ഈ അഡാർ മലയാളി വില്ല കേരളത്തിലല്ല!പിന്നെയോ...

അംബരചുംബികൾക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ആഡംബര വില്ല

ഗൾഫില്‍ ഒരു വില്ല സ്വന്തമായുളളവർ ഭാഗ്യവാന്മാർ. അതും ഒരു ആഡംബര വില്ലയാണെങ്കിലോ? അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾസിന്റെ മാനേജിങ് ഡയറക്ടറായ ഷംസു സമാന്റെ വസതി കന്റെംപ്രറി ശൈലിക്ക് പ്രാധാന്യം കൊടുത്താണ് ചെയ്തിരിക്കുന്നത്. തടി പോലെ തോന്നുന്ന ടൈലും നാച്വറൽ സ്റ്റോണും തുല്യപ്രാധാന്യത്തോടെ എക്സ്റ്റീരിയറിൽ ഉപയോഗിച്ചു. കൂടാതെ, അലുമിനിയം ഫാബ്രിക്കേഷനും. കടപ്പ കല്ലുകളുമാണ് മതിലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 

Exterior

എൽഇഡി ലൈറ്റുകളുടെ അകമ്പടിയോടെയാണ് വില്ലയുടെ പടവുകൾ കയറുന്നത്. മുകളില്‍ കൊടുത്തരിക്കുന്ന റൂഫിങ് അലുമിനിയം കൊണ്ടാണെന്നുളളതും ശ്രദ്ധേയം. പടികള്‍ കയറി ചെല്ലുന്നത് ഫോയറിലേക്കാണ്. 

Gents Majlis

ഫോയറിന്റെ ഇരുവശത്തുമായാണ് പുരുഷന്മാർക്കുളള ലിവിങ് ഏരിയയും. ഇരുനില പൊക്കത്തിലുളള ലിവിങ് ഏരിയയുടെ ഗാംഭീര്യത്തിന് മാറ്റുകൂട്ടുന്നു ചുവരിലെ ‘വേവ്’ ഡിസൈന്‍. സീലിങ് വരെ പോകുന്ന എംഡിഎഫും വെനീറും ചേര്‍ന്ന ബോക്സിനുളളിൽ കാണുന്നത് ഒനിക്സ് മാർബിളാണ്. ഫോയറിൽ നിന്ന് ഇന്റീരിയറിലെ സ്വകാര്യഇടങ്ങളെ മാറ്റിനിർത്തുന്നത് താഴെ കാണുന്ന വാട്ടർബോഡിയാണ്. നാച്വറൽ സ്റ്റോണും വേവ് ഡിസൈനും ഈ ഇന്റീരിയർ വെള്ളച്ചാട്ടത്തെ കൂടുതൽ സുന്ദരമാക്കുന്നു. പ്രധാന വാതിൽ കയറി വരുമ്പോഴേ ഇതു കാണാം. 

Dining Rooms

രണ്ട് ഡൈനിങ് ഏരിയകളുണ്ട് വീടിന്. അതിഥികള്‍ക്കുളള ഡൈനിങ് ഏരിയ ആണ് മുകളിൽ. ഒാപൻ ആയാണ് ഇവിടെ ക്രോക്കറി ഷെൽഫ് കൊടുത്തിരിക്കുന്നത്. ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിങ്ങിനെവിടെയും. പ്രൈവറ്റ് ഏരിയയുടെ ഭാഗമാണ് താഴെ കാണുന്ന ഡൈനിങ് ഏരിയ. ഇവിടുത്തെ കർട്ടൻ നീക്കിയാൽ കാണുന്ന കുളിർമയുളള കാഴ്ച, സ്വിമ്മിങ് പൂളിന്റേതാണ്. വലിയ സ്ലൈഡിങ് ഡോറുകൾ വഴി ഇങ്ങോട്ടിറങ്ങിയിരിക്കാം. ഈ മുറിയുടെ സൗന്ദര്യവും അതുതന്നെ. സ്പോട്‍ലൈറ്റിന്റെ പ്രകാശത്തിൽ മിന്നിനിൽക്കുന്ന ഒണിക്സ് മാർബിളും കാണാം. 

Pool

സ്വകാര്യത ഉറപ്പുവരുത്തിയാണ് പൂളിന്റെ സ്ഥാനം. ഫാമിലി ഡൈനിങ്, ഒരു കിടപ്പുമുറി എന്നിവിടങ്ങളിൽ നിന്ന് പൂളിന്റെ കാഴ്ച ലഭിക്കും. മറ്റു ഭാഗങ്ങളെ അലോസരപ്പെടുത്താതെ വീട്ടുകാർക്ക് ഇവിടെ ആസ്വദിക്കാം. വീടിന്റെ ഹൃദയമാണിവിടം.

Family Living

തീർത്തും സ്വകാര്യതയും ഊഷ്മളതയും പകരുന്നതാണ് ഫാമിലി ലിവിങ് ഏരിയ. ഈ ഏരിയ തുറക്കുന്നത് പൂളിന്റെ വശത്തേക്കാണ് എന്നത് കൂട്ടായ്മകൾ കൂടുതൽ മനോഹരമാക്കുന്നു. ടിവി ഏരിയയും ഇവിടെത്തന്നെ. വിരുന്നുകാരുണ്ടെങ്കിലും വീട്ടുകാരുടെ വിഹാരങ്ങൾക്കൊന്നും തടസ്സമുണ്ടാകുന്നില്ല. ഇവിടെനിന്നുതന്നെ തുടങ്ങുന്നു സ്റ്റെയറും. പടികള്‍ എല്‍ഇഡി വെളിച്ചത്തിൽ മാസ്മരിക ഭാവം കൈവരിക്കുന്നു. ലിഫ്റ്റിന്റെ സ്ഥാനവും ഫാമിലി ലിവിങ്ങിന്റെ അടുത്തുതന്നെ.

Bedrooms

അഞ്ച് കിടപ്പുമുറികളിൽ മൂന്നെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. താഴെയുളള ഒരു കിടപ്പുമുറി തുറക്കുന്നത് പൂളിലേക്കാണ്. വിശാലമായ കിടപ്പുമുറികള്‍ അറ്റാച്ഡ് ബാത്റൂമുകളും ഡ്രസ്സിങ് റൂമുകളുമായി ആഡംബരപൂർണമായി ക്രമീകരിച്ചിരിക്കുന്നു. ഒാരോ കിടപ്പുമുറികളും ഒാരോ ഭാവത്തിലാണ് ചെയ്തിരിക്കുന്നത്.

Pantry

ഡൈനിങ്ങിന്റെ അടുത്തായാണ് പാൻട്രി ക്രമീകരിച്ചിരിക്കുന്നത്. ബിൽറ്റ് ഇൻ ഗൃഹോപകരണങ്ങളാണ് ഈ ആധുനിക അടുക്കളയിൽ. വീട്ടുകാർക്ക് ഭക്ഷണം കഴിക്കാൻ ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ടേബിളുമുണ്ടിവിടെ. ഇന്റീരിയർ ആഡംബരം വിരിയിക്കുന്ന മിറർ ഫിനിഷ് പാൻട്രിയിലുടനീളം  കാണാം.

പി.ആർ ജൂഡ്സൺ, ഡിസൈനർ