങൾ സംരക്ഷിച്ചു, ഇതിനുചുറ്റുമാണ് പുതിയ വീടിന്റെ ഭാഗങ്ങൾ പണിതത്. നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നു 

പുതിയ നിർമിതിയിൽ പഴയ തറവാടുകളിൽ നൽകുന്നതുപോലെ കിളിവാതിലുകൾ നൽകിയത് ശ്രദ്ധേയമാണ്. എലിവേഷന് കോൺട്രാസ്റ്റ് നൽകുന്നതിലും ഇത് പങ്കുവഹിക്കുന്നു. വെള്ള നിറമാണ് എലിവേഷനിൽ കൂടുതലും. ഇടയ്ക്ക് കോൺട്രാസ്റ്റ് നൽകുന്നതിനായി മഞ്ഞ ഹൈലൈറ്റർ നിറങ്ങളും നൽകിയിട്ടുണ്ട്.

പുതുക്കിപ്പണിയിലെ ഏറ്റവും ശ്രദ്ധേയമായ ഘട്ടം പഴയ തറവാടിന്റെ മുകൾ നിലയിലെ ബലക്ഷയം വന്ന കഴുക്കോലുകളും മോന്തായവും മാറ്റി രണ്ടിഞ്ചു കനമുള്ള കോൺക്രീറ്റ് സ്ലാബുകളും മെഷുകളും കൊണ്ട് വെൽഡ് ചെയ്തു ബലപ്പെടുത്തിയതായിരുന്നു. ഇതിലൂടെ കുറെയേറെ ഗുണങ്ങളുണ്ടായി.

കയറിച്ചെല്ലുന്നത് വിശാലമായ വരാന്തയിലേക്കാണ്. ലെതർ ഫിനിഷുള്ള കോട്ട സ്‌റ്റോണാണ് ഇവിടെ നൽകിയത്. പ്രധാനവാതിൽ തുറക്കുന്നത് ഒരു ഫോയർ സ്‌പേസിലേക്കാണ്. ഇവിടെ നിന്ന് പൂജ സ്‌പേസിലേക്കാണ് ആദ്യം കാഴ്ചയെത്തുക. തടിയിൽ കൊത്തുപണികൾ നൽകിയ പൂജാമുറിയുടെ വാതിൽ ശ്രദ്ധേയമാണ്.

renovated-tharavadu-interior

വീടിനകത്തേക്ക് കയറുമ്പോൾ പുറത്തുള്ള പ്രകൃതിയും കൂടെ കയറുന്നതുപോലെ തോന്നും. ഇതിനു കാരണം, ഇന്റീരിയറിലെ ഹൈലൈറ്റ് എന്നുപറയാവുന്ന കോർട്യാർഡാണ്‌. ഇതിലൂടെ സമൃദ്ധമായി വെളിച്ചം ഉള്ളിലേക്കെത്തുന്നു. താഴെ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. മുകളിൽ പർഗോള ഗ്ലാസ് റൂഫ് നൽകിയിട്ടുണ്ട്. ഇതിനു മുകളിലായി ഒരു എക്സ്ഹോസ്റ്റ് ഫാനും നൽകി. ഇത് അകത്തെ ചൂടുവായുവിനെ പുറന്തള്ളുകയും അകത്തളത്തിൽ സുഖകരമായ താപനില നിലനിർത്തുകയും ചെയ്യുന്നു. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതിനാൽ പകൽ സമയങ്ങളിൽ ഇവിടെ ഫാനിന്റെയോ ലൈറ്റിന്റെയോ ആവശ്യമില്ല.

ലെതർ ഫാബ്രിക് ഫിനിഷിലുളള സോഫ യൂണിറ്റാണ് ലിവിങ്ങിൽ നൽകിയിരിക്കുന്നത്. ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഇതിനിടയിൽ സെമിപാർടീഷനായി നൽകിയിരിക്കുന്നത് ടിവി യൂണിറ്റാണ്. 

പ്രധാന മുറികളിൽ പ്ലൈ+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ തടിയിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ക്യൂരിയോസ് നൽകി വീടിന്റെ പലഭാഗങ്ങളും അലങ്കരിച്ചിട്ടുണ്ട്.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. സ്വകാര്യത നൽകിയാണ് ഓരോ കിടപ്പുമുറികളും ഒരുക്കിയിരിക്കുന്നത്. പുതിയ കാലത്തിനനുസൃതമായി അറ്റാച്ഡ് ബാത്റൂമുകളും, വാഡ്രോബുമൊക്കെ നൽകിയിട്ടുണ്ട്. 

