വ്യത്യസ്തത ഇഷ്ടമാണോ? നന്ദനം മാതൃകയാക്കാം!

ഊഷ്മളമായ ഇന്റീരിയറാണ് നന്ദനത്തിനുള്ളത്. വായുസഞ്ചാരത്തിന് ഏറെ പ്രാധാന്യം കൊടുത്തൊരു വീട്.

തൃപ്പൂണിത്തുറയിലെ വീട്ടുകാർക്കായി ‘നന്ദനം’ ഡിസൈൻ ചെയ്യുമ്പോൾ ആർക്കിടെക്ട് ധനു പ്രകാശിന്റെ മനസ്സിൽ ഒരു കാര്യം വ്യക്തമായിരുന്നു. അമ്പലത്തിന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്ലോട്ടിൽ പണിയുന്നത് തീർത്തും സമകാലിക ഡിസൈനിലുള്ള വീടാവരുത്. മാളിക വീടുകളും നാലുകെട്ടുകളുമുള്ള ചുറ്റുവട്ടത്ത് അതിനോടു ചേരുന്ന ഒരു പുറംകാഴ്ചയാണ് അനുയോജ്യം. അതേസമയം, സൗകര്യങ്ങൾ തീർത്തും ആധുനികവുമാകണം 

കോട്ട, ഗ്രാനൈറ്റ്, ജയ്സാൽമീർ, ഗ്രീൻ മാർബിൾ, ചെട്ടിനാട് ടൈൽ തുടങ്ങിയ പ്രകൃതിദത്ത കല്ലുകളുടെ ഫ്ലോറിങ്ങാണ് ഈ വീട്ടിലെ എടുത്തു പറയേണ്ട സവിശേഷത.

Elevation

കിഴക്കുഭാഗത്തേക്കാണ് വീടിന്റെ ദർശനം. രണ്ടു കാറുകൾക്കു പാർക്ക് ചെയ്യാൻ പാകത്തിന് പോർച്ച് തയറാക്കി. ട്രസ്സിൽ ഓട് മേഞ്ഞ മേൽക്കൂരയാണ് പോർച്ചിന്. പുൽത്തകിടിയും ലിവിങ് ഏരിയയിലെ ഫ്രഞ്ച് വിന്‍ഡോയും പോർച്ചിന് പശ്ചാത്തലമൊരുക്കുന്നു.

Pavilion

ഗെയ്റ്റിൽനിന്ന് പ്രധാന വാതില്‍ വരെയുള്ള നടപ്പാത അഥവാ പവലിയന് ഗ്ലാസ് മേൽക്കൂര കൊടുത്തിട്ടുണ്ട്. പോർച്ചുമായി തുറന്ന ഭിത്തി പങ്കിടുന്നതിൽ നല്ല കാഴ്ച ലഭിക്കാനും പോർച്ചിൽ നിന്നിറങ്ങി വീട്ടുകാർക്ക് അകത്തേക്കു കയറാനും ഈ ‘പവലിയൻ ഏരിയ’ സഹായകമാണ്. ഇതിന്റെ വലതുവശത്ത് തുളസിത്തറയുള്ള കോർട്‌യാർഡ്. പോർച്ചിനും വീടിനുമിടയിലെ ഈ പച്ചപ്പും കരിങ്കൽപാതയും മനസ്സ് കുളിർപ്പിക്കും.

Living

പ്രധാന വാതിലിനു സമീപം ഫോയറിൽ കുട, ചെരിപ്പ് തുടങ്ങിയ വസ്തുക്കൾക്കുള്ള ധാരാളം സ്റ്റോറേജ് ഒരുക്കിയിട്ടുണ്ട്. ലിവിങ്ങിലെ തടികൊണ്ടുള്ള ഫർണിച്ചറും സീലിങ്ങും ഊഷ്മളമായ സ്വാഗതമോതുന്നു. ഇതിനോടൊപ്പം ടീൽ ബ്ലൂ (teal blue) നിറത്തിലുള്ള ഫർണിഷിങ്, മുറി സ്മാർട് ആക്കി മാറ്റുന്നു. രണ്ടുപാളി വാതിൽ, ഇരുവശത്തേക്കും മടക്കിവയ്ക്കാം. ഫ്രഞ്ച് വിൻഡോ പുറത്തെ കോർട്‌യാർഡിലേക്ക് തുറക്കാവുന്നതിനാൽ നല്ല കാറ്റും വെളിച്ചവും ഈ മുറിയിലെത്തും.

