ശവക്കല്ലറയിൽ കാവൽ നിൽക്കുന്ന സൈന്യത്തിന്റെ രഹസ്യം!

8,000 സൈനികർ, 130 രഥങ്ങൾ, 520 കുതിരകൾ, 150 കാലാളുകൾ എന്നിവയടങ്ങുന്നതാണ് ക്വിൻ ഷി ഹുവാങിന്റെ പ്രതിമസൈന്യം.

ലോകത്തെ സുപ്രസിദ്ധമായ വിനോദസഞ്ചാര സ്ഥലമാണ് ചൈനയിലെ ഷാൻസി. 1974 ൽ ഈ പ്രദേശത്ത് ഖനനം ചെയ്യുമ്പോൾ യാദൃച്ഛികമായി കണ്ടെത്തിയ പ്രതിമകളാണ് ഷാൻസിയുടെ തലവര മാറ്റിയത്.

ചൈനയിലെ ആദ്യ ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുവാങിന്റെ സൈന്യത്തെ പ്രതിനിധീകരിക്കുന്നതാണ് ടെറാക്കോട്ട കൊണ്ടു നിർമിച്ച ഈ പ്രതിമകൾ. 210 - 209 ബിസിയിൽ മരണമടഞ്ഞ ചക്രവർത്തിയുടെ മരണാന്തരജീവിതത്തിന് കാവൽനിൽക്കുന്നതിനാണ് ഈ ടെറാക്കോട്ട പ്രതിമകൾ ശവകുടീരത്തിനൊപ്പം അടക്കം ചെയ്തത്.

മരണാന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന രാജാക്കന്മാർ തങ്ങളുടെ മരണശേഷം രാജ്യത്തിന്റെ ചെറുപതിപ്പുതന്നെ ശവക്കല്ലറകൾക്കൊപ്പം കുഴിച്ചുമൂടാൻ നിർദേശിച്ചിരുന്നു. 8,000 സൈനികർ, 130 രഥങ്ങൾ, 520 കുതിരകൾ, 150 കാലാളുകൾ എന്നിവയടങ്ങുന്നതാണ് ക്വിൻ ഷി ഹുവാങിന്റെ പ്രതിമസൈന്യം. കലാകാരന്മാരുടെയും,ഭരണമേധാവികളുടേയുമൊക്കെ പ്രതിമകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 

ഓരോ പ്രതിമകൾക്കും തനതായ വ്യക്തിത്വം കൊടുത്തുകൊണ്ടാണ് പ്രതിമകൾ നിർമിച്ചിരിക്കുന്നത്. അന്നത്തെ പ്രാദേശിക നിർമാണവിദഗ്ധരാണ് ഈ പ്രതിമകൾ മെനഞ്ഞെടുത്തത്. ശിരസ്സും ഉടലും കാലുകളുമെല്ലാം വെവ്വേറെ മെനഞ്ഞെടുത്ത്  കല്ലറയിൽവച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. കാലാളുകളിൽ തുടങ്ങി സൈന്യാധിപനിലെത്തുമ്പോൾ പ്രതിമയുടെ ആകാരവും പ്രൗഢിയും വർധിക്കും. ഗ്രീക്ക് ശില്പകലയുടെ സ്വാധീനം ഓരോ നിർമിതികളിലും കാണാം.

നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ റാംഡ് എർത്ത് ശൈലിയിലാണ് ശവക്കല്ലറ നിർമിച്ചത്. ഇത് നിർമാണവൈദഗ്ധ്യത്തിന്റെ തെളിവായി വ്യഖ്യാനിക്കപ്പെടുന്നു. 98 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ പ്രതിമസൈന്യത്തിന്. പ്രവേശനകവാടങ്ങൾ, ഓഫിസുകൾ, പാർക്കുകൾ തുടങ്ങി സാമ്രാജ്യത്തിന്റെ ഒരു ചെറുപതിപ്പുതന്നെ ഇവിടെ മെനഞ്ഞെടുത്തിരിക്കുന്നു.

ശവകുടീരത്തിന്റെ  മേൽക്കൂരയിൽ സ്വർണവും വെള്ളിയും പൂശിയിരിക്കുന്നു. മെർക്കുറി കൊണ്ട് തീർത്ത നദികളുടെ മാതൃകകളും. ഇനിയും പൂർണമായി ഖനനം ചെയ്തെടുത്തിട്ടില്ലാത്ത പ്രതിമകളും ഖനനപ്രദേശത്ത് കാണാം.

അടുത്തിടെ ഈ പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ അനുഭവിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.