Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപ്പതിൽ നിന്നും പതിനേഴിലേക്ക് ഒരു ഗംഭീര തിരിച്ചുപോക്ക്...!

before-after 40 വര്‍ഷം പഴക്കമുള്ള ഇരുനില വീടിനെ അടിസ്ഥാന സൗകര്യങ്ങൾ മാത്രം നിലനിർത്തി അടിമുടി മാറ്റിയെടുത്തു.

ഒരു കാലത്ത് മാവേലിക്കരയ്ക്കടുത്ത് ചെറുകോലിലെ കൗതുകക്കാഴ്ചയായിരുന്നു കൊഴിക്കാല വീട്. 3000 ചതുരശ്രയടി വലുപ്പം. നാട്ടിലെ ആദ്യ മൊസെയ്ക് തറ. പണിതീർന്ന് കുറേനാളേക്ക് വീടുകാണാനെത്തുന്നവരുടെ തിരക്കായിരുന്നു.

old-house-mavelikkara പഴയ വീട്

അത് 40 വർഷം മുമ്പത്തെ കഥ! കാലം മാറിയതോടെ വീടിന്റെ മുഖശ്രീയും മങ്ങി. ഒട്ടും ഫാഷനബിളല്ല എന്ന് വീട്ടുകാർക്കൊരു തോന്നൽ. അതിലും വലിയ പ്രശ്നം മുറികളുടെ വലുപ്പക്കുറവായിരുന്നു. ഇഷ്ടംപോലെ മുറികളുണ്ടെങ്കിലും ഒന്നിനും ആവശ്യത്തിനു വലുപ്പമില്ല. നടുവിലെ മുറികളിൽ ശരിക്ക് കാറ്റും വെളിച്ചവും എത്തുകപോലുമില്ല.

ആവശ്യത്തിനു സ്ഥലം ഉള്ളതിനാൽ തൊട്ടടുത്തുതന്നെ പുതിയൊരു വീട് പണിയൂ എന്ന ഉപദേശമാണ് ഡോക്ടർ പ്രശാന്തകുമാറിന് കൂടുതലും ലഭിച്ചത്. പക്ഷേ, വീട് പുതുക്കിപ്പണിയാനായിരുന്നു പ്രശാന്തിന്റെ തീരുമാനം. രണ്ടു കാരണങ്ങളായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. ഒന്നാമത് അച്ഛൻ പണിത വീട്. അത് പൊളിക്കാനുള്ള വിഷമം. രണ്ടു വീട് വന്നാൽ പിന്നെ എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ കഴിയുകയുമില്ല. ഇതു ബോധ്യപ്പെട്ടതോടെ വീടു പുതുക്കുന്നതിന് എല്ലാവരും സമ്മതം മൂളി.

ഭംഗി കൂട്ടി; വലുപ്പവും

renovated-home-mavelikkara

10x10 അല്ലെങ്കിൽ 10x12 അടി വലുപ്പമായിരുന്നു മിക്ക മുറികൾക്കും. എവിടെ നോക്കിയാലും ഭിത്തി തന്നെ ഭിത്തി. പോരാത്തതിന് മേൽക്കൂരയിൽ കൂടി തലങ്ങും വിലങ്ങും ബീമുകളും. ഇവ രണ്ടും ഒഴിവാക്കണമെന്നാണ് ഡിസൈനര്‍ അനൂപ് കുമാറിന് വീട്ടുകാർ നൽകിയ മുഖ്യനിർദേശം. രണ്ടെണ്ണം ഒന്നാക്കിയും പുതുതായി സ്ഥലം കൂട്ടിയെടുത്തും മുറികളുടെ വലുപ്പം കൂട്ടാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷമാണ് അനൂപ് വീടുപുതുക്കൽ നടപടികൾ ആരംഭിച്ചത്.