ബലക്ഷയം വന്നു പൊളിച്ചുകളഞ്ഞ ഭാഗത്തെ തടിയും കല്ലുകളുമൊക്കെ മറ്റിടങ്ങളിൽ പുനരുപയോഗിച്ചിട്ടുണ്ട്. മുറ്റം നാച്വറൽ സ്‌റ്റോൺ പാകി ബലപ്പെടുത്തി. പുരപ്പുറത്തു വീഴുന്ന മഴവെള്ളത്തെ ഭൂമിയിലേക്കിറക്കാനായി മഴക്കുഴികളും ഇവിടെ നൽകിയിട്ടുണ്ട്. പുൽത്തകിടിയും മരങ്ങളും ഒക്കെ ലാൻഡ്സ്കേപ്പിന്റെ ഭാഗമായി നിലനിർത്തിയിരിക്കുന്നു. 

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2017/08/31/renovated-tharavadu-with-modern-aminities-calicut.html

12 ലക്ഷം രൂപയ്ക്ക് പുതുക്കിപ്പണിത കിടിലൻ വീട്!

before-after

വളരെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രവാസിയായ ബിജുകുമാറും ഭാര്യ മൗര്യയും കൊട്ടാരക്കരയ്ക്ക് സമീപം കടമ്പനാട് പുത്തൂരിൽ ഒരു വീട് വാങ്ങിയത്. ഇടപാട് നടക്കുമ്പോൾ ഇരുവരും വിദേശത്തായിരുന്നതിനാൽ ബന്ധുക്കളാണ് നടപടികൾക്ക് മുന്നിൽനിന്നത്.

നാട്ടിലെത്തുമ്പോഴാണ് വീട് ആദ്യമായി കാണുന്നത് തന്നെ. വിചാരിച്ചപോലെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മുഴുവൻ പൊളിച്ചു കളഞ്ഞിട്ട് പണിയാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് വീടിനെ സംരക്ഷിക്കാമെന്നതിലുറച്ചു. വീട് കൂടുതൽ സൗകര്യപ്രദമാക്കുന്ന പണി ഇന്റീരിയർ ഡിസൈനർ ലിനോഷ് ഏറ്റെടുത്തു.

മുകളിലൊരു നില കൂടി പണിതെടുക്കാൻ തീരുമാനമായി. ഭാവിയിൽ രണ്ട് നില പണിയാനുള്ള ഉദ്ദേശ്യത്തിൽ ബലവത്തായ അടിത്തറ കെട്ടിയതിനാൽ പഴയ വീട് ഭാരം താങ്ങുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അങ്ങനെ മുകളിൽ രണ്ട് അറ്റാച്ഡ് കിടപ്പുമുറികളും ഹാളും പണിതീർത്തു. വീട്ടുകാർ താഴത്തെ നിലയിൽ താമസിച്ചുകൊണ്ടാണ് മുകൾനില പണിതത്.

after-renovation

ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പുറത്തു കൂടെ താൽക്കാലിക സ്റ്റെയർകെയ്സും പണിതു. പഴയ സിറ്റ്ഔട്ട് ഒന്ന് രൂപം മാറ്റിയെടുത്തപ്പോൾ എക്സ്റ്റീരിയറിന്റെ ലുക്ക് തന്നെ മാറി. സുരക്ഷയ്ക്കായി ഗ്രിൽ പിടിപ്പിച്ചു. ബാൽക്കണിയിൽ പർഗോള നൽകി. ആഷ്, വെള്ള നിറങ്ങളിൽ വീടിനെ കൂടുതൽ സുന്ദരമാക്കി.

തറയില്‍ വിട്രിഫൈഡ് ടൈലുകൾ പാകി. 1200 ചതുരശ്രയടി ഉണ്ടായിരുന്ന വീടിനെ 2100 ചതുരശ്രയടിയിലേക്ക് വളർത്തിയെടുത്തു. അത്രയും പണികൾ 12 ലക്ഷം രൂപയ്ക്കുള്ളിൽ തീർത്തു. ഇതേ സൗകര്യങ്ങൾ വച്ച് പുതിയ വീട് പണിതിരുന്നെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം തുക ചെലവായേനേ എന്ന് വീട്ടുകാർ പറയുന്നു. പുതുക്കിപ്പണിതതിലൂടെ നല്ലൊരു വീട് ലഭിച്ചു. ഒപ്പം പണവും ലാഭിച്ചു.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2017/07/29/renovated-house-for-12-lakhs.html

മനം മയക്കുന്ന മാറ്റവുമായി തറവാട് വീട്! 

renovated-tharavad-malappuram

മലപ്പുറം കൊണ്ടോട്ടിയിലുള്ള മുപ്പതു വർഷം പഴക്കമുള്ള ഒരു മുസ്‌ലിം തറവാടായിരുന്നു ഇത്. ചുറ്റിനും ധാരാളം വരാന്തകളുള്ള തറവാടിന്റെ താഴത്തെ നില ഒറ്റ ഹാൾ ആയിട്ടായിരുന്നു പണിതത്. കിടപ്പുമുറികൾക്ക് സ്ഥലലഭ്യത കുറവായിരുന്നു. നേർത്ത പ്രകാശം മാത്രമേ അകത്തേക്ക് എത്തുമായിരുന്നുള്ളൂ. സ്വീകരണമുറിയോ ഊണുമുറിയോ വേർതിരിച്ചിരുന്നില്ല. അങ്ങനെ പരിമിതികൾ എറിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ചു ചിന്തിച്ചത്.

