കോവളം ലൈറ്റ് ഹൗസ് നവീകരിച്ചു

ദീപസ്‌തംഭത്തിന്റെ മുകളിലേക്കു സന്ദർശകർക്ക് ഇനി അനായാസം കയറാം. നവീകരിച്ച കോവളം ലൈറ്റ് ഹൗസിലേക്ക് നാളെ 10  മുതൽ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കും. ലൈറ്റ് ഹൗസിനു മുകളിലത്തെ ഗോവണി ഭാഗികമായി മാറ്റി പകരം രണ്ടു ഘട്ടങ്ങളിലായുള്ള ചവിട്ടുപടികൾ സ്ഥാപിച്ചു. പിടിച്ചുകയറാൻ കൈവരിയുമുണ്ട്. 

  അനായാസം മുകളിലേക്കെത്താൻ ഒരു വർഷത്തിലേറെ മുൻപ്് ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിച്ചുവെങ്കിലും ലിഫ്റ്റ് ഇറങ്ങുന്ന സഞ്ചാരികൾക്കു ദീപസ്‌തംഭത്തിന്റെ ബാൽക്കണിയിലെത്താൻ കുത്തനെയുള്ള ഗോവണിപ്പടികൾ കയറണമായിരുന്നു. സ്ത്രീകൾക്കും മറ്റും ഇതു ബുദ്ധിമുട്ടായിരുന്നു. 

   ഇതിനു പരിഹാരമായിട്ടാണ് നൂതനനിർമിതി. ആദ്യഘട്ടത്തിലെ ഗോവണിക്ക് ഏഴു ചവിട്ടുപടികളാണുള്ളത്. ഇതു കയറിയെത്തുന്നതു ചെറിയൊരു പ്ലാറ്റ്ഫോമിലേക്കാണ്. തുടർന്നു രണ്ടാം ഘട്ടത്തിലെ ആറു പടികൾ കയറിയെത്തിയാൽ ബാൽക്കണിയിലെത്താം. സുരക്ഷയുടെ ഭാഗമായി ബാൽക്കണിയിലെ സംരക്ഷണവേലിയുടെ പൊക്കം രണ്ടടി ഉയർത്തിയിട്ടുണ്ട്.