സ്വാഗതം! കിടിലൻ കൊച്ചി മെട്രോ കാഴ്ചകളിലേക്ക്

ഒന്നുറപ്പ്, കൊച്ചി മെട്രോ രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ള ഏതുമെട്രോയെക്കാളും മികച്ചതാണ്. ഇത് കാണേണ്ട കാഴ്ച മാത്രമല്ല, അനുഭവിക്കേണ്ട യാത്രകൂടിയാണ്! ചിത്രങ്ങൾക്ക് കടപ്പാട്- കൊച്ചി മെട്രോ ഔദ്യോഗിക ഫെയ്സ്ബുക് പേജ്

റോഡിനു നടുവിലെ തൂണിൽ ഉറപ്പിച്ച പാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിൻ, റോഡിനു മധ്യത്തിൽ മുകളിലായി മെട്രോ സ്‌റ്റേഷൻ. റോഡിനു ഇരുവശങ്ങളിൽനിന്നും സ്‌റ്റേഷനിലേക്ക് കയറാൻ പടവുകളും എസ്കലേറ്ററും ലിഫ്റ്റും. സ്‌റ്റേഷനകത്ത് വിമാനത്താവളത്തിനൊപ്പമുള്ള ആഡംബരം..ഇതൊരു കാണേണ്ട കാഴ്ച മാത്രമല്ല, അനുഭവിക്കേണ്ട യാത്രകൂടിയാണ്.  

ഒന്നുറപ്പ്, കൊച്ചി മെട്രോ രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ്. കൊച്ചിയിലെ വേൾഡ്ക്ലാസ് മെട്രോ കാഴ്ചകളിലേക്ക് സ്വാഗതം. 

റെയിൽവേ സ്‌റ്റേഷനോ, കെഎസ്ആർടിസി ബസ് സ്റ്റാൻഡോ ആയി മെട്രോ സ്‌റ്റേഷനെ താരതമ്യം ചെയ്യരുത്. റോഡിൽ നിന്നു പടികൾ കയറി ഒന്നാം നിലയിലെത്തുമ്പോൾ കമനീയമായ കാഴ്ചകളാണ് വരവേൽക്കുന്നത്. പശ്‌ചിമ ഘട്ടത്തിന്റെ അഴക് ഇതൾവിരിക്കുന്ന കാഴ്ചകൾ. ഓരോ സ്‌റ്റേഷനും ഓരോ വിഷയങ്ങളാണ് പ്രമേയം. 

കൊച്ചിയുടെ പഴമയും വാണിജ്യ സംസ്കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മൽസ്യങ്ങളുമെല്ലാം സ്‌റ്റേഷനുകളിൽ പുനർജനിക്കുന്നു. ഇത്തരമൊന്ന് മറ്റെങ്ങുമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്നും സിംഗിൾ ടിക്കറ്റും സ്മാർട്കാർഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റ് എടുത്ത് തൊട്ടുമുകളിലേക്ക് കയറിയാൽ പ്ലാറ്റ്ഫോം. അങ്ങോട്ട് കടക്കാൻ ചെറിയ വിക്കറ്റ് ഗേറ്റ് നൽകിയിരിക്കുന്നു. കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമിൽ കയറിയാൽ ട്രെയിൻ എത്തുമ്പോൾ അകത്തുകയറാം.

കിടിലൻ മെട്രോ ട്രെയിൻ 

ട്രെയിന്റെ വാതിൽ തുറക്കുമ്പോൾ ചെണ്ടകൊട്ടും മേളവും കേൾക്കാം. മലയാളിക്ക് പരിചയമുള്ളൊരു മ്യുസിക് ഇട്ടതാണെന്നു മാത്രം. ട്രെയിൻ സ്‌റ്റേഷനിലെത്തുമ്പോൾ, ആ സ്‌റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകൾ എൽഇഡി സ്‌ക്രീനിൽ സൂം ചെയ്തു കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്‌റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും. 

രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. ഫുൾ എയർ കണ്ടീഷൻഡ്‌ ആണ് കൊച്ചി മെട്രോ. കുലുക്കമോ ബഹളമോ ഒച്ചപ്പാടോ ഇല്ല. ഏറ്റവും ആധുനികമായ സ്‌റ്റെയിൻലെസ് സ്‌റ്റീൽ കോച്ചുകളാണ് മെട്രോയുടേത്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നിൽപ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേർക്ക് യാത്രചെയ്യാം.

