ആ പറക്കുംതളിക വീടുകളുടെ പിന്നിലെ രഹസ്യം..!

നഗരത്തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കാടിന്റെ വന്യത ആസ്വദിച്ചുകൊണ്ട് താമസിക്കാൻ ഇടമൊരുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഒറ്റനോട്ടത്തിൽ ഭൂമിയിൽ ലാൻഡ് ചെയ്ത ഏതോ അന്യഗ്രഹ പേടകം പോലെ തോന്നും! അടുത്ത് എത്തിനോക്കുമ്പോഴാണ് ഇതൊരു താമസസ്ഥലം ആണെന്ന് മനസ്സിലാകുക. പരമ്പരാഗത ഹോട്ടലുകളുടെയും കോട്ടേജുകളുടെയും ഡിസൈൻ ഒന്ന് മാറ്റി മറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ കോട്ടേജുകളുടെ നിർമാണം.

യുകെയിലാണ് സംഭവം സ്ഥിതി ചെയ്യുന്നത്. കുദ്വാ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. കോർണിഷ് ഭാഷയിൽ ഒളിസങ്കേതം എന്നർത്ഥം. പ്രശസ്ത ഡിസൈനറായ ബെൻ ഹഗ്ഗിങ്‌സാണ് ഈ കോട്ടേജുകൾ രൂപകൽപന ചെയ്തത്. പ്രീഫാബ് ശൈലിയിലാണ് പറക്കുംതളിക വീടുകളുടെ നിർമാണം.

നോർത്ത് കോൺവാലിലുള്ള ഉപയോഗരഹിതമായ ഒരു പാറമടയുടെ സമീപമാണ് ഈ കോട്ടേജുകൾ നിർമിച്ചിരിക്കുന്നത്. നഗരത്തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കാടിന്റെ വന്യത ആസ്വദിച്ചുകൊണ്ട് താമസിക്കാൻ ഇടമൊരുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പൈൻ തടിയും റബറും കൊണ്ടാണ്  ക്യാബിനുകൾ നിർമിച്ചിരിക്കുന്നത്. ഒരു ഗോവണി വഴിയാണ് കോട്ടേജുകളിലേക്ക് കയറുന്നത്. 

മിനിമലിസ്റ്റിക് ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ക്യാബിനകത്തു നിന്നും കാടിന്റെ വന്യത ആസ്വദിക്കാനായി ഗ്ലാസ് ജനാലകളും നൽകിയിട്ടുണ്ട്. ഇതിനു സമീപം ഒരു റിസപ്‌ഷൻ ബിൽഡിങ്ങും നിർമിച്ചിട്ടുണ്ട്. ഇവിടെയാണ് ക്യാന്റീനും ബാത്റൂമും ഒരുക്കിയിരിക്കുന്നത്.

പ്രീഫാബ് കെട്ടിടങ്ങൾ  ഇപ്പോൾ ട്രെൻഡ് ആവുകയാണ്. ഏത് പരിസ്ഥിതിയിലും ചെലവ് കുറച്ചു നിർമിച്ചെടുക്കാം എന്നതാണ് ഇവയുടെ സവിശേഷത. ആവശ്യം കഴിയുമ്പോൾ ചുരുട്ടി മടക്കി പെട്ടിയിലാക്കി കൊണ്ടുപോവുകയും ചെയ്യാം! എങ്ങനെയുണ്ട് സായിപ്പിന്റെ ബുദ്ധി...