Kitchen

ഡൈനിങ്ങിന്റെ ഇടതുവശത്തായി തുറന്ന അടുക്കള. ഊണുമേശയ്ക്കു സമീപം വുഡൻ പാനലിങ് ചെയ്ത വലിയ കൗണ്ടറുണ്ട്. നീല സെറാമിക് ടൈലുകൾ ശ്രദ്ധ കവരും. ഒൻപത് അടി നീളത്തില്‍ ‘ലെറ്റർ ബോക്സ്’ ജനൽ വെളിച്ചം കടത്തി വിടുന്നു. നാല് എംഎം കനമുള്ള വെള്ള ഗ്ലാസ് ആണ് കാബിനറ്റ് ഷട്ടറുകൾ.

Dining & Courtyard

ലിവിങ്ങിലെ നടപ്പാതയിലൂടെ ഡൈനിങ്ങിലെത്താം. ഫ്രഞ്ച് വിൻഡോയുടെ നേരെയാണ് ഈ നടപ്പാതയെന്നതിനാൽ പുറത്തേക്കു നല്ല കാഴ്ച കിട്ടും. ഡൈനിങ്ങിനു തൊട്ടടുത്താണ് ഹാൻഡിക്രാഫ്റ്റ് ടൈൽ ഡിസൈൻ വാതിലുള്ള പൂജാമുറി. തെക്കുവശത്തെ ജനലിനു സമീപമുള്ള കോർട്‌യാർഡ് ഏരിയ ഡൈനിങ്ങിനെ വിശാലമാക്കുന്നു.

Master Bedroom

വലുപ്പം കൂടിയ മാസ്റ്റർ ബെഡ്റൂം. കിഴക്കുവശത്തെ ഭിത്തി മുഴുവനും വാഡ്രോബ്. തെക്കുപടിഞ്ഞാറേ ഭാഗത്തു നിന്നുള്ള കാറ്റ് കയറാൻ പാകത്തിൽ കട്ടിലിന്റെ ഇരുവശത്തും ജനലുകൾ കൊടുത്തിരിക്കുന്നു. മാസ്റ്റർ ബാത്റൂമിൽ, ജയ്സാൽമീർ സാൻഡ്സ്റ്റോൺ കൊണ്ട് ഭിത്തികൾ ക്ലാഡ് ചെയ്തിരിക്കുന്നു. വെറ്റ്, ഡ്രൈ ഏരിയകൾക്കിടയിൽ ഗ്ലാസ് ഭിത്തിയുടെ പാർട്ടീഷനുമുണ്ട്.

Daughter's Bedroom

കളിവീടു പോലൊരു മുറിയായിരുന്നു മകളുടെ ആവശ്യം. ട്രീഹൗസ് പോലൊരു കളിസ്ഥലത്തിനു വേണ്ടിയാണ് ചെറിയ ഗോവണിയും അതിനു മുകളിൽ തട്ടിൻപുറവും ഒരുക്കിയത്. ചുവരിലെ റിങ്ങുകളിലൂടെ കയറി തട്ടിൻപുറത്തെത്താവുന്ന രീതിയിലാണ് ഡിസൈൻ! ജനലിനടുത്തായി പുറത്തെ കാഴ്ച ലഭിക്കുന്ന തരത്തിൽ സിറ്റിങ് ഏരിയയും ഒരുക്കി. ഫർണിഷിങ്ങിലെ നിറപ്പൊരുത്തം ഇവിടെയും പാലിച്ചു.

Terrace Space

രണ്ടാംനിലയ്ക്കു മുകളിൽ കിഴക്കുഭാഗത്തായാണ് ഈ ഏരിയ. പാർട്ടി നടത്താൻ പറ്റിയ ഇടം. പഴയ ബംഗ്ലാവുകളിലേതു പോലെയാണ് ജനലുകളുടെ ഡിസൈൻ. അടച്ചിട്ടാലും ലൂവർ ഡിസൈനുകളിലൂടെ വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. ഒരുവശത്ത് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. സീലിങ്ങും ഫ്ലോറിങ്ങും ഒരേ നിറത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

Project Facts

Area: 4100 Sqft

Designed by: ധനു പ്രകാശ്

ഒറിഗോ ഡിസൈൻ ഓഫിസ്

പുല്ലേപ്പടി, കൊച്ചി

buzz.origo@gmail.com

Location: തൃപ്പൂണിത്തുറ

Year of completion: സെപ്റ്റംബർ, 2017