തറവാടിന്റെ പഴമ നിലനിർത്തിക്കൊണ്ടുള്ള പുതുക്കിപ്പണിയാകണം എന്നതും ആവശ്യമായിരുന്നു. അതിനാൽ പുറംഭിത്തികളിൽ അധികം മാറ്റങ്ങൾ വരുത്താതെ ഇന്റീരിയറിലെ ഭിത്തികളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലലഭ്യത ഉറപ്പുവരുത്തിയത്. 1750 ചതുരശ്രയടിയാണ് വിസ്തീർണം.

പുറംകാഴ്ചയിൽ ഒരു കൊളോണിയൽ പ്രൗഢി കൂടി കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനുവേണ്ടി വൈറ്റ്+ ഗ്രേ പെയിന്റാണ് പുറംഭിത്തികളിൽ അടിച്ചത്. കൂടാതെ മുൻപിലെ ജനാലകൾക്കും വാതിലുകൾക്കുമെല്ലാം വൈറ്റ് പിയു പെയിന്റ് ഫിനിഷ് നൽകി. അങ്ങനെ കൂടുതൽ കാലം ഈർപ്പവും പായലുമേൽക്കാതെ വീടിന്റെ കാഴ്ച നിലനിൽക്കും എന്നുറപ്പുവരുത്തി. 

പുതുക്കിപ്പണിക്കുശേഷം താഴത്തെ നിലയിൽ സ്വീകരണമുറിയും ഊണുമുറിയും പ്രത്യേകമായി വേർതിരിച്ചു. വിശാലമായ രണ്ടു കിടപ്പുമുറികൾ വന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയെല്ലാം ഇവിടെ ഒരുക്കി. പ്രകാശത്തെ അകത്തേക്ക് ആനയിക്കാനായി ധാരാളം ജനാലകളും ഒപ്പം ക്രോസ്സ് വെന്റിലേഷനും നൽകി. അതോടെ അകത്തളങ്ങൾ കൂടുതൽ സജീവമായി.

colonial-makeover-home-dining

തടി കൊണ്ടുള്ള മച്ചാണ് താഴത്തെ നിലയിൽ മേൽക്കൂരയെ അടയാളപ്പെടുത്തുന്നത്. ജനാലകൾക്കും വാതിലുകൾക്കും പഴയ തടി പുനരുപയോഗിച്ചു എന്നതും ശ്രദ്ധേയമാണ്. തടി കൊണ്ട് മിനിമൽ ശൈലിയിലാണ് ഗോവണി. ജിഐ മെറ്റൽ ഫ്രയിമുകൾ കുത്തിനിർത്തിയുള്ള കൈവരിയുടെ ഡിസൈനും ശ്രദ്ധേയമാണ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ.

ലളിതമായ അടുക്കള. ഇതിനു സമീപമുള്ള വർക്ക് ഏരിയയിൽ സ്ത്രീകൾക്ക് ഒത്തുകൂടി സൊറ പറഞ്ഞിരിക്കാൻ വരാന്തയും ചെറിയൊരു പാൻട്രി സ്‌പേസും ഒരുക്കി. ഊണുമുറിക്ക് സമീപം ഒരു പ്രെയർ ഏരിയ, സ്വീകരണമുറിയോട് ചേർന്ന് ഒരു റീഡിങ് സ്‌പേസ് എന്നിവയും സജ്ജീകരിച്ചു.

ബലക്ഷയം വന്ന തടികൊണ്ടുള്ള കഴുക്കോലുകൾ മാറ്റി ജിഐ ഫ്രയിമുകൾ നൽകി. മേൽക്കൂരയിലെ പഴയ കളിമൺ ഓടുകൾ പോളിഷ് ചെയ്തു പുനരുപയോഗിച്ചതോടെ വീട് പുതിയ കാലത്തിന്റെ ക്‌ളാസ് ലുക്കിലേക്ക് തിരിച്ചെത്തി.  ചെടികളും മാവും പ്ലാവും മറ്റു ഫലവൃക്ഷങ്ങളുമൊക്കെ വീടിനു തണൽ വിരിക്കുന്നു.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2018/01/22/renovated-traditional-house-malappuram.html