ഫ്രെയിംഡ് സ്ട്രക്ചർ എന്ന നിലയിലേക്ക് കെട്ടിടത്തെ മാറ്റുകയായിരുന്നു ആദ്യപടി. ഇതിനായി പലയിടത്തും പുതിയ കോൺക്രീറ്റ് പില്ലർ നൽകി. ഇവിടങ്ങളില്‍ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ഭിത്തിയും അടിത്തറയും മുറിച്ചുമാറ്റി തറയിൽ പുതിയ ‘കോൺക്രീറ്റ് ഫൂട്ടിങ്’ നൽകിയാണ് പില്ലറുകൾ പണിതത്. ഈ പില്ലറുകളെ നിലവിലുള്ള ബീമുകളുമായി ബന്ധിപ്പിച്ചതോടെ കെട്ടിടത്തിന്റെ ഉറപ്പ് കൂടി. പുതിയ പില്ലറും ബീമും നിർമിച്ച് ഫ്രെയിംഡ് സ്ട്രക്ചർ രീതിയിലാണ് പുതിയ മുറികൾ നിർമിച്ചതും.

new-look-mavelikkara-home

മുമ്പുണ്ടായിരുന്ന ബീമുകൾ എല്ലാം ഉള്ളിലാകുംവിധം ഫോൾസ് സീലിങ് ചെയ്തതോടെ കെട്ടിടത്തിന്റെ അഭംഗി നല്ലൊരുപരിധിവരെ മാറി. ഇഷ്ടികകൊണ്ടായിരുന്നു ചുവരുകളെല്ലാം നിര്‍മിച്ചിരുന്നത്. പുതിയതായി ചുവരുകെട്ടിയ ഇടങ്ങളിലെല്ലാം സോളിഡ് കോൺക്രീറ്റ് കട്ടയാണ് ഉപയോഗിച്ചത്.

മുറികൾ വളർന്നു വലുതായി

renovated-home-living ഫ്ളോറിങ്, വയറിങ്, പെയിന്റിങ് എന്നിവ മുഴുവനായി പുതുക്കി. പഴയ ബീമുകൾ മറയ്ക്കാൻ മിക്ക മുറികളിലും ഫോൾസ് സീലിങ് നൽകി.

എല്ലാ മുറികൾക്കും ആവശ്യത്തിനു വലുപ്പം ലഭിച്ചു എന്നതാണ് പുതുക്കിപ്പണിയൽ കൊണ്ടുണ്ടായ പ്രധാന മാറ്റം. പഴയ ചെറിയ ജനാലകളെല്ലാം മാറ്റി വലുപ്പമുള്ളവ നൽകിയതോടെ മുറികൾക്കുള്ളിലെല്ലാം നല്ല വെളിച്ചമെത്തുന്ന സ്ഥിതിയുമായി.

പുതിയ സിറ്റ്ഔട്ടും കാർപോർച്ചും വന്നതോടെ വീടിന്റെ മുൻഭാഗം അപ്പാടെ മാറി. രണ്ടുമുറികൾ ഒന്നാക്കിയതോടെ സ്വീകരണമുറിയുടെ പ്രൗഢി കൂടി. പഴയ ഡൈനിങ് ഹാളും പൂജാമുറിയും കൂടിയാണ് ഫാമിലി ലിവിങ് ആയി മാറിയത്. പഴയ സ്റ്റോർ റൂമും സ്റ്റെയർ ഏരിയയുടെ കുറച്ചു ഭാഗവും കൂടിച്ചേർന്നതാണ് ഇപ്പോഴത്തെ ഡൈനിങ് സ്പേസ്. മുമ്പ് സ്റ്റെയർ ഏരിയ തീരെ ഇടുങ്ങിയതായിരുന്നു. അടിയിൽ കോമൺ ബാത്റൂം വരുന്ന രീതിയിൽ കോൺക്രീറ്റ് സ്റ്റെയർകെയ്സ് ആണ് ഉണ്ടായിരുന്നത്. ഇവിടം അപ്പാടെ പൊളിച്ചു പണിതു. പഴയ പൊണ്ണത്തടിയനു പകരം സ്റ്റീൽ ഫ്രെയിമിൽ തടിപ്പലകകൾ പിടിപ്പിച്ചുണ്ടാക്കിയ ചുള്ളൻ സ്റ്റെയർകെയ്സാണിപ്പോഴുള്ളത്. ഇതിനു മുകളിൽ സ്കൈലിറ്റ് ഓപനിങ് കൂടി നൽകിയതോടെ വെളിച്ചക്കുറവിന് പരിഹാരമായി. സ്റ്റെയർകെയ്സിന് അടിയിലായാണ് പുതിയ വാഷ് ഏരിയ.

