ഇങ്ങനെ ദുബായ് ആരും കണ്ടിട്ടുണ്ടാകില്ല!

ഫാന്റം ഡ്രോൺ ഉപയോഗിച്ച് എടുത്ത ദുബായ് നഗരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അംബരചുംബികളുടെയും നിർമാണവിസ്മയങ്ങളുടെയും നഗരമാണ് ദുബായ്. ഓരോ ദിവസവും നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നഗരം. പുതുമയെ പുണരാനും മികവിലേക്ക് കുതിക്കാനുമുള്ള തീഷ്‌ണമായ ആഗ്രഹമാണ് ദുബായിയെ ലോകത്തെ മികച്ച നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നത്. ഏറ്റവും സജീവമായി വളർന്നുകൊണ്ടിരിക്കുന്ന മോഡേൺ ആർക്കിടെക്ച്ചറിന്റെ വിളനിലവും മറ്റൊരു നഗരമല്ല...ലെബനീസ് ഫൊട്ടോഗ്രഫറായ ബാഷർ മൗകർസേൽ തന്റെ ഫാന്റം ഡ്രോൺ ഉപയോഗിച്ച് എടുത്ത ദുബായ് നഗരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.

കാഴ്ചക്കാർ തലയുയർത്തി മാത്രം നേരിട്ട് കണ്ടിട്ടുള്ള അംബരചുംബികൾ ആകാശത്തുനിന്നു കാണാൻ എങ്ങനെയിരിക്കും എന്ന ചിന്തയാണ് ബാഷറിനെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. സിറ്റി ഓഫ് ഗോൾഡ് എന്ന് പേരിട്ട ഈ പ്രോജക്ടിലൂടെ ദുബായ് നഗരത്തിന്റെ ആർക്കിടെക്ച്ചർ വൈഭവത്തെ ആകാശക്കാഴ്ചയിലൂടെ വിലയിരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഫാന്റം ഡ്രോൺ വിദഗ്ധമായി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ പല എലിവേഷനിലുളള കാഴ്ചകൾ ഒപ്പിയെടുത്തത്.

ദുബായ് നഗരത്തിന്റെ അഭിമാനസ്തംഭങ്ങളായ അംബരചുംബികളും ഹോട്ടലുകളും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുകളുമെല്ലാം ആകാശക്കാഴ്ചയിൽ ഫ്രയിമുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ബാഷർ ചെയ്തത്. അറ്റ്ലാന്റിസ്, പാം ജുമേറ, അൽ യാക്കൂബ് ടവർ, ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുടങ്ങിയ ടവറുകളും നഗരക്കാഴ്ചകളും വൈവിധ്യമാർന്ന ഭൂപ്രകൃതിയുമെല്ലാം ചിത്രങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്.

ദുബായ് മിറക്കിൾ ഗാർഡനിൽ എമിറേറ്റ്സ് എയർബസ് A 380 യുടെ പ്രതീകാത്മക ചിത്രം പൂക്കൾ കൊണ്ട് നിർമിച്ച കാഴ്ചയാണ് ഇവയിൽ ഏറ്റവും മനോഹരം എന്ന് കാഴ്ചക്കാർ വിലയിരുത്തുന്നു.