തൂണല്ല, ഇത് പൂമരം

മെട്രോ പാളം ഉറപ്പിക്കാൻ റോഡിനു നടുവിൽ പണിതിരിക്കുന്ന കോൺക്രീറ്റ് തൂണ് പൂമരമാകും. വെർട്ടിക്കൽ ഗാർഡനാണ് ഈ  കോൺക്രീറ്റ് തൂണുകളിൽ ഒരുക്കുന്നത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള അറുനൂറോളം തൂണുകളിൽ ഓരോ ആറാമത്തെ തൂണും ഇതുപോലെയുള്ള ലംബപൂന്തോട്ടമായിരിക്കും. ഇടയിലുള്ള തൂണുകളിൽ പരസ്യവും. ആലുവ മുതൽ പേട്ടവരെ ഇത്തരത്തിൽ 4000 തൂണുകളാണ് മെട്രോയ്ക്ക് ഉള്ളത്. 

പരിസ്ഥിതിസൗഹൃദ നിർമാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലും മുട്ടം യാര്‍ഡിലും മേൽക്കൂരയിൽ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ സോളാര്‍ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.

കൊച്ചി മെട്രോയുടെ 11 സ്റ്റേഷനുകള്‍

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. ആദ്യ സ്റ്റേഷന്‍ ആലുവയും അവസാനത്തേത് പാലാരിവട്ടവുമാണ്. എല്ലാ സ്റ്റേഷനുകളും മികവുറ്റ രീതിയിലാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഷന്‍റെയും രൂപകല്‍പ്പനയ്ക്ക് അടിസ്ഥാനമായ വിഷയങ്ങളും അവയുടെ പ്രത്യേകതകളും അറിയാം.

1. പെരിയാറിന്‍റെ പെരുമയില്‍ ആലുവ

കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്‌. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2. ഹരിതഭംഗിയില്‍ പുളിഞ്ചോട്

ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍.

3. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി 

കൊച്ചി മെട്രോയുടെ മൂന്നാമത്തെ സ്റ്റേഷനായ കമ്പനിപ്പടിയെ അലങ്കരിക്കുന്നത് കേരളത്തിന്‍റെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്‍റെ ചിത്രീകരണവും കമ്പനിപ്പടി സ്റ്റേഷനില്‍ കാണാം.

4. കരഗതാഗത മാർഗങ്ങളുടെ സംഗമം : അമ്പാട്ടുകാവ്

അമ്പാട്ടുകാവ് എന്ന പേരിലെ കാവിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഉരഗവര്‍ഗ്ഗങ്ങളെയാണ് ഈ സ്റ്റേഷന്‍റെ സൗന്ദര്യവത്ക്കരണത്തിനു വിഷയമാക്കുന്നത്. പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന രാജവെമ്പാല മുതല്‍ പാവം നീര്‍ക്കോലി വരെയുള്ള വിവിധയിനം ഇഴജീവികളുടേയും ഒച്ചുകളുടേയും വൈവിധ്യമാര്‍ന്ന ആവിഷ്ക്കാരങ്ങള്‍ അമ്പാട്ടുകാവ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

5. മുട്ടം : മെട്രോയുടെ നിയന്ത്രണകേന്ദ്രം 

കൊച്ചി മെട്രോയുടെ ഡിപ്പോയും ഓപ്പറേഷന്‍ കണ്ട്രോള്‍ യൂണിറ്റും സ്ഥിതി ചെയ്യുന്നത് മുട്ടത്താണ്. അതുകൊണ്ട് തന്നെ കൊച്ചി മെട്രോ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും മുട്ടം തന്നെ. കേരളത്തിന്‍റെ പക്ഷി സമ്പത്ത് വിശദമാക്കുന്ന രീതിയിലാണ് മുട്ടം സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പീലി നിവര്‍ത്തിയാടുന്ന മയിലുകളും നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചവര്‍ണ്ണക്കിളികളും തുടങ്ങി വിവിധയിനം പക്ഷികളുടെ ചിത്രങ്ങളാല്‍ മനോഹരമാണ് മുട്ടം സ്റ്റേഷന്‍.

