ലോകത്തിലെ ഏറ്റവും വലിയ വിത്തുനിലവറ പുതുക്കിപ്പണിയുന്നു

സ്വാൽബാഡ് ദ്വീപിലെ ആഗോള വിത്തുനിലവറ

ആണവാക്രമണത്തെയും മഹാമാരികളെയും അതിജീവിക്കാൻ ലക്ഷ്യമിട്ടു നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വിത്തുനിലവറ പുതുക്കിപ്പണിയുന്നു. ഉത്തരധ്രുവ മേഖലയിൽ സ്വാൽബാഡ് ദ്വീപിൽ പഴയ കൽക്കരി ഖനിക്കുള്ളിൽ സ്ഥാപിച്ച വിത്തുനിലവറയെ ആവരണം ചെയ്തിട്ടുള്ള ഹിമപാളികൾ താപനില ഉയർന്നതോടെ ഉരുകിത്തുടങ്ങിയ‌പ്പോഴാണു നവീകരണ ജോലികൾ ആരംഭിച്ചത്. 

ഉത്തര ധ്രുവത്തിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ നോർവെയുടെ ദ്വീപുകളിലൊന്നായ സ്വാൽബാഡിൽ 2008ലാണ് ആഗോള വിത്തുനിലവറ സ്ഥാപിച്ചത്. ഭൂമിയുടെ ജനിതക വൈവിധ്യത്തെ സംരക്ഷിക്കുന്ന ഈ നിലവറയിൽ പത്തു ലക്ഷത്തോളം വിത്തിനങ്ങളുണ്ട്. 

സ്ഥിരമായി മൈനസ് 18 ഡിഗ്രി സെൽഷ്യസാണു നിലവറയ്ക്കുള്ളിലെ താപനില. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഹിമപാളികൾ ഉരുകിത്തുടങ്ങിയതോടെ നിലവറയ്ക്കുള്ളിലെ താപനില വ്യത്യാസപ്പെടാൻ തുടങ്ങി. ഭൂമിയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് ഉത്തരധ്രുവത്തിൽ താപനില ഉയരുന്നത്. സിറിയയിൽ യുദ്ധം മൂലം അലപ്പോയിലെ ഒരു വിത്തുശേഖരം സമീപകാലത്തു നശിപ്പിക്കപ്പെട്ടിരുന്നു.

ആഗോള വിത്തുനിലവറ

യുഎസ് കാർഷികസംരംഭകനായ ക്യാരി ഫോളറുടെ നേതൃത്വത്തിൽ 2008 ഫെബ്രുവരി 26ന് സ്വാൽബാഡ് ദ്വീപിൽ ആരംഭിച്ചതാണു ആഗോള വിത്തുനിലവറ. പ്രകൃതിദുരന്തം, ആണവയുദ്ധം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള വൻദുരന്തങ്ങളിൽനിന്ന് ഭൂമിയുടെ വിത്തുവൈവിധ്യത്തെ സംരക്ഷിക്കുകയാണു ലക്ഷ്യം. ‘നോഹയുടെ പെട്ടക’ത്തിനു തുല്യമായാണിതിനെ കാണുന്നത്. നാശഭീഷണി നേരിടുന്ന വിത്തുകളെയും ഇവിടെ സംരക്ഷിക്കുന്നു. കോൺക്രീറ്റ് കവാടങ്ങൾ പിന്നിട്ട് 120 മീറ്റർ തുരങ്കത്തിലൂടെ കടന്നാലാണു നിലവറയിലെത്തുക. മൂന്നു തണുത്തുറഞ്ഞ അറകളിലെ പ്ലാസ്റ്റിക് പെട്ടികൾക്കുള്ളിലാണു വിത്തിനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.