ഈ കെട്ടിടം മോഹൻലാൽ ആരാധകനാണോ!

പിസാ ഗോപുരത്തിന്റെ മുകളിൽ കയറി ഒരു കല്ല് നേരെ താഴേക്കിട്ടാൽ ചുവട്ടിൽ നിന്നും 16 അടി മാറിയേ അത് വീഴൂ!

സൂപ്പർതാരം മോഹൻലാൽ ഒരു ചുമൽ ചരിച്ചു നടക്കുന്നതുപോലെ, ഒരുവശത്തേക്ക് ചരിഞ്ഞാണ് ഇറ്റലിയിലെ പിസയിലുള്ള ഒരു ഗോപുരത്തിന്റെ നിൽപ്പ്. നിർമാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച നിർമിതിയാണ് പിസാഗോപുരം. പിസയിലെ കത്തീഡ്രലിൽ നിർമിച്ച മണിമേടയാണ് 'ചരിഞ്ഞ ഗോപുര'മെന്ന പേരിൽ ലോകപ്രസിദ്ധമായത്. 200 വർഷം കൊണ്ട് പണിതീർത്ത ആ അദ്ഭുതത്തിന്റെ കഥ ഇങ്ങനെ...

വർഷം 1173. പിസ കത്തീഡ്രലിൽ ഒരു മണിമേട നിർമിക്കാൻ അധികൃതർ തീരുമാനിച്ചു. അഞ്ചുവർഷം കൊണ്ട് മൂന്നുനില വരെ ഉയർന്നപ്പോഴാണ് അധികൃതർ ഒരു കാര്യം ശ്രദ്ധിച്ചത്. കെട്ടിടത്തിന് ഒരു ഭാഗത്തേക്ക് ചെറിയ ചരിവ്! അധികം ഉറപ്പില്ലാത്ത മണ്ണിൽ വെറും മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ച് അടിത്തറ കെട്ടിയായിരുന്നു ഇതിന്റെ നിർമാണം. ചരിയാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. അങ്ങനെ പണി ഇടയ്ക്കുവച്ച് നിന്നു. നൂറു വർഷങ്ങൾക്കുശേഷം ജിയോവാനി സിമോൺ എന്നൊരു ആർക്കിടെക്ട് ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ 1319 ആയപ്പോഴേക്കും അദ്ദേഹം മണിമേടയുടെ ഏഴുനിലകൾ പണിതു. ചരിയുന്നതിന്റെ മറുഭാഗത്ത് ഭാരം കൂടുതൽ വരുന്ന രീതിയിൽ ബാലൻസ് ചെയ്തായിരുന്നു നിർമാണം. 1372 ആയപ്പോഴേക്കും എട്ടുനിലകളും പണിത് മണിമേട നിർമാണം പൂർത്തിയായി.

57 മീറ്റർ ഉയരത്തിൽ 15 .5 മീറ്റർ വ്യാസത്തിൽ സിലിണ്ടർ ആകൃതിയിലാണ് ഇത് നിർമിച്ചത്. നിർമാണം പൂർത്തിയായി കുറേനാൾ കഴിഞ്ഞപ്പോഴേക്കും കെട്ടിടം വീണ്ടും ചരിഞ്ഞുതുടങ്ങി. കെട്ടിടത്തിന്റെ മുകൾഭാഗം അതിന്റെ കേന്ദ്രത്തിൽനിന്ന് ഏതാണ്ട് 3.9 മീറ്ററാണ് അകന്നു മാറിയത്.

ചരിഞ്ഞുചരിഞ്ഞ് നിലംപൊത്താൻ പോകുന്ന പിസാഗോപുരത്തെ രക്ഷിക്കാൻ 1990 ലും 2008 ലും ചില അറ്റകുറ്റപണികൾ നടത്തിയിരുന്നു. ചരിയുന്നതിന്റെ എതിർഭാഗത്തെ മണ്ണ് മാറ്റിയശേഷം ഗോപുരത്തെ നേരെയാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് ഗോപുരം തിരികെയെത്തി.

പിസ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ബെൽ ടവറിൽ ഏഴ് മണികളുണ്ട്. ഇവ സംഗീതത്തിലെ സപ്തസ്വരങ്ങളെ സൂചിപ്പിക്കുന്നു.

ഇന്നും ഇറ്റലിയിലെത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പിസാഗോപുരം.