തനിയെ പ്ലാൻ വരച്ച് വീടുപണിത വീട്ടമ്മയുടെ കഥ

തനിയെ പ്ലാൻ വരച്ച്, പഴയ നിർമ്മാണ സാമഗ്രികൾ തേടിപ്പിടിച്ച് വീടുപണിത വീട്ടമ്മയുടെ കഥ; വീടിന്റേയും...

വീടുപണി തീർത്ത് പണിക്കാർ പടിയിറങ്ങിയ നിമിഷം. അതിപ്പോഴും ലിൻഡയുടെയും ഓർമയിലുണ്ട്. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും തിരതള്ളലായിരുന്നു മനസിൽ. ഏറെനാൾ സ്വപ്നം കണ്ട, താൻ തന്നെ വരച്ചുണ്ടാക്കിയ വീട് യാഥാർത്ഥ്യമായി പിന്നിൽ നിൽക്കുന്നു. കൊതിതീരെ നോക്കിക്കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

വീടു നിറയെ പു‍ഞ്ചിരിപ്പൂക്കൾ

ഇപ്പോൾ നിറയെ പുഞ്ചിരിപ്പൂക്കൾ നിടർന്നു നിൽക്കുകയാണ്, ‘നവനീതം’ എന്നു പേരിട്ടിരിക്കുന്ന നാലുകെട്ടിനുള്ളിലും, ലിൻഡയുടെ മുഖത്തും. ബന്ധുക്കൾക്കും കൂട്ടുകാർക്കുമെല്ലാം വീട് പെരുത്തിഷ്ടമായി. പണി തീർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വീടു കാണാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. പക്ഷേ, വീടുപണിയുടെ സമയത്ത് ഇങ്ങനെയൊന്നുമല്ലായിരുന്നു കാര്യങ്ങൾ. ലിൻഡ ടീച്ചർ എന്തോ മണ്ടത്തരം ചെയ്തു കൂട്ടുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.

“വീട്ടുകാരി മുന്നിട്ടിറങ്ങി വീടുപണിയുന്നു. അതും കുറെ ആക്രിസാധനങ്ങളും കൊണ്ട്.” നാട്ടുകാരുടെ നാവിന് ഇതിൽ കൂടുതലെന്തെങ്കിലും വേണോ?

അന്നും ലിൻഡ തളർന്നില്ല. കാരണം മനസ്സിലെ സ്വപ്നം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.

പ്രണയം പഴയ വീടിനോട്

പഴയ വീടുകളോടുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആറാം വയസു മുതൽ കണ്ട തറവാടു വീടുകളെല്ലാം ഒളിമങ്ങാതെ ഇപ്പോഴും ലിൻഡയുടെ ഓർമയിലുണ്ട്. എംഎയും ബിഎഡും പൂർത്തിയാക്കി അധ്യാപികയായതോടെ യാത്രക്കിടയില്‍ പഴയ വീടുകൾ കാണുമ്പോഴെല്ലാം അവിടെ ഇറങ്ങും. കഴിയുമെങ്കിൽ ഫോട്ടോയുമെടുത്ത് വിശേഷങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കും.

വിവാഹം കഴിഞ്ഞപ്പോഴും ലിൻഡയുടെ ഒരാഗ്രഹം മാത്രം പൂവണിയാതെ നിന്നു. “ഓടു മേഞ്ഞ പഴമയുടെ തണുപ്പുള്ളൊരു വീട്ടിൽ താമസിക്കണമെന്ന മോഹം.”

കരിപ്പച്ചയും വെള്ളയും മാർബിൾ കൊണ്ടാണ് തറയിൽ ചെസ് ബോർഡ് പാറ്റേൺ സൃഷ്ടിച്ചത്.

അപ്പോഴാണ് തൃശൂരിനടുത്ത് തിരൂരിൽ വാങ്ങിയ അഞ്ച് സെന്റിൽ പുതിയൊരു വീടുവച്ചാലോ എന്ന ആലോചന വരുന്നത്. ആയുർവേദ മരുന്നുകൾക്കു വേണ്ട സാധനങ്ങളുടെ കച്ചവടമാണ് ഭർത്താവ് സിജോ ജോർജിന്. ഇതിന്റെ തിരക്കുള്ളതിനാലും ഭാര്യയുടെ മനസ്സറിയുന്നതിനാലും പുതിയ വീടിന്റെ മുഴുവൻ ചുമതലയും സിജോ ലിൻഡയെ ഏൽപ്പിച്ചു.

