Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് നമ്മളിത് നേരത്തേ ആലോചിച്ചില്ല?

renovated-tharavadu അപ്പനമ്മമാർ കൈമാറിയ പഴയ തറവാട് പുതുക്കി മക്കൾക്കു സമ്മാനിച്ചു മാത്യുവും സിന്ധുവും.

മക്കൾക്കും പേരക്കുട്ടികൾക്കും കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് അപ്പനമ്മമാർ കൈമാറിയ വീടാണ്. അത് വൃത്തിയായും ശ്രദ്ധയോടെയും പരിപാലിച്ചും കാലത്തിനൊത്ത് മാറ്റംവരുത്തിയും അടുത്ത തലമുറയ്ക്കു കൈമാറിയാൽ, അവരും വീടിനെ സ്നേഹിക്കും, വീട് തലമുറകൾ നിലനിൽക്കും. ഇത് കോട്ടയത്തെ പെരുമ്പായിക്കാടുള്ള പി.സി. മാത്യുവിന്റെയും ഭാര്യ സിന്ധുവിന്റെയും പോളിസിയാണ്.

കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുന്നില്ലേ? എന്തുകൊണ്ട് നമ്മളിത് നേരത്തേ ആലോചിച്ചില്ല എന്നു ചിന്തിക്കുന്നില്ലേ? എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ... പഴയ വീട് പൊളിച്ച് നിരപ്പാക്കി പുതിയ കന്റെംപ്രറി വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർ ‘റീതിങ്ക്’ ചെയ്യേണ്ട സമയമടുത്തിരിക്കുന്നു.

ചുവരുകളിൽ വിരലോടിക്കുമ്പോൾ

പുതുക്കിപ്പണിയലിന് ഒരുപാട് ഗുണഗണങ്ങളുണ്ടെന്നാണ് വീട്ടുകാരി സിന്ധു പറയുന്നത്. “അപ്പനപ്പൂപ്പൻമാരുടെ സ്പർശമേറ്റ ഭിത്തികളും ഫർണിച്ചറും വാതിലുകളും ജനാലകളുമെല്ലാം തൊടാനും ഉപയോഗിക്കാനും സാധിക്കുന്നത് ഒരു ഭാഗ്യമല്ലേ?” സിന്ധു ചോദിക്കുന്നു. “അതെല്ലാം വെറുതേ നശിപ്പിക്കാതെ പരമാവധി പുനരുപയോഗിക്കുന്ന ഒരു വീടായിരിക്കണം എന്നായിരുന്നു ആഗ്രഹം.” ബന്ധുകൂടിയായ എൻജിനീയർ റെജി പോളാണ് ആ ഉദ്യമം ഏറ്റെടുത്തത്.

വീടിന്റെ ആരോഗ്യവും മുറികളുടെ സൗകര്യവുമെല്ലാം പരിഗണിച്ച് മുൻവശത്തെ രണ്ട് മുറികൾ നിലനിർത്താം എന്ന തീരുമാനത്തിലെത്തി. ചെങ്കല്ലുകൊണ്ടുള്ള ഭിത്തികളാണ് ഈ മുറികളുടേത്. വീടിനു മുൻവശത്തെ വരാന്തയ്ക്ക് വീതിയും നീളവുമൽപം കൂട്ടിയെങ്കിലും ഇവിടെയുണ്ടായിരുന്ന ഉറപ്പുള്ള തേക്ക് വാതിലുകളും ജനാലകളും നഷ്ടപ്പെടുത്തേണ്ട എന്ന തീരുമാനത്തിനു പിന്നിൽ വീട്ടുകാർ ഒറ്റക്കെട്ടായിരുന്നു. മുൻവശത്തെ മൂന്നു മുറികളിൽനിന്നും വരാന്തയിലേക്കു തുറക്കുന്ന വിധത്തിലായിരുന്നു മുൻവശത്തെ വാതിലുകളുടെ ഘടന. ലൂവർ ഡിസൈനുള്ള വെന്റിലേറ്ററും നാലുപാളികളുമുണ്ട് വാതിലുകൾക്കെല്ലാം.

sitout സിറ്റ്ഔട്ട്

“പഴയ കാർപോർച്ചും ഇതുപോലെത്തന്നെയായിരുന്നു. ഉരുളൻ തൂണുകൾ ചതുരനാക്കിയതുപോലുള്ള ചെറിയ വ്യത്യാസങ്ങൾ വരുത്തി.” മാത്യു പറയുന്നു. മുൻവശത്തെ രണ്ട് മുറികളിലെ (ഇപ്പോൾ അവ സ്വീകരണമുറിയും അമ്മയുടെ കിടപ്പുമുറിയുമാണ്) തടികൊണ്ടുള്ള മച്ചും കേടുപാടുകളൊന്നുമില്ലാതെ കിട്ടി.