renovated-home-dining ഡൈനിങ്

അടുക്കളയുടെ സ്ഥാനം മാറ്റിയില്ല. പകരം വലുപ്പം കൂട്ടി പുതിയ കബോർഡും കൗണ്ടർടോപ്പുമെല്ലാം പിടിപ്പിച്ചു. വർക്ഏരിയ പുതിയതായി പണിത് കൂട്ടിച്ചേർക്കുകയും ചെയ്തു.

renovated-home-bed

താഴെ മൂന്നും മുകളിൽ രണ്ടുമായി അഞ്ച് കിടപ്പുമുറികളാണ് മുമ്പുണ്ടായിരുന്നത്. ഡ്രസിങ് ഏരിയ, വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയെല്ലാം ഉൾപ്പെടുത്തി കിടപ്പുമുറികളെല്ലാം വിപുലീകരിച്ചു. ഇതുകൂടാതെ പഴയ കാർപോർച്ചിന്റെ സ്ഥാനത്ത് ഡോക്ടർക്കായി ഒരു കണ്‍സൽറ്റേഷൻ റൂം പുതിയതായി നിർമിച്ചു.

ഹോംതിയറ്റർ ഒരുക്കിയതും കിടപ്പുമുറികളുടെ വലുപ്പം കൂട്ടിയതുമാണ് മുകൾനിലയിലെ മാറ്റങ്ങൾ. അതോടെ വീട് 4000 ചതുരശ്രയടിയായി.

വീടിനു ചെറുപ്പമായി

പഴയ മൊസെയ്ക് തറ മുഴുവൻ മാറ്റി പകരം വിട്രിഫൈഡ് ടൈലും ലാമിനേറ്റഡ് വുഡും ഉപയോഗിച്ചതോടെ ഇന്റീരിയറിന്റെ പകിട്ട് കൂടി. വയറിങ്, പ്ലമിങ് എന്നിവയും തൊണ്ണൂറു ശതമാനത്തോളവും പുതുക്കി.

renovated-home-kitchen ലാമിനേറ്റഡ് പ്ലൈ കൊണ്ടുള്ള കബോർഡുകളടക്കം മോഡുലാർ കിച്ചന്റെ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് അടുക്കള പുതുക്കിയത്.

മുന്നിലുണ്ടായിരുന്ന രണ്ട് ഷോവാളുകൾ ഒഴിവാക്കിക്കൊണ്ടായിരുന്നു വീടിന്റെ മുഖത്തെ സൗന്ദര്യവർധക ശസ്ത്രക്രിയ. പുതിയതായി പണിത സിറ്റ്ഔട്ടിനും കാർപോർച്ചിനും മുകളിലും ടെറസിനു മുകളിലുമായി രണ്ട് നിരകളിലായി ഓട് മേഞ്ഞതോടെ വീടിന്റെ മുഖം അപ്പാടെ മാറി. ചെറുപ്പത്തിന്റെ ചുറുചുറുക്കും പ്രസരിപ്പുമാണിപ്പോൾ കൊഴിക്കാല വീടിന്റെ മുഖമുദ്ര.

family ഡോക്ടർ പ്രശാന്തകുമാറും കുടുംബവും

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

∙ പഴയ ഷോവാളുകൾ മാറ്റി. മുന്നിൽ രണ്ടുനിരയായി ട്രസ് റൂഫ് നൽകി ഓടിട്ടു. മതിൽ, ഗെയ്റ്റ് എന്നിവയും പുതുക്കി.

∙ മുറികളുടെ വലുപ്പം കൂട്ടി. സിറ്റ്ഔട്ട്, പോർച്ച്, കൺസൽറ്റേഷൻ റൂം, വർക്ഏരിയ എന്നിവ പുതുതായി നിർമിച്ചു.

∙ ഫ്ലോറിങ്, വയറിങ് എന്നിവ മുഴുവനായി മാറ്റി. പ്ലമിങ്ങും ഒട്ടുമുക്കാലും പുതുക്കി. പെയിന്റിങ് അപ്പാടെ മാറ്റി.