തൂണുകളിലാണീ വീട്! ചെലവ് വെറും 17 ലക്ഷം

വയനാട്ടിൽ കുത്തനെയുള്ള ഭൂപ്രദേശത്തു പില്ലറുകൾ നിർമിച്ചു പണിതീർത്തിരിക്കുന്ന വീട്

കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഒരുപാടുള്ള പ്രദേശമാണ് വയനാട്. ഇതുപോലൊരു സ്ഥലത്ത് നിരപ്പായ നിലമൊരുക്കി വീടു പണിയുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഭൂമിയുടെ സ്ട്രക്ചറിനു മാറ്റം വരുത്താതെ വീടു പണിയുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വർധനവുണ്ട്. രണ്ടുതട്ടിൽ പണിതിരിക്കുന്ന വീടുകൾ വയനാട്ടിൽ പലയിടത്തും കാണാം. എന്നാൽ 2011 ൽ 17 ലക്ഷം രൂപ മുടക്കി പണിതീർത്തതാണു തൂണുകളിലുള്ള ഈ വീട്.

വീടിന്റെ പുറകുവശത്തു നിന്നുള്ള കാഴ്ച.

ഈ പ്ലോട്ടിൽ വീടു പണിയുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട എന്ന പലരുടേയും അഭിപ്രായമാണ് ആർ. ഹേമചന്ദ്രനെ ആ സ്ഥലത്തു തന്നെ വീടു പണിയണം എന്ന വെല്ലുവിളി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ബിഎസ്എൻഎല്ലിൽ ഇലക്ട്രിക്കൽ വിങ്ങിലെ എക്സിക്യൂട്ടീവ് എൻജിനീയറാണ് ഹേമചന്ദ്രൻ. വയനാടിനോടുള്ള ഇഷ്ടം കൊണ്ടാണ് ഹേമചന്ദ്രനും ഭാര്യ തേജശ്രീയും പത്തു സെന്റ് സ്ഥലം അവിടെ വാങ്ങിയിട്ടത്.

മൂന്നു നില താഴ്ചയിൽ കുത്തനെയുള്ള പ്ലോട്ട്. കൽപറ്റയിലെ ടൗൺ ഏരിയ ആണെങ്കിലും പ്ലോട്ടിന്റെ ഒരു വശം കാടുപോലെ കിടക്കുന്നു. ഇത്രയും താഴ്ചയിലേക്ക് ഇറങ്ങിപ്പോകാൻ പറയത്തക്ക വഴിപോലും ഇല്ല. എന്നിട്ടും ഈ വീടിന്റെ നിർമാണവുമായി മുന്നോട്ടു പോകാൻതന്നെ ഹേമചന്ദ്രൻ തീരുമാനിച്ചു. 

കുത്തനെയുള്ള സ്ഥലത്ത് എങ്ങനെ വീടുവേണമെന്ന ആശയങ്ങൾ സ്വയം പ്ലാൻ ചെയ്ത് എൻജിനീയർ ബിജോയി ആന്റണിയെക്കൊണ്ടു വരപ്പിച്ചു. അങ്ങനെ ഏറ്റെടുത്ത ആ വെല്ലുവിളി ഇപ്പോൾ കാണുന്ന ഈ വീടായി മാറി. പുറമേനിന്നു നോക്കുമ്പോൾ ഒരു കുഞ്ഞു വീട്. അതിനപ്പുറം ആർക്കും ഒന്നും തോന്നില്ല. എന്നാൽ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നു ബെഡ്റൂമുകളോടുകൂടിയ 1100 ചതുരശ്രയടി വീടാണിത്. 

ഫ്രണ്ട് വ്യൂ

ഇങ്ങനെ ഒരു വീടിവിടെയുണ്ടെന്ന് ആരുടേയും കണ്ണിൽ പെടാത്തപോലെ ചെടികളും മരങ്ങളും വളർന്നു നിൽക്കുന്നു. പകുതിയാക്കിയ ഹെക്സഗൺ ഷേപ്പിലാണ് ഫ്രണ്ടേജ്. കാർ പാർക്ക് ചെയ്യാൻ സ്ഥലവുമുണ്ട്.

ലിവിങ്

ലിവിങ്

വളരെ ഒതുക്കമുള്ള ലിവിങ് റൂം. അതിന്റെ വലതു വശത്തായി മാസ്റ്റർ ബെഡ്റൂം. വീടിന് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളെല്ലാം തന്നെ ചുരുങ്ങിയ ബജറ്റിലുള്ളവയാണ്. ലിവിങ്ങിൽനിന്നു പടികളിറങ്ങിച്ചെല്ലുന്നത് ഡൈനിങ് ഏരിയയിലേക്കും അവിടെനിന്ന് അടുക്കളയിലേക്കുമാണ്. 

അടുക്കളുടെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു പുറത്തേക്കു നോക്കിയാൽ അറിയാം നമ്മൾ എത്ര ഉയരത്തിലാണു നിൽക്കുന്നതെന്ന്. നാലുനില ഉയരത്തിലാണു വീടിന്റെ ഒന്നാം നില. ഇതാണു റോഡ് നിരപ്പിൽ ഉള്ളത്.‌ ഈ വീടിനു ഗ്രൗണ്ട് ഫ്ലോർ എന്നൊന്നില്ല. ഡൈനിങ് ഏരിയയിൽനിന്നു വീണ്ടും ഒരു നില താഴേക്കിറങ്ങി വേണം ബാക്കി രണ്ടു ബെഡ്റൂമുള്ള നിലയിലേക്കു ചെല്ലാൻ. അവിടെയുമുണ്ട് പുറത്തേക്കുള്ള ബാൽക്കണി. ഏതു സമയവും സുഖമുള്ള ഒരു തണുപ്പാണവിടെ. നട്ടുച്ചയ്ക്കുപോലും ഫാനിന്റെ ആവശ്യമില്ല. 

രണ്ടു കിടപ്പുമുറികൾ

പില്ലറുകളുടെ മുകളിലാണ് ഈ രണ്ടു നില വീടു പണിതിരിക്കുന്നത്. ഒന്നാം നിലയാണ് ഗ്രൗണ്ട് ഫ്ലോർ. ബാക്കി താഴേക്ക് ഉള്ള നിലകൾ തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു. ഉടമസ്ഥൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരിക്കുന്നതു പില്ലർ വാർത്തതിലും സൈഡ് വോളിന്റെ ഉറപ്പിലുമാണ്. ‌ഇന്ന് ഇത്തരത്തിലൊരു വീടിന് ഏകദേശം ഇരുപത്തിരണ്ടു മുതൽ ഇരുപത്തിയഞ്ചു ലക്ഷം വരെ ചെലവു വന്നേക്കാം.