എന്നും തലയെടുപ്പോടെ

renovated-tharavad1

ചെറിയ ഉയരം കുറഞ്ഞ മുറികളുള്ള പഴയ തറവാടുകൾക്ക് ഒരപവാദമായിരുന്നു ഈ വീട്. എങ്കിലും കാലത്തിനും ജീവിതരീതിക്കുമൊത്ത രീതിയിലേക്കു വീട് മാറ്റേണ്ടത് അനിവാര്യമായിരുന്നു. പുതുക്കിപ്പണിതപ്പോൾ സ്വീകരണമുറിയിൽനിന്ന് അകത്തേക്കു വരുമ്പോൾ ആദ്യം ഫാമിലി ലിവിങ് റൂമാണ്. ഡൈനിങ് ഏരിയയും ഫാമിലി ലിവിങ് റൂമും ഒരേ ഹാളിന്റെ ഭാഗമായി വരുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.

living room അകത്തളത്തോടും അറയോടും ചേരുന്ന വിധത്തിലാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്.

പഴയ വീട്ടിലെ അടുക്കളയുടെ സ്ഥാനത്ത് ഇപ്പോൾ ഊണുമുറിയാണ്. വീട് അൽപം പിറകിലേക്ക് നീട്ടിയെടുത്ത് അവിടെയാണ് അടുക്കളയും വർക് ഏരിയയും സ്റ്റോറും. സ്റ്റോറിൽനിന്ന് മുകളിലേക്കു ഗോവണിയുണ്ട്.

dining ഊണുമുറിയിലെ സ്ഥലം കൂടുതൽ അപഹരിക്കാതിരിക്കാനാണ് ഡൈനിങ് ടേബിൾ മെലിഞ്ഞതാക്കിയത്.

“14 അടി ഉയരത്തിൽ വീടിന്റെ മൊത്ത വിസ്തീർണവും ഉൾക്കൊള്ളിച്ചു നിര്‍മിച്ചിരിക്കുന്ന ഇവിടെ വേണമെങ്കിൽ ഒരു പാർട്ടി സമ്മേളനം നടത്താമെന്ന് ഞങ്ങള്‍ തമാശ പറയാറുണ്ട്.” സിന്ധു വീടിനു ട്രസിടുന്നത് ഉപകാരപ്രദമാണെന്ന അഭിപ്രായക്കാരിയാണ്.

സമൃദ്ധം കിടപ്പുമുറികൾ

ren-tharavad-bedroom മകളുടെ കിടപ്പുമുറി

സ്വീകരണമുറിയോടു ചേർന്ന മുറി കിടപ്പുമുറിയാക്കിയതു പറഞ്ഞല്ലോ. ഇതുകൂടാതെ മൂന്ന് പുതിയ കിടപ്പുമുറികൾ കൂട്ടിയെടുത്തു. എല്ലാ മുറികളോടും ചേർന്ന് ഡ്രസിങ്റൂം വരുന്ന വിധത്തിലാണ് പ്ലാൻ വരച്ചത്. മകളുടെ കിടപ്പുമുറിയിൽ മാത്രം ഡ്രസിങ് ഏരിയയ്ക്കു സ്ഥലമില്ലാത്തതിനാൽ പ്ലാനിലുണ്ടായിരുന്ന കോറിഡോർ ഡ്രസിങ് ഏരിയയാക്കി മാറ്റി.

bedroom മാസ്റ്റർ ബെഡ്‌റൂം

“മാസ്റ്റർ ബെഡ്റൂമിൽ ഡ്രസിങ് റൂം കൂടാതെ എന്റർടെയിൻമെന്റ് ഏരിയ പ്രത്യേകമായുണ്ട്. ഇവിടെ വേലിക്കല്ലുകൊണ്ടുള്ള ഭിത്തിയായിരുന്നു പ്ലാനിൽ. പിന്നീട് ഓർത്തുനോക്കിയപ്പോൾ സുരക്ഷിതത്വം കുറവാണോ എന്നൊരു സംശയം. അവസാനം വേലിക്കല്ലിനു പകരം ഗ്ലാസ് ജനാലകൾ എത്തി.” വീടിന്റെ ഓരോ ഘട്ടവും വീട്ടുകാർ ശ്രദ്ധിച്ചിരുന്നുവെന്നതിന് സിന്ധുവിന്റെ സാക്ഷ്യം.

അറയുടെ പിറകിലായിവരും മകന്റെ കിടപ്പുമുറി. അവിടെയും ഡ്രസിങ് റൂം ഉണ്ട്. “മകന്റെ കിടപ്പുമുറിയിലേക്ക് അറയുടെ ഒരു ഭാഗം തള്ളിനിന്നിരുന്നു. അതു മറയ്ക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാൽ മകന്റെ കിടപ്പുമുറിയിൽ മാത്രം ഇൻഡയറക്ട് ലൈറ്റ് നൽകി.” മാത്യു പറയുന്നു.

പഴയ തടി പരമാവധി

familiy living സ്വീകരണമുറിയിലും ഒരു കിടപ്പുമുറിയിലും പഴയ വീട്ടിൽ ഉണ്ടായിരുന്നതുപോലെ മച്ച് നിലനിർത്തി.

ഡ്രസിങ് റൂമുകളിലെ വാഡ്രോബുകളെല്ലാം പഴയ തടിയുപയോഗിച്ചു നിർമിച്ചതാണ്. “പക്ഷേ, പഴയ തടി പൂർണമായും ഉപയോഗിക്കാൻ സാധിച്ചില്ലെന്നു വേണം പറയാൻ. പഴയ വാതിലുകളിൽ പലതും ശരിയായി അടയുന്നുണ്ടായിരുന്നില്ല. മാത്രമല്ല, വീതി കുറഞ്ഞവയുമായിരുന്നു.” പഴയ തടി മുഴുവനായി ഉപയോഗിക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ട് സിന്ധുവിന്റെ വാക്കുകളിൽ.

kitchen പുതിയതായി നിർമിച്ച അടുക്കള

പഴയ ഊണുമേശ മുറിയിൽ കിടന്നാൽ മറ്റൊന്നിനും സ്ഥലമില്ല! അങ്ങനെ വീതി കുറഞ്ഞ സ്ലീക്ക് ഊണുമേശ സ്ഥാനം പിടിച്ചു. കട്ടിലുകളും പഴയ തടി ഉപയോഗിച്ചു പുതിയതായി നിർമിച്ചവയാണ്. വീടിന്റെ പരമ്പരാഗതഭാവത്തിനും വീട്ടുകാരുടെ ജീവിതശൈലിക്കും ഒരുപോലെ ഇണങ്ങുന്ന ജൂട്ട് അപ്ഹോൾസ്റ്ററിയുള്ള സോഫ സ്വീകരണമുറിയിലേക്കു വാങ്ങി.

old-tharavadu പഴയ വീട്

“ഓരോ കിടപ്പുമുറിക്കും ഓരോ തീം നല്‍കി യോജിച്ച കർട്ടൻ വാങ്ങി. പക്ഷേ, കടുംനിറങ്ങൾ മുറികളോടു ചേരുന്നില്ലെന്നു തോന്നിയതോടെ ആ കർട്ടനെല്ലാം മാറ്റി ഓഫ് വൈറ്റ് ലിനൻ കർട്ടൻ പകരക്കാരനായെത്തി.” അകത്തളം ക്രമീകരിച്ചതിൽ വീട്ടമ്മയുടെ പങ്കു ചെറുതല്ലെന്ന് സിന്ധുവിന്റെ വാക്കുകളിൽനിന്നറിയാം. വെറും ആറുമാസം കൊണ്ടാണ് പഴയ വീടിനെ പഴയ സ്റ്റൈലിലുള്ള പുത്തൻ വീടാക്കി മാറ്റിയത്. ഇപ്പോൾ വീടും ഹാപ്പി, വീട്ടുകാരും ഹാപ്പി!

ഭരണിയും ഓട്ടുപാത്രങ്ങളും

പഴയ വീട്ടിൽ ഓട്ടുപാത്രങ്ങളും ഭരണികളും കിണ്ടികളും കാൽപ്പെട്ടികളുമെല്ലാം ഒരുപാടുണ്ടായിരുന്നു. ഇന്ന് അത്തരം സാധനങ്ങളൊന്നും ഉപയോഗിക്കാറില്ലല്ലോ. അകത്തളം അലങ്കരിക്കാൻ ഇതെല്ലാംതന്നെ ഉപകരിച്ചു. പഴയ ഫർണിച്ചർ ചിലതെല്ലാം പോളിഷ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിൽ കിടക്കുന്ന ചൂരൽക്കസേരകൾ ശ്രദ്ധിച്ചുവോ? ഒരു ആന്റിക് കടയിൽനിന്നു വാങ്ങിയതാണ്. തലമുറകൾ കൈമാറിവന്ന ചാരുകസേരയും സിറ്റ്ഔട്ട് അലങ്കരിക്കുന്നുണ്ട്.

അറയും നിലവറയും

അടുത്ത കാലംവരെ നെൽകൃഷിയുണ്ടായിരുന്നു. അറയും നിലവറയുമെല്ലാം ജീവിതത്തിന്റെ അവിഭാജ്യഘടകവുമായിരുന്നു. ഇപ്പോള്‍ കൃഷി ഇല്ലെങ്കിലും അറയും നിലവറയും പൊളിക്കാൻ വീട്ടുകാർക്കു മനസ്സുവന്നില്ല. ഹാളിന്റെ ഭാഗമായി നിലവറയും അറയും നിലനിർത്തി.