യാത്ര തലയ്ക്കുപിടിച്ചു, വീട് വിറ്റു, വണ്ടി വീടാക്കി മാറ്റി!

ഷാരൂഖ് ഖാൻ അഭിനയിച്ച സ്വദേശ് എന്ന ചിത്രത്തിലും ഇതുപോലെയൊരു വണ്ടിവീട് പ്രധാന കഥാപാത്രമാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ചെ ഗവേരയും സുഹൃത്തും അമേരിക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ മോട്ടോർബൈക്ക് യാത്ര വിശ്വപ്രസിദ്ധമാണല്ലോ. പിന്നീട് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്തകമായും സിനിമയായുമൊക്കെ അത് പ്രേക്ഷകരിലേക്കെത്തി. ഇപ്പോഴിതാ അതുപോലെ യാത്ര തലയ്ക്കുപിടിച്ച ഒരു ദമ്പതികളുടെ കഥയാണ് ശ്രദ്ധേയമാകുന്നത്. 

യാത്ര ചെയ്യാൻ വീടും പരാധീനങ്ങളും പ്രതിബന്ധമായപ്പോൾ ദമ്പതികളായ അലക്‌സിസും ക്രിസ്റ്റ്യനും ആദ്യം ചെയ്തത് വീടും പറമ്പും എല്ലാം വിറ്റുപെറുക്കി ആ കാശുകൊണ്ട് തങ്ങളുടെ വാഹനത്തിൽത്തന്നെ ഒരു വീട് പണിതെടുക്കുകയായിരുന്നു. രണ്ടരവർഷം കൊണ്ട് അമേരിക്കയിലെ 36 സംസ്ഥാനങ്ങളും 45000 മൈലുകളും അവർ പിന്നിട്ടുകഴിഞ്ഞു. ഷാരൂഖ് ഖാൻ അഭിനയിച്ച സ്വദേശ് എന്ന ചിത്രത്തിലും ഇതുപോലെയൊരു വണ്ടിവീട് പ്രധാന കഥാപാത്രമാണ്. 

130 അടി മാത്രം നീളമുള്ള വാഹനത്തിൽ ലിവിങ്, ബെഡ്‌റൂം, കിച്ചൻ, ഷവർ സൗകര്യമുള്ള ബാത്റൂം എന്നിവകൂടാതെ 20 ഗ്യാലൻ സംഭരണശേഷിയുള്ള ഒരു വാട്ടർ  ടാങ്കും ക്രമീകരിച്ചിരിക്കുന്നു. ഒൻപതു മാസം കൊണ്ടാണ് ഇരുവരും വണ്ടിവീട് നിർമിച്ചത്. അമേരിക്കയിൽ ഒരു ചെറിയ വീട് നിർമിക്കണമെങ്കിൽ ഏകദേശം മൂന്നരലക്ഷം ഡോളർ വേണ്ടിവരുമ്പോൾ വണ്ടി വീട് നിർമിക്കാൻ ഏകദേശം 27000 ഡോളർ മതി എന്നുപറയുന്നു ഇവർ. 

ചെറിയ സ്ഥലത്തിനുള്ളിൽ എല്ലാം സൗകര്യവും ഒരുക്കുക എന്നത് വെല്ലുവിളിയായിരുന്നു. വിവിധോദ്ദേശ്യ ഇടങ്ങളായാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്. മൾട്ടിപർപ്പസ് ഫർണീച്ചറുകളുടെ ഉപയോഗത്തിലൂടെ സ്ഥലലഭ്യത ഉറപ്പുവരുത്തി.

ആവശ്യമില്ലാത്തപ്പോൾ കിടക്ക ഒടിച്ചുമടക്കി സ്ഥലം ലാഭിക്കാം. അതുപോലെ ഊണുമേശ ആവശ്യമില്ലാത്തപ്പോൾ ഭിത്തിയിലേക്ക് മടക്കിക്കയറ്റാം. ഗോവണിയുടെ മറുഭാഗം അലമാരയാണ്. മേശയുടെ താഴ്ഭാഗം ബുക് ഷെൽഫാണ്...

ഏതുതരം ഭൂപ്രകൃതിയിലും അനായാസം പാർക്ക് ചെയ്യാൻ സാധിക്കും വിധമാണ് വണ്ടിവീടിന്റെ രൂപകല്പന. തടി കൊണ്ടുള്ള പട്ടികകൾ അടുക്കിയാണ് വീടിന്റെ ചട്ടക്കൂട് നിർമിച്ചത്. വാഹനത്തിന്റെ പിന്നിലായി ചെറിയൊരു പോർച്ചും നൽകിയിട്ടുണ്ട്. ഇവിടെ മടക്കിവയ്ക്കാവുന്ന കസേരകൾ ഉപയോഗിച്ചിരിക്കാം.

നിലവിലെ വണ്ടി വീട് ഏതെങ്കിലും നഗരത്തിൽ സ്ഥിരമായി നിർത്തിയിട്ട് മറ്റൊരു വണ്ടി മേടിച്ചു അതിനെ വീടാക്കി കറങ്ങാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ഇരുവരും...