കാഴ്ചകൾ വിരുന്നെത്തുന്ന വീട്!

വീടിനു മുൻവശത്തുകൂടി ദേശീയപാത കടന്നു പോകുന്നുണ്ട്. വാതിൽ തുറന്നിട്ടാൽ കാറ്റിനും വെളിച്ചത്തിനുമൊപ്പം കാഴ്ചകളും അകത്തേക്കു വിരുന്നെത്തും.

മലപ്പുറം പൂക്കിപ്പറമ്പിൽ 46 സെന്റിൽ 2800 ചതുരശ്രയടിയിലാണ് കൊളോണിയൽ+ കന്റെംപ്രറി മിശ്രശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. സമീപം  തന്നെയാണ് തറവാട് വീടും സഹോദരന്റെ വീടും സ്ഥിതി ചെയ്യുന്നത്.  നേരത്തെ നിർമിച്ച സ്ട്രക്ച്ചറിന്റെ പരിമിതികളെ മറികടന്നു കൊണ്ട് വീട് പുതുക്കിയെടുക്കുകയായിരുന്നു. പ്രവാസിയായ ഷബീർ ആർക്കിടെക്ടിന്റെ സുഹൃത്ത് കൂടിയാണ്. ഇതും നിർമാണത്തിൽ സഹായകരമായി.

ഐവറി, മിലിട്ടറി ഗ്രീൻ നിറങ്ങളാണ് കണ്ണുകളെ ആദ്യം ആകർഷിക്കുന്നത്. ഈ നിറത്തെ കുറിച്ച് നിരവധി പേർ അന്വേഷിച്ചുവെന്നു ആർക്കിടെക്ട് പറയുന്നു. കടുംനിറങ്ങൾ നൽകാതെ തന്നെ കണ്ണുകളെ ആകർഷിക്കാൻ ഈ നിറഭേദങ്ങൾക്ക് കഴിയും എന്നതാണ് പ്രത്യേകത. പാരപ്പറ്റിൽ സ്ക്വയർ പൈപ്പ് കൊണ്ട് ഡിസൈനുകൾ നൽകിയത് കണ്ണുടക്കും. മുറ്റം വെള്ളം കിനിഞ്ഞിറങ്ങുംവിധം ചരൽവിരിച്ചു.

ഓരോ ഇടങ്ങളെയും വേർതിരിച്ചുള്ള ഡിസൈനാണ് ഇന്റീരിയറിലെ സവിശേഷത. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാനായി നിരവധി ജനാലകളും എയർ ഹോളുകളും നൽകിയിട്ടുണ്ട്. ഇതുവഴി ചൂടുവായു പുറത്തേക്ക് പോകുന്നു. ഗ്രാനൈറ്റാണ് നിലത്ത് വിരിച്ചത്. ജിപ്സം, വെനീർ, പ്ലൈവുഡ് ഫിനിഷിൽ ഫോൾസ് സീലിങ് നൽകി. ഇതിൽ ഇൻഡയറക്ട് ലൈറ്റിങ് കൂടി നൽകിയതോടെ അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിലനിൽക്കുന്നു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെ നൽകിയ ടിവി യൂണിറ്റിന് ഒരു പ്രത്യേകതയുണ്ട്. ഒരു വശത്തെ പാനൽ തുറന്നാൽ അടുക്കളയിൽ നിന്നുള്ള പാൻട്രി കൗണ്ടറായും ഉപയോഗിക്കാം. അടച്ചു കഴിഞ്ഞാൽ വീണ്ടും ടിവി പാനൽ ആയി മാറും.

മറൈൻ പ്ലൈ+ ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളും ഇവിടെ നൽകി. സമീപം വർക്കിങ് കിച്ചനും പ്രത്യേകമായി നൽകി.

സ്ഥലഉപയുക്തത നൽകി കിടപ്പുമുറികൾ. റോമൻ ബ്ലൈൻഡുകൾ മുറിയിലെ ജനാലകൾക്ക് മിഴിവ് പകരുന്നു. തേക്കിലാണ് കട്ടിലുകൾ നിർമിച്ചത്. കട്ടിലിനു താഴെ സ്‌റ്റോറേജ് സ്‌പേസും നൽകിയിട്ടുണ്ട്. ബിൽറ്റ് ഇൻ വാഡ്രോബുകൾ കിടപ്പുമുറിയിൽ നൽകി. ബാത്‌റൂമിൽ മാറ്റ് ഫിനിഷ് ടൈലുകൾ വിരിച്ചു. 

ഗോവണി കയറിച്ചെല്ലുന്നത് ചെറിയ ഹാളിലേക്കാണ്. ഇവിടെ ബാൽക്കണിയിലേക്കുള്ള വാതിലിനു സമീപം ഒരു ആട്ടുകട്ടിൽ നൽകി. വീടിനു മുൻവശത്തുകൂടി ദേശീയപാത കടന്നു പോകുന്നുണ്ട്. വാതിൽ തുറന്നിട്ടാൽ കാറ്റിനും വെളിച്ചത്തിനുമൊപ്പം കാഴ്ചകളും അകത്തേക്കു വിരുന്നെത്തും.

Project Facts

Location- Pookiparambu, Malappuram

Area- 2800 SFT

Plot- 46 cents

Owner- Shabeer

Architect- Salim P.M

AS Design Forum, Malappuram 

Email: salimpm786@gmail.com 

Mob: 9565211689