പുഷ്പം പോലെ പ്ലാൻ വരച്ചു

ഒറ്റദിവസം കൊണ്ടു തന്നെ ലിൻഡ വീടിന്റെ പ്ലാൻ വരച്ചു. അതും ഓരോ മുറികളുടെയും കൃത്യമായ അളവുകൾ സഹിതം. ഏതു വീട്ടിലെത്തിയാലും കാലുകൾ കൊണ്ട് മുറികളുടെ അളവെടുത്തു നോക്കുന്ന ടെക്നിക്കാണ് ഇക്കാര്യത്തിൽ തുണയായത്. ഒൻപതി‍ഞ്ചിനടുത്താണ് ലിൻഡയുടെ ഒരു കാൽപാദത്തിന്റെ നീളം. അതിന്റെ മൂന്നിലൊന്നു കൂടെ കണക്കാക്കിയാൽ ഒരടിയായി!

ഈ പ്ലാൻ വീടിനു സമീപത്തുള്ള വാസ്തു വിദഗ്ധനെ കാണിച്ച് അളവുകൾ ചിട്ടപ്പെടുത്തിയെടുക്കുക മാത്രം ചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് കെട്ടിട നിർമാണ അനുമതിക്കായി പ്ലാൻ പ‍ഞ്ചായത്തിൽ കൊടുത്തത്. പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി നാലുവശത്തും ഒഴിച്ചിടേണ്ട സ്ഥലം, കിണറും സെപ്റ്റിക് ടാങ്കും തമ്മിലുള്ള ദൂരം തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കി. അതിനനുസരിച്ചാണ് പ്ലാൻ തയ്യാറാക്കിയത്. ബിൽഡിങ്ങ് പെർമിറ്റും മറ്റ് അനുമതികളുമെല്ലാം നേരിട്ടുതന്നെ സംഘടിപ്പിച്ചു. ‘പഞ്ചായത്തിൽ ജോലി കിട്ടിയോ ’ എന്നായിരുന്നു പലരുടേയും ചോദ്യം.

മതിൽ കെട്ടിയായിരുന്നു വീടുപണിയുടെ തുടക്കം. ഇടയ്ക്കിടെ വിടവ് നല്‍കാതെ മുഴുവനായി കൂട്ടിയോജിപ്പിച്ച് കെട്ടണമെന്ന് പറഞ്ഞപ്പോൾ ‘ഇടിഞ്ഞു വീണാലും അത്രയും ഭാഗം മാത്രമായല്ലേ വീഴൂ.. ഇതാ നല്ലത്’ എന്നായിരുന്നു മറുപടി. പിന്നീടുള്ള പണികൾക്ക് അവരെ വിളിക്കാൻ മനസ്സു വന്നില്ല. പറയുന്ന ആശയങ്ങൾ കേൾക്കാനും ഒന്നു ശ്രമിച്ചുനോക്കാനുമുള്ള സന്മനസ്സുള്ള ജോലിക്കാർക്കായായിരുന്നു അന്വേഷണം.

പഴയൊരു തടി ഗോവണി വാങ്ങി പുതുക്കി ഉപയോഗിച്ചപ്പോൾ ചെലവായത് 1000 രൂപ മാത്രം!

വീടിനടുത്തുള്ള ഡേവിസേട്ടനെപ്പോലെയുള്ളവരെയാണ് തറകെട്ടലിന്റെ പണി ഏൽപ്പിച്ചത്. കുട്ടനെല്ലൂരിലുള്ള ഒരു വീട് കണ്ടിഷ്ടപ്പെട്ട് അത് നിർമിച്ചവരെ ചുമരിന്റെയും മേൽക്കൂരയുടെയും പണി ഏൽപ്പിച്ചു. തറ പൂർത്തിയായപ്പോഴാണ് ലിൻഡയ്ക്ക് ആത്മവിശ്വാസമായത്.

പഴയത് തേടി അലച്ചിൽ

പഴമയ്ക്ക് ചേരുന്ന നിർമാണവസ്തുക്കൾ തേടിയുള്ള അലച്ചിലായിരുന്നു അടുത്ത ഘട്ടം. തറയോടും ആത്തൻകുടി ടൈലും കൊണ്ട് തറയൊരുക്കാനായിരുന്നു പദ്ധതി. തൃശൂരിലെ ഒാട്ടുകമ്പനികളിലെല്ലാം കയറിയിറങ്ങി. മനസ്സിലുദ്ദേശിച്ചപോലെയുള്ള തറയോട് ഇപ്പോൾ ഒരിടത്തും നിർമിക്കുന്നില്ലെന്ന് ബോധ്യമായി. ആത്തൻകുടി നിർമ്മിക്കുന്ന മലപ്പുറത്തെ വ്യാപാരിയെ തേടിച്ചെന്നപ്പോൾ അവിടെയും തടസ്സം. ആവശ്യക്കാരില്ലാത്തതിനാൽ അവര്‍ ഉൽപാദനം നിർത്തിയത്രേ. ഒടുവിൽ മാർബിൾ കൊണ്ട് ചെസ് ബോർഡ് ഡിസൈനിൽ തറയൊരുക്കി പ്രശ്നം പരിഹരിച്ചു. കൊടുങ്ങല്ലൂരിലുള്ള കടയിൽ നിന്ന് കണ്ടുപിടിച്ച ആത്തൻകുടി ടൈലിന്റെ മാതൃകയിലുള്ള ടൈൽ മുകളിലത്തെ മുറികളിൽ ഉപയോഗിച്ചു.

ഒറ്റപ്പാലത്തെ പഴയ തടി വിൽക്കുന്ന കടയിൽ നിന്ന് കിട്ടിയതാണ് പൂമുഖത്തിന്റെ രണ്ടു തൂണുകളും മുഴുവൻ ജനലുകളും. നടുമുറ്റത്തിന്റെ തൂണുകളും തടികൊണ്ടുള്ള സ്റ്റെയർകേസും തൃശൂർ ഒളരിയിൽ നിന്ന് വിലപേശി വാങ്ങി. ഒരു തൂണിന് നൂറ് രൂപ. സ്റ്റെയർകെയ്സിന് ആയിരം രൂപ. ഇങ്ങനെയായിരുന്നു വില.

മുകൾനിലയിൽ ആത്തൻകുടി ടൈലിന്റെ മാതൃകയിലുള്ള സെറാമിക് ടൈൽ ഉപയോഗിച്ചു.

തടി മാത്രമല്ല മൊബൈൽ ടവറും ലിൻഡ വില പേശി വാങ്ങി. അതും ആക്രിക്കടയിൽ നിന്ന്. പൊളിച്ച ടവറിന്റെ കമ്പി കൊണ്ടാണ് രണ്ടാം നിലയിലെ ട്രസ് റൂഫ് നിർമ്മിച്ചത്. 15,000 രൂപയിൽ താഴെയേ ഇതിനു ചെലവു വന്നുള്ളു.

പൊട്ടിക്കരഞ്ഞു പോയ നിമിഷം

ലിൻഡയും കുടുംബവും

ട്രസ് റൂഫിൽ പഴയ ഓട് മേയാനായിരുന്നു തീരുമാനം. ഇതിനായി പലയിടങ്ങളിൽ നിന്നായി ഒരു രൂപ നിരക്കിൽ ആയിരത്തഞ്ഞൂറോളം ഓട് സംഘടിപ്പിച്ച് അടുക്കിവച്ചു. മേൽക്കൂര നിർമ്മിക്കുന്നവർ ഇതിൽ നിന്ന് രണ്ട് ഓടെടുത്ത് അതിന്റെ അളവിൽ പട്ടികയെല്ലാം പിടിപ്പിച്ചു. പിന്നീട് ഓട് മേയാൻ തുടങ്ങിയപ്പോഴാണ് അറിയുന്നത്; പല കമ്പനികളുടെ ഓടുകളാണ് കിട്ടിയിരിക്കുന്നത്. പല അളവിലുള്ളത്. ഇതു വച്ച് മേഞ്ഞാൽ ഉറപ്പായും ചോർച്ചയുണ്ടാകും. ഒന്നുകിൽ പട്ടിക മുഴുവൻ മാറ്റിപ്പിടിപ്പിക്കണം. അല്ലെങ്കിൽ പട്ടികയടിച്ച അതേ അളവിലുള്ള ഓട് കിട്ടണം. ലിൻഡയ്ക്ക് കരയുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.

രണ്ട് ഓടുമായി പത്തോളം ഫാക്ടറികളിൽ കയറിയിറങ്ങി ഒടുവിൽ ഒരിടത്ത് അതേ അളവിലുള്ള ഓട് കണ്ടുപിടിച്ചു. മുഴുവൻ ഓടും പുതിയത് വാങ്ങേണ്ടി വന്നു.

പാലുകാച്ചൽ ദിവസം വീട്ടിലെത്തിയവർ വൈകുന്നേരമായിട്ടും തിരിച്ചുപോകാതെ കാറ്റും കൊണ്ടിരുന്ന് വർത്തമാനം പറയുന്നത് കണ്ടപ്പോഴാണ് ലിൻഡയുടെ മനസ്സ് നിറഞ്ഞത്.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.