ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്!

ധ്രുവപ്രദേശങ്ങളിൽ കാണുന്ന പ്രകാശ പ്രതിഭാസം അറോറ ബോറിയാലിസ് ഇവിടെ നിന്നാൽ ആസ്വദിക്കാം. സന്ദർശകർക്കായി സ്കീയിങ്, ട്രെക്കിങ്ങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കണ്ണെത്താദൂരത്തോളം മഞ്ഞുമൂടി കിടക്കുന്ന അലാസ്‌കൻ മലനിരകൾ, ചുറ്റിനും വീശിയടിക്കുന്ന കാറ്റ്, മൊബൈൽ നെറ്റ്‌വർക്ക് പോലുമില്ല, മിണ്ടാനും പറയാനും അയൽക്കാരില്ല, രാത്രികളിലെ ശ്മാശാന മൂകത...ഇവിടെ ഒരു വീട് പണിതാൽ എങ്ങനെയിരിക്കും? റോബർട്ട് ഷെൽട്ടണും ഭാര്യ മാർനിയും സഹോദരി കെയ്റ്റും അങ്ങനെയൊരു തീരുമാനമെടുത്തതിൽ നിന്നാണ് ഷെൽട്ടൺ എന്ന വീടിന്റെ പിറവി. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്. ആറായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് എത്താനുള്ള ഏകമാർഗം ഹെലിക്കോപ്റ്ററാണ്.

ചെറിയൊരു ഹെലിപാഡ്. അവിടെ നിന്നും ചെറിയൊരു പാലത്തിലൂടെ വീടിനുള്ളിൽ പ്രവേശിക്കാം. അതിശൈത്യത്തെ പ്രതിരോധിക്കുന്ന കാസ്റ്റ് അയൺ കൊണ്ടാണ് വീടിന്റെ ഫ്രയിമുകൾ നിർമിച്ചിരിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കുന്ന നിർമാണവസ്തുക്കൾ കൊണ്ടാണ് പ്ലാസ്റ്ററിങ്ങും ഫർണിഷിങ്ങും ചെയ്തത്. 

അഞ്ചു കിടപ്പുമുറികളുള്ള വീട്ടിൽ പത്തുപേർക്ക് ഒരേസമയം താമസിക്കാം. ഏത് മുറിയിൽ ഇരുന്നാലും പുറത്തെ കാഴ്ചകൾ ദൃശ്യമാകും. വിശാലമായ ഹാളിനുള്ളിൽ ഒത്തനടുക്കായി താമസക്കാർക്ക് തീകായാനായി നെരിപ്പോട് ഒരുക്കിയിരിക്കുന്നു. ഓപ്പൺ ശൈലിയിലുള്ള ഹാളിൽ തന്നെ ഊണുമുറിയും അടുക്കളയും ക്രമീകരിച്ചിരിക്കുന്നു. കിടപ്പുമുറികളിൽ ഓരോ ദിവസവും അലാസ്‌കൻ മലനിരകളുടെ സൗന്ദര്യം കണികണ്ടുകൊണ്ട് എഴുന്നേൽക്കാൻ പാകത്തിന് ജനാലകൾ നൽകിയിരിക്കുന്നു.

രാത്രിയിൽ മിന്നാമിനുങ്ങിനെ പോലെ വീടിനുള്ളിലെ നുറുങ്ങുവെട്ടം തെളിഞ്ഞുകാണും. ധ്രുവപ്രദേശങ്ങളിൽ കാണുന്ന പ്രകാശ പ്രതിഭാസം അറോറ ബോറിയാലിസ് ഇവിടെ നിന്നാൽ ആസ്വദിക്കാം. സന്ദർശകർക്കായി സ്കീയിങ്, ട്രെക്കിങ്ങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

2300 ഡോളറാണ് ഒരു രാത്രി താങ്ങാനുള്ള വാടക. അതായത് ഏകദേശം ഒന്നരലക്ഷം രൂപ.