ചൈനയിലെ മുട്ട വീട്!

ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടർ ടാങ്ക്..ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം.

അംബരചുംബികളുടെ നഗരമാണ് ചൈന. പക്ഷേ ഇടത്തരക്കാർക്ക് നഗരത്തിൽ ഒരു ഭവനം എന്നത് ഇപ്പോഴും സ്വപ്നം മാത്രമാണ്. നഗരത്തിലേക്ക് കുടിയേറിയ ചൈനയിലെ ദായി ഹൈഫെ എന്ന യുവ ഡിസൈനർ, ഭീമമായ ഭവനവാടക താങ്ങാനാകാതെ അവസാനം ഒരു കടുംകൈ കാണിച്ചു. വ്യവസ്ഥിതിയോടുള്ള പ്രതിഷധം എന്ന നിലയിൽ തെരുവിൽ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി. ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്.

ചൈനയിലെ ഒരു എക്‌സിബിഷനിൽ കണ്ട് മനസ്സിൽ കയറിയതാണത്രേ ഈ ഡിസൈൻ. 

ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടർ ടാങ്ക്..ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം. മുള കൊണ്ടുള്ള ഫ്രയിമിൽ വുഡൻ പാനൽ കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടിൽ നട്ടിരിക്കുന്ന ചെടികൾ വീടിന് ഒരു പച്ചപ്പിന്റെ ആവരണം നൽകുന്നു.

സോളാർ പാനൽ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. രണ്ടുമാസം കൊണ്ടാണ് മുട്ടവീട് ഡിസൈൻ ചെയ്ത് നിർമിച്ചെടുത്തത്. 964 ഡോളറാണ് ഈ സ്ലീപിങ് പോഡിന്റെ വില. 

കാവ്യനീതി പോലെ മുട്ടവീടിന്റെ ഡിസൈൻ ചൈന ആർക്കിടെക്ചർ പുരസ്കാരപ്പട്ടികയിൽ ഇടം പിടിച്ചതോടെ ദായിക്ക് ചൈനയിൽ ഒരു സെലിബ്രിറ്റി പരിവേഷം ലഭിച്ചു. വ്യാവസായികമായി കൂടുതൽ മുട്ടവീടുകൾ നിർമിച്ചു നൽകാൻ പ്രമുഖ നിർമാണക്കമ്പനികൾ ഡിസൈനറെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ .