ഇത് റോക്കറ്റ് വിക്ഷേപണമല്ല! ലോകത്തെ ഞെട്ടിച്ച് വീണ്ടും ചൈന!

ദക്ഷിണ ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിലാണ് 100 മീറ്റർ ഉയരമുള്ള (328 അടി) ടവർ സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അന്തരീക്ഷ മലിനീകരണം മഹാനഗരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. അടുത്തിടെ ഡൽഹിയിലും വായുഗുണനിലവാരം അപകടകരമാംവിധം താഴ്ന്നിരുന്നു. ഈ സാഹചര്യം നേരിടാൻ പുതിയ സാങ്കേതികവിദ്യയുമായി രംഗത്തു വന്നിരിക്കുകയാണ് ചൈന.

ലോകത്തിലെ ഏറ്റവും വലിയ വായുശുദ്ധീകരണി എന്ന അവകാശവാദവുമായി ദക്ഷിണ ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിലാണ് 100 മീറ്റർ ഉയരമുള്ള (328 അടി) ടവർ സ്ഥിതി ചെയ്യുന്നത്. 

ഒരു റോക്കറ്റ് വിക്ഷേപണത്തറയുടെ മാതൃകയിലാണ് ടവർ നിർമിച്ചത്. റീഎൻഫോഴ്സ്ഡ് കോൺക്രീറ്റാണ് പ്രധാനനിർമാണവസ്തു. പുറംപാളികളിൽ ചൂടിനെ പുറത്തേക്ക് ബഹിഗമിക്കുന്നതിൽനിന്നും പ്രതിരോധിക്കുന്ന ക്ലാഡിങ് ടൈലുകൾ പാകിയിട്ടുണ്ട്.

2580 ചതുരശ്രമീറ്ററാണ് വിസ്തൃതി. 10 മില്യൻ ക്യുബിക് മീറ്റർ വായു ഒരുദിവസം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്റിന്. നിർമിതിക്ക് അകത്തെത്തുന്ന മലിനവായു സൗരോർജത്തിൽ സഹായത്തോടെ ചൂടാക്കും. ടവറിന്റെ താഴത്തെ നിലയിൽ മലിനമായ വായുവിനെ അരിച്ചെടുത്ത് ശുദ്ധീകരിച്ച് പുറത്തേക്ക് വിടാൻ പാകത്തിൽ ഗ്രീൻ ഹൗസ് അരിപ്പകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയെത്തി ശുദ്ധമാക്കപ്പെടുന്ന വായു ടവറിന്റെ മുകളിലെ ദ്വാരങ്ങളിലൂടെ പുറന്തള്ളും.

ഇതിലൂടെ വായുമലിനീകരണം 15 % വരെ കുറയ്ക്കാൻ കഴിയും എന്നാണ് വിലയിരുത്തപ്പടുന്നത്. 2016 ൽ സ്മോഗ്‌ഫ്രീ ടവർ എന്നപേരിൽ ഇതിന്റെ ചെറുമാതൃക ബെയ്‌ജിങ്ങിൽ തയാറാക്കിയിരുന്നു. കൂടുതൽ ഉയരത്തിലേക്ക് പണിതു കെട്ടിടത്തിന്റെ പ്രവർത്തനശേഷി ഉയർത്തുകയും ചെയ്യാം. ഇന്ത്യയിലടക്കം ഭാവിയിൽ ഇത്തരം ഭീമൻ എയർ പ്യൂരിഫയറുകൾ ഉയർന്നേക്കാം.