നിറമുള്ള കാഴ്ചകൾ നിറയുന്ന വില്ല

വിവിധ ശൈലികളുടെ ഉത്സവമാണ് ഈ വില്ലയുടെ അകത്തളങ്ങളിൽ നിറയുന്നത്.

കോഴിക്കോട് കാരപ്പറമ്പിൽ 4500 ചതുരശ്രയടിയിൽ നിർമിച്ച വില്ല പ്രൊജക്ടാണിത്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സാമഗ്രികളാണ് അകത്തളങ്ങളെ സമ്പന്നമാക്കുന്നത്. 

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലത നൽകുന്നു. ഓരോ ഇടങ്ങൾക്കും വേർതിരിവും നൽകിയിട്ടുണ്ട്. മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചിരിക്കുന്നത്. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ് നൽകി. 

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, 5 കിടപ്പുമുറികൾ എന്നിവയാണ് ഈ വീട്ടിൽ പ്രധാനമായും ഉൾക്കൊള്ളിച്ചത്. വൈറ്റ് തീമിലാണ് ഫോർമൽ ലിവിങ്. ഇവിടം വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചിട്ടുമുണ്ട്. സ്വകാര്യത നൽകി ഫാമിലി ലിവിങ് ഒരുക്കി. ഇവിടെയും വുഡൻ ഫ്ളോറിങ് നൽകി. ഫാമിലി ലിവിങ്ങിന്റെ സമീപമുള്ള ഭിത്തി ക്ലാഡിങ് ടൈലുകൾ പാകി ഹൈലൈറ്റ് ചെയ്തു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപമായി ഒരു കോർട്യാർഡ് സ്‌പേസ് ഒരുക്കി. ഭിത്തിയിൽ വെർട്ടിക്കൽ പർഗോളകൾ കാണാം. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. 

ടഫൻഡ് ഗ്ലാസും തടിയുമാണ് ഗോവണിയുടെ കൈവരികളിൽ നിറയുന്നത്. മുകളിലെത്തിയാൽ നീണ്ട ഒരു ഇടനാഴി കാണാം. ഇതിന്റെ വശത്തായി മുറികൾ ക്രമീകരിച്ചു. 

അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. കൊളോണിയൽ ശൈലിയിലാണ് ഒരു കിടപ്പുമുറി. ഇവിടെ നിലം മുതൽ സീലിങ് വരെ വുഡൻ ഫിനിഷിലാണ്.

കുട്ടികളുടെ കിടപ്പുമുറി വർണാഭമായി ഒരുക്കി. ഹെഡ്ബോർഡിൽ ജിപ്സം പാനലിങ് നൽകി വാം ടോൺ ലൈറ്റുകൾ കൊടുത്തതോടെ ലുക് & ഫീൽ മാറിമറിഞ്ഞു. മൊറോക്കൻ തീമിലുള്ള അലങ്കാര വിളക്കുകളും വോൾപേപ്പറുമാണ് ബാത്റൂം, വാഷ് ഏരിയ എന്നിവയിൽ നിറയുന്നത്.

എല്ലാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിനു നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. ചുരുക്കത്തിൽ വിവിധ ശൈലികളുടെ ഉത്സവമാണ് ഈ വില്ലയുടെ അകത്തളങ്ങളിൽ നിറയുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Karaparamba, Calicut

Area- 4500 SFT

Designer- Raees

Beyond Architecture

Mob- 9846122823