6. കരുത്തോടെ കളമശ്ശേരി

കളമശ്ശേരി സ്റ്റേഷനു പശ്ചിമഘട്ടം വിഷയമാകുന്നു. വനാന്തരങ്ങളും ജീവജാലങ്ങളും മരങ്ങളുടെ തണലുമെല്ലാം കോറിയിട്ട് കാടിന്‍റെ പ്രതീതി ഉളവാക്കുന്ന വിധത്തിലാണ് കളമശ്ശേരിയിലെ സ്റ്റേഷന്‍ അലങ്കാര ഘടന.

7. കുസാറ്റിലെ നാവികസംസ്ക്കാരം

കേരളത്തിന്‍റെ പ്രാചീന ജലഗതാഗതസംസ്ക്കാരത്തിന്റെ ആവിഷ്കാരങ്ങളാണ് ഈ സ്റ്റേഷനെ മനോഹരമാക്കുന്നത്. കച്ചവട സാധ്യത തിരിച്ചറിഞ്ഞ് കേരളത്തിലെത്തിയ വിദേശീയരുടെ നാവികചരിത്രവും കേരളത്തിന്‍റെ തനതായ നാവിക സംസ്ക്കാരവും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

8. പഴയ പാലത്തിന്റെ ഓർമ്മയിൽ പത്തടിപ്പാലം 

കേരളത്തിലെ മത്സ്യസമ്പത്താണ്‌ പത്തടിപ്പാലം സ്റ്റേഷനില്‍ വരച്ചിട്ടിരിക്കുന്നത്. കടല്‍ത്തീരങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങൾ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളുടേയും അലങ്കാരമത്സ്യങ്ങളുടേയും ചിത്രങ്ങളും പെയിന്റിംഗുകളും ഇവിടെ കാണാം.

9. തിരക്കേറിയ ഇടപ്പള്ളി

പണ്ട് കേരളത്തിന്‍റെ പെരുമ വിദേശരാജ്യങ്ങളില്‍ എത്തിച്ചിരുന്നത് നമ്മുടെ സുഗന്ധദ്രവ്യങ്ങളാണ്. ഏലവും, കുരുമുളകുമൊക്കെ അടങ്ങുന്ന ആ സുഗന്ധദ്രവ്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഇടപ്പള്ളി സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. നാടിന്‍റെ പൈതൃകവും ചരിത്രവും സമന്വയിപ്പിച്ച് അറിവ് പകരുന്നരീതിയില്‍ മിഴിവേറിയ കാഴ്ച്ചകളാണ് ഇവിടെയുള്ളത്.

10. ചങ്ങമ്പുഴയുടെ കൃഷ്ണപിള്ള 

മലയാളത്തെ പ്രണയിച്ച സാഹിത്യകാരന്മാരോടും ഭാഷാപണ്ഡിതന്മാരോടുമുള്ള ആദരസൂചകമായാണ് കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ സ്റ്റേഷന്‍റെ രൂപകല്‍പ്പന. മലയാളമണ്ണിലെ കലയുടേയും സാഹിത്യത്തിന്‍റെയും ചരിത്രം വിളിച്ചോതുന്ന ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. 

11. വര്‍ണ്ണശബളമായി പാലാരിവട്ടം

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനാണ് പാലാരിവട്ടം. വര്‍ണ്ണാഭമായ പൂക്കളുടെ ദൃശ്യങ്ങളാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് ചാരുതയേകുന്നത്. കേരളത്തിന്‍റെ പൂക്കളെ കണ്ണിനിമ്പം പകരുന്ന വര്‍ണ്ണങ്ങളില്‍ സ്റ്റേഷന്‍ ഭിത്തികളിലും ഗ്ലാസ്സ് ചുവരുകളിലും പകര്‍ത്തി വെച്ചിരിക്കുന്നു.

അടുത്ത യാത്ര കൊച്ചിക്ക് ആയാലോ?

ആലുവയിൽനിന്നും  പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോ മൂന്നോ മാസത്തിനുശേഷം എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ. ഒരുവർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്ക് മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോ നിർമാണവും ആരംഭിക്കും. കൊച്ചി ഇനി പഴയ കൊച്ചിയല്ല, സ്വാഗതം, പുതിയ മെട്രോ കൊച്ചിയിലേക്ക്!... 

Read more on- Home Plans Kerala | Kochi Metro